കൊല്‍ക്കത്ത: ഇടക്കാല തെരഞ്ഞെടുപ്പിനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ലെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് മുലായംസിംഗ് യാദവ്. എന്നാല്‍ ഇതുസംബന്ധിച്ച് ഒരു പ്രവചനത്തിന് തയ്യാറല്ല. 2014-ന് ശേഷമുള്ള കേന്ദ്ര സര്‍ക്കാര്‍ എസ് പിയുടെ പിന്തുണയോടെ മാത്രമേ രൂപീകരിക്കപ്പെടൂവെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ മൂന്നാം മുന്നണിക്ക് സാധ്യതയുള്ളുവെന്നും മുലായം സിംഗ് യാദവ് പറഞ്ഞു. സമാനചിന്താഗതിയുള്ള പാര്‍ട്ടികളുമായി സമാജ്വാദി പാര്‍ട്ടി നല്ല ബന്ധമാണ് പുലര്‍ത്തുന്നതെന്ന് പറഞ്ഞ മുലായം മൂന്നാം മുന്നണി സംബന്ധിച്ച് നിലവില്‍ ചര്‍ച്ചകളൊന്നും നടക്കുന്നില്ലെന്നും വ്യക്തമാക്കി.
കൊല്‍ക്കത്തയില്‍ പാര്‍ട്ടി ദേശീയ എക്സിക്യൂട്ടീവിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുലായം. അടുത്ത തെരഞ്ഞെടുപ്പിലെ സീറ്റ് നേട്ടത്തില്‍ സമാജ്വാദി പാര്‍ട്ടി ഏവരേയും അമ്പരപ്പിക്കുമെന്നും മുലായം പറഞ്ഞു. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് കഴിഞ്ഞ ദിവസം സമാജ് വാദ് പാര്‍ട്ടി വ്യക്തമാക്കിയിരുന്നു.
പ്രധാനപ്പെട്ട പ്രാദേശിക പാര്‍ട്ടിയാണ് തൃണമൂലെങ്കിലും ഇടതുപാര്ട്ടികളുമായാണ് സമാജ്വാദി പാര്‍ട്ടി സഖ്യത്തില്‍ ഏര്‍പ്പെടുന്നത്. രാഹുല്‍ ഗാന്ധിക്ക് രാജ്യത്തെ നയിക്കാനാവില്ലെന്നും അദ്ദേഹത്തെ വിശ്വസിക്കാന്‍ കഴിയില്ലെന്നും സമാജ് വാദ് പാര്‍ട്ടി ചൂണ്ടിക്കാട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: