മുംബൈ: രാജ്യദ്രോഹക്കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്ത കാര്‍ട്ടൂണിസ്റ്റും ഹസാരെ സംഘാംഗവുമായ അസിം ത്രിവേദി ജയില്‍മോചിതനായി. ദേശവിരുദ്ധമായ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചെന്നാരോപിച്ചാണ് ത്രിവേദിയെ അറസ്റ്റ്ചെയ്തത്. മുംബൈ ഹൈക്കോടതി ചൊവ്വാഴ്ച അദ്ദേഹത്തിന് ജാമ്യം അനുവദിച്ചിരുന്നു.
ജയില്‍മോചിതനായ ത്രിവേദിയെ സ്വീകരിക്കാന്‍ ദേശീയപതാകയുമായി നൂറുകണക്കിനാളുകള്‍ ജയിലിന് പുറത്ത് കാത്തിരിക്കുന്നുണ്ടായിരുന്നു. ശനിയാഴ്ച അറസ്റ്റിലായ ത്രിവേദി അഞ്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ജയില്‍മോചിതനായത്. തനിക്കെതിരെയുള്ള രാജ്യദ്രോഹകുറ്റത്തിനെതിരെ പോരാടുമെന്നും ത്രിവേദി പറഞ്ഞു. സര്‍ക്കാരിനെതിരെയുള്ള പോരാട്ടം അവസാനിപ്പിക്കില്ലെന്നും ത്രിവേദി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ആവിഷ്കാരസ്വാതന്ത്ര്യത്തിന് എതിരാണ് ത്രിവേദിയുടെ അറസ്റ്റെന്ന് മാധ്യമങ്ങള്‍ വിമര്‍ശിച്ചിരുന്നു. അഭിപ്രായസ്വാതന്ത്ര്യത്തിനുവേണ്ടി പോരാട്ടം തുടരുമെന്നും ത്രിവേദി കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റില്‍ അശ്ലീലചിത്രങ്ങള്‍ കാണുന്നതിനും മറ്റും വിലക്കില്ല. ഇത്തരമൊരു സംഭവത്തില്‍ ലജ്ജിക്കുന്നതായും ത്രിവേദി അഭിപ്രായപ്പെട്ടു.
അഴിമതിവിരുദ്ധ സംഘടന പ്രവര്ത്തകന് മയാങ്ക് ഗാന്ധിയും ത്രിവേദിയെ സ്വീകരിക്കാനെത്തിയിരുന്നു. 26/11 ഭീകരാക്രമണക്കേസിലെ പ്രതി അജ്മല്‍ കസബിനെ പാര്‍പ്പിച്ചിരിക്കുന്ന ആര്‍തര്‍ ജയിലിനു ചുറ്റും ഇന്നലെ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. തന്നെ പിന്തുണച്ച മാധ്യമപ്രവര്‍ത്തകര്‍ക്കും ത്രിവേദി നന്ദി രേഖപ്പെടുത്തി. തന്റെ പേരിലുള്ള രാജ്യദ്രോഹക്കുറ്റം സര്‍ക്കാര്‍ പിന്‍വലിക്കാത്ത പക്ഷം തനിക്ക് ജാമ്യം ആവശ്യമില്ലെന്നായിരുന്നു ത്രിവേദിയുടെ വാദം.
പിന്നീട് അഴിമതിവിരുദ്ധ സംഘാംഗങ്ങളുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് ത്രിവേദി ജാമ്യത്തിലിറങ്ങിയത്. വിവാദ ചിത്രങ്ങളുടെ പേരില്‍ തന്റെ മേല്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയത് പിന്‍വലിക്കുന്നതുവരെ പോരാടുമെന്നും അദ്ദേഹം പറഞ്ഞു. 5000 രൂപയുടെ ജാമ്യത്തിലാണ് മുംബൈ ഹൈക്കോടതി ത്രിവേദിക്ക് ചൊവ്വാഴ്ച ജാമ്യം അനുവദിച്ചത്.
ദേശീയ ചിഹ്നങ്ങളെ അവഹേളിക്കുന്ന തരത്തിലുള്ള ചിത്രങ്ങള്‍ വരച്ചതിനാണ് അസിം ത്രിവേദിയെ അറസ്റ്റ് ചെയ്തത്. പിന്നീട് ഏഴ് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. ത്രിവേദിയുടെ അറസ്റ്റില്‍ ആഭ്യന്തരവകുപ്പിന് പങ്കില്ലെന്നും വ്യക്തിപരമായ പരാതിയിന്മേലാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്നും മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി ആര്.ആര്. പാട്ടീല്‍ വ്യക്തമാക്കിയിരുന്നു. ത്രിവേദിക്ക് മേലുള്ള കുറ്റങ്ങള്‍ പിന്‍വലിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കിയിരുന്നു.
ദേശീയചിഹ്നത്തില്‍ സിംഹങ്ങള്‍ക്ക് പകരം ചെന്നായ്ക്കളെ വരച്ച് ചേര്‍ക്കുകയും പാര്‍ലമെന്റിനെ പരിഹാസ്യമായി ചിത്രീകരിക്കുകയും ചെയ്ത ചിത്രങ്ങളാണ് വിവാദമായത്.
ഇതിനിടെ രാജ്യദ്രോഹകുറ്റം ചുമത്തി കാര്‍ട്ടൂണിസ്റ്റ് അസിം ത്രിവേദിയെ അറസ്റ്റ്ചെയ്ത സംഭവത്തില്‍ കോണ്‍ഗ്രസിനെതിരെ ബിജെപി നേതാവ് എല്‍.കെ. അദ്വാനി രംഗത്തെത്തി. ഇപ്പോഴത്തെ രാഷ്ട്രീയാവസ്ഥ അടിയന്തരാസ്ഥയെക്കാള് മോശമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ത്രിവേദിയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിനെതിരെ അദ്വാനി രൂക്ഷവിമര്‍ശനമാണ് നടത്തിയത്.
ഇന്നത്തെ രാഷ്ട്രീയസ്ഥിതിയാണ് അടിയന്തരാവസ്ഥക്കാലത്തെങ്കില് അന്തരിച്ച പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെയും അവരുടെ ഭരണത്തെയും കളിയാക്കി കാര്‍ട്ടൂണ്‍ വരച്ച പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് അബു എബ്രഹാമും ജയിലില്‍ പോകേണ്ടിവരുമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2011 ഡിസംബറില്‍ ഹസാരെയുടെ അഴിമതിവിരുദ്ധ സമരത്തിനിടെയാണ് ത്രിവേദി കാര്‍ട്ടൂണ്‍ പ്രദര്‍ശനം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: