ന്യൂദല്‍ഹി: സേനാ നീക്കങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിന് അലഹാബാദ് ഹൈക്കാടതി മാധ്യമങ്ങള്‍ക്കേര്‍പ്പെടുത്തിയ വിലക്ക് സുപ്രീംകോടതി റദ്ദാക്കി. അലഹബാദ് ഹൈക്കാടതി വിധിക്കെതിരെ പ്രസ്കൗണ്‍സില്‍ ഓഫ് ഇന്ത്യ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. ജസ്റ്റിസുമാരായ എച്ച്.എല്‍.ദത്തു, സി.കെ. പ്രസാദ് എന്നിവരടങ്ങിയ ബെഞ്ചാണ് അലഹാബാദ് ഹൈക്കാടതി ഉത്തരവ് റദ്ദാക്കിയത്.
സൈനിക നീക്കങ്ങളെക്കുറിച്ച് പത്രങ്ങളിലോ, ടിവികളിലോ റിപ്പോര്‍ട്ടുകള്‍ വരുന്നില്ല എന്നത് ഉറപ്പുവരുത്താന്‍ കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങള്‍ക്കും.കേന്ദ്ര ആഭ്യന്തര സെക്രട്ടറി, ഇന്‍ഫര്‍മേഷന്‍ ആന്റ് ബോര്ഡ്കാസ്റ്റിങ് സെക്രട്ടറി ,ഉത്തര്പ്രദേ്ശ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവര്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയത്. ഹൈക്കാടതി ജഡ്ജിമാരായ ഉമാനാഥ് സിംഗ്, വീരേന്ദ്രകുമാര്‍ ദീക്ഷിത് എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്. ദല്‍ഹിയിലേക്ക് കരസേന സൈനിക നീക്കം നടത്തിയെന്ന് 2012 ഏപ്രില്‍ 4ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെതിരെ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിപ്രകാരമാണ് ഹൈക്കോടതി ഉത്തരവ്. എന്നാല്‍ അലഹബാദ് ഹൈക്കാടതി ഉത്തരവ് ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന 19(1)(മ)വകുപ്പ് പ്രകാരമുള്ള മൗലിക അവകാശങ്ങള്‍ക്കെതിരാണെന്ന് മുന്‍ സുപ്രീംകോടതി ജഡ്ജിയും പിസിഐ ചെയര്‍മാനുമായ മാര്‍കണ്ഡേയ കട്ജു സമര്‍പ്പിച്ച പരാതിയില്‍ സൂചിപ്പിച്ചിരിക്കുന്നു. സൈനിക നീക്കങ്ങളെക്കുറിച്ചുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ രാജ്യസുരക്ഷയെ ബാധിക്കില്ലെന്നും കട്ജു നല്കിയ പരാതിയില്‍ പറയുന്നു.
ഇന്ത്യന്‍ സൈന്യം സാമ്രാജിത്വശക്തിയല്ലെന്നും രാജ്യത്തെ ജനങ്ങളുടെതാണെന്നും അദ്ദേഹം പറഞ്ഞു. സൈന്യത്തെക്കുറിച്ചറിയാന് ജനങ്ങള്‍ക്ക് അവകാശമുണ്ട്. സൈനിക ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട ആദര്‍ശ് ,സുഖ്ന തുടങ്ങിയ അഴിമതികളെക്കുറിച്ചുളള മാധ്യമ റിപ്പോര്‍ട്ടുകള്‍ വസ്തുനിഷ്ഠമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം അതിര്‍ത്തിയിലെ സൈനിക നീക്കത്തെക്കുറിച്ചും യുദ്ധകാലത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടിങ്ങുകള്‍ക്കും മാത്രമാണ് ഇത്തരത്തിലുള്ള വിലക്കേര്പ്പെടുത്തേണ്ടതെന്നും കട്ജു വ്യക്തമാക്കി. ദല്‍ഹിയിലേക്ക് കരസേന സൈനിക നീക്കം നടത്തിയെന്ന വാര്‍ത്ത ജനങ്ങളെ ഭീതിയിലാക്കിയതായും പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ സൂചിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: