ന്യൂദല്‍ഹി: രാഹുല്‍ഗാന്ധി കേന്ദ്ര മന്ത്രിസഭയിലേക്കില്ല. അടുത്തയാഴ്ച്ച നടക്കുന്ന കേന്ദ്ര മന്ത്രിസഭാ പുന:സംഘടനയില്‍ വന്‍തോതിലുള്ള അഴിച്ചുപണി ഉണ്ടാകുമെന്നാണ് സൂചന. രാഹുലിന്റെ മന്ത്രിസഭാ പ്രവേശനം ഏറെ ചര്‍ച്ചാവിഷയമായിരുന്നു. മന്ത്രിസഭയിലേക്ക് രാഹുല്‍ വരുമെന്ന് ഏറെ പ്രതീക്ഷകളുണ്ടായിരുന്നു. സഹോദരി പ്രിയങ്ക ഗാന്ധി ഇപ്പോള്‍ മന്ത്രി സഭയിലേക്കില്ലെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ ആന്റണി, ധനമന്ത്രി പി. ചിദംബരം, ആഭ്യന്തര മന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ, വിദേശകാര്യ മന്ത്രി എസ്.എം കൃഷ്ണ എന്നിവര്‍ പദവിയില്‍ തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന് കേന്ദ്രമന്ത്രിയാവുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പുതിയ മന്ത്രിസഭയില്‍ പുതിയ മുഖങ്ങള്‍ ഉണ്ടാകുമെന്നാണ് കേന്ദ്ര നേതൃത്വവും വിശ്വസിക്കുന്നത്. യു പി എ സര്‍ക്കാരിനെ ബാധിച്ചിരിക്കുന്ന പ്രതിസന്ധികളില്‍ നിന്നുള്ള മാറ്റമാണ് മന്ത്രിസഭാ പുനസംഘടനകൊണ്ട് ഇവര്‍ ലക്ഷ്യമിടുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജനാര്‍ദ്ദന്‍ ദ്വിവേദി ക്യാബിനറ്റ് മന്ത്രിയാകുമെന്നും വാര്‍ത്തകളുണ്ട്. മനീഷ് തിവാരി, മീനാക്ഷി നടരാജന്, ജ്യോതി മിര്‍ധ, മണിക്ക ടാഗോര്‍ എന്നിവരെയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തും. ചിരഞ്ജീവിയും രേണുകാ ചൗധരിയും മന്ത്രിമാരായേക്കുമെന്നാണ് സൂചന.
മാനവ വിഭവശേഷി മന്ത്രിസ്ഥാനത്തുനിന്നും കപില്‍ സിബലിനെ മാറ്റി പകരം ടെലിക്കോം മന്ത്രാലയത്തിന്റെ ചുമതല നല്‍കുമെന്നാണ് സൂചന. സല്മാന് ഖുര്‍ഷിദിന് ന്യൂനപക്ഷ മന്ത്രാലയത്തിന്റെ അധിക ചുമതല നല്‍കുമെന്നാണ് സൂചന. സപ്തംബര്‍ അവസാനത്തോടെ പുനസംഘടന അവസാനിക്കുമെന്നാണ് കരുതുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: