ന്യൂദല്‍ഹി: തുടരുന്ന സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമായ വിലക്കയറ്റവും അഴിമതിയില്‍ മുങ്ങിക്കുളിച്ച സര്‍ക്കാരും സ്വന്തം രാജ്യത്തിന്റെ ഭാവിയോര്‍ത്ത് പത്തില്‍ എട്ട് ഇന്ത്യക്കാരും ആശങ്കാകുലരാണെന്ന് സര്‍വെ ഫലം. കഴിഞ്ഞ ദിവസം പ്യൂ റിസര്‍ച്ച് സെന്റര്‍ പുറത്തുവിട്ട സര്‍വെ ഫലമാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. ദിശയറിയാതെ പോകുന്ന രാജ്യത്തിന്റെ ഭാവിയില്‍ 38 ശതമാനം ഇന്ത്യന്‍ ജനത മാത്രമാണ് സംതൃപ്തര്‍. 2011-12 വര്‍ഷത്തെ അപേക്ഷിച്ച് പതിമൂന്ന് ശതമാനം കുറവാണിത്. പതിനേഴ് രാജ്യങ്ങളില്‍ പ്യൂ നടത്തിയ സര്‍വെ പ്രകാരം കേന്ദ്രസര്‍ക്കാരിലുള്ള ജനപ്രതീക്ഷയില് ഏറ്റവുമധികം ഇടിവ് സംഭവിച്ചിരിക്കുന്നതും ഇന്ത്യയിലാണ്. ചൈനയില്‍ 82 ശതമാനവും ബ്രസീലില്‍ 53 ശതമാനവും ജനങ്ങള്‍ തങ്ങളുടെ സര്‍ക്കാരിലും രാജ്യഭാവിയിലും പ്രതീക്ഷയര്‍പ്പിക്കുമ്പോള്‍ അമേരിക്കന്‍ ജനതയില്‍ വെറും 29 ശതമാനം പേര് മാത്രമാണ് ഒബാമ ഭരണത്തിലും തുടര്‍ന്നുണ്ടായ പുരോഗതിയിലും സന്തോഷഭരിതരായിട്ടുള്ളത്.
സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും വിലക്കയറ്റവുമാണ് ഇന്ത്യ നേരിടുന്ന വെല്ലുവിളികളായി സര്‍വെയില്‍ പങ്കെടുത്ത പത്തില്‍ എട്ടുപേരും ചൂണ്ടിക്കാട്ടിയത്. സാമ്പത്തിക സ്ഥിരതയിലുണ്ടായിരുന്ന വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടപ്പെട്ടതായും സര്‍വെ ഫലം വ്യക്തമാക്കുന്നു. ജൂണില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ സാമ്പത്തിക വളര്‍ച്ച 5.5 ശതമാനമായിരുന്നു. കഴിഞ്ഞ വര്‍ഷം ഇക്കാലയളവില്‍ എട്ട് ശതമാനം സാമ്പത്തികവളര്‍ച്ചയാണ് രാജ്യം നേടിയിരുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ഭരണപരാജയമാണ് സാമ്പത്തിക പ്രതിസന്ധിയില്‍ പ്രതിപാദിക്കുന്നത്. കേന്ദ്രസര്‍ക്കാരിനെതിരെയുള്ള അഴിമതികള്‍ ദിനംപ്രതി വര്‍ധിക്കുന്നത് പാര്‍ലമെന്റ് നടപടികള്‍ തടസപ്പെടാന്‍ കാരണമാകുന്നു. തന്മൂലം ഭരണസ്തംഭനം പൂര്‍ണമാകുന്നതായി സര്‍വെയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
കഴിഞ്ഞവര്‍ഷത്തേക്കാള്‍ 60 ശതമാനം ഇടിവ് സംഭവിച്ച സാമ്പത്തികവളര്ച്ചയില്നിന്നും രാജ്യം കരകയറുമെന്ന് പ്രതീക്ഷിക്കുന്നവര്‍ 45 ശതമാനമാണ്. ഇങ്ങനെയൊക്കെയാണെങ്കിലും മൂന്നില്‍ രണ്ട് ഇന്ത്യക്കാരും സ്വന്തം സാമ്പത്തിക ഭദ്രതയില്‍ സംതൃപ്തരാണ്. എന്നാല്‍ രാജ്യത്ത് 50 ശതമാനം പേര് മക്കളുടെ ഭാവിയില്‍ ആശങ്കാകുലരാണെന്നും സര്‍വെ ഫലം വ്യക്തമാക്കുന്നു. ഇന്ത്യക്ക് പുറമെ പാക്കിസ്ഥാന്, ചൈന, ഇറാന് എന്നീ രാജ്യങ്ങളുമായുള്ള ബന്ധം ഭാവിയില്‍ പ്രധാനമാണെന്നും സര്‍വെ അഭിപ്രായപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: