ഓരോ നിമിഷവും പരിപൂര്‍ണസ്വാതന്ത്ര്യവും ആനന്ദവും അനുഭവിക്കുവാനുള്ളതാണ് നമ്മുടെ ജീവിതം. ഭഗവാന്‍ ശ്രീകൃഷ്ണന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നതും ഇതുതന്നെയാണ്. ഒരു സാധാരണ മനുഷ്യന്‍ ജീവിതത്തില്‍ അനുഭവിക്കുന്നതിലും എത്രയോ വലിയ പ്രശ്നങ്ങളാണ് അവിടുന്ന് ജീവിതത്തില്‍ നേടിയിട്ടുള്ളത്. ഭഗവാന്റെ ജനനം തന്നെ ജയിലിലാണ്. അന്നുമുതല്‍ പ്രശ്നങ്ങളും പ്രതിബന്ധങ്ങളുമൊഴിഞ്ഞ ഒരു നിമിഷം പോലും അവിടെ ജീവിത്തില്‍ ഉണ്ടായിട്ടില്ല. പ്രശ്നങ്ങള്‍ പല രൂപത്തിലാണ് കൃഷ്ണന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. കംസനായി, ചാണൂരാനായി, ശകടാസുരനായി, കാളിയനായി, പുത്രനായി, ജരാസന്ദനായി, ശിശുപാലനായി അങ്ങനെ, ജനിച്ച നിമിഷം മുതല്‍ കൃഷ്ണന്റെ ജീവന് പലതരത്തിലുള്ള ഭീഷണികളാണ്. പക്ഷേ ഓരോ വേഷത്തില്‍ മരണം തന്റെ മുമ്പില്‍ പ്രത്യക്ഷപ്പെടുമ്പോഴും കൃഷ്ണന്‍ അതിനെ പുഞ്ചിരിയോടെ നേരിട്ട് തോലിക്കുന്നതാണ് നാം കാണുന്നത്.
ജനനവും മരണവും നമ്മോടൊപ്പമുണ്ട്. അത് എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. ഇപ്പോള്‍ ജനിച്ച ഒരു പിഞ്ചുകുഞ്ഞും തൊണ്ണൂറുവയസ്സായ വൃദ്ധനും ഒരുപോലെ മരണത്തിന്റെ പിടിയിലാണ്. എന്നാല്‍ മരണത്തെനോക്കിക്കൊണ്ട് ഗോഷ്ടികാട്ടാന്‍ കഴിവുള്ളവര്‍ അപൂര്‍വ്വമാണ്. ഭഗവാന്‍ ശ്രീകൃഷ്ണന് അതിന് കഴിഞ്ഞു. ജീവിതത്തിന്റെ എല്ലാ സാഹചര്യത്തിലും ‘സമത്വം, സംയമനം, സന്തോഷം’ ഇതായിരുന്നു ശ്രീകൃഷ്ണന്റെ സന്ദേശം. അതുകൊണ്ടാണ് അദ്ദേഹത്തിന് യുദ്ധക്കളത്തില്‍പ്പോലും പുഞ്ചിരിച്ചുകൊണ്ട് നില്‍ക്കാന്‍ കഴിഞ്ഞത്.
ഒരിക്കല്‍ ഒരു മഹാത്മാവ് പറഞ്ഞു : “എന്നെ ആര്‍ക്കും തോല്‍പിക്കാന്‍ സാധ്യമല്ല.” കേട്ടിരുന്നവരില്‍ ഒരാള്‍ ചാടി എഴുന്നേറ്റ് ചോദിച്ചു, “ആ രഹസ്യം ഞങ്ങള്‍ക്കുകൂടി പറഞ്ഞുതരുമോ? ഞങ്ങള്‍ക്കെല്ലാവര്‍ക്കും ജീവിതത്തില്‍ ജയിക്കാന്‍ മാത്രമാണ് ആഗ്രഹം” മഹാത്മാവ് പറഞ്ഞു: അല്‍പമൊന്ന് ക്ഷമിക്കൂ, ഞാന്‍ മുഴുവന്‍ പറഞ്ഞുകഴിഞ്ഞില്ല. എന്നെ പരാജയപ്പെടുത്താന്‍ കഴിയാത്തത് എനിക്ക് നേടാനൊന്നും ഇല്ലാത്തതുകൊണ്ടും ജയിക്കാന്‍ ആഗ്രഹമില്ലാത്തതുകൊണ്ടുമാണ്. ശ്രീകൃഷ്ണന് ജയിക്കാന്‍ ആഗ്രഹമില്ലായിരുന്നു. അതുകൊണ്ട് തോല്‌വിയും ജയത്തെപ്പോലെ അദ്ദേഹം കൊണ്ടാടിയത്. ജയത്തിലും പരാജയത്തിലും അദ്ദേഹത്തിന്റെ വികാരം തികഞ്ഞപ്രേമമായിരുന്നു.
ഒരിടത്ത് ഏതാനും ശില്‍പികള്‍ വിഗ്രഹം കൊത്തുകയായിരുന്നു. ഒരു വഴിപോക്കന്‍ അതില്‍ ഒരാള സമീപിച്ചു. “നിങ്ങള്‍ എന്തുചെയ്യുകയാണ്.” അയാള്‍ വളരേ ഗൗരവത്തില്‍ തലപോലും ഉയര്‍ത്താതെ ദേഷ്യത്തോടെ പറഞ്ഞു: “എന്താ, കാണാന്‍ പാടില്ലേ, ഞാന്‍ കല്ലുകൊത്തുകയാണ്.” വഴിപോക്കന്‍ മറ്റൊരു ജോലിക്കാരനെ സമീപിച്ച് ഇതേ ചോദ്യം ആവര്‍ത്തിച്ചു. അയാള്‍ അലസഭാവത്തില്‍ ഉളിയും കൊട്ടുവടിയും താഴെവച്ചിട്ട് വഴിപോക്കനെ നോക്കി ദീര്‍ഘനിശ്വാസം വിട്ടുകൊണ്ട് പറഞ്ഞു, “അതേ, ഞാനെന്റെ വയറ്റിപ്പിഴപ്പിന് പണിയെടുക്കുന്നു.” വഴിപോക്കന്‍ മറ്റൊരു ശില്‍പിയെ സമീപിച്ചു. അയാള്‍ ഉല്ലാസവാനായി ഒരു പാട്ടും പാടിയിരുന്ന് കല്ലുകൊത്തുകയാണ്. “നിങ്ങള്‍ എന്തുചെയ്യുകയാണ്” അയാള്‍ പ്രസന്നതയോടെ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു, “ഞാനൊരു ശില്‍പം കൊത്തുകയാണ്…” ഇത് പറഞ്ഞ് അയാള്‍ വീണ്ടും പാട്ടുംപാടി സന്തോഷത്തോടെ പണിതുടര്‍ന്നു. ഇവര്‍ മൂവരും ഒരേ ജോലിയാണ് ചെയ്യുന്നത്. പക്ഷേ മൂന്നുപേരുടെയും മനോഭാവം മൂന്നുതരത്തിലും. ആദ്യത്തെയാള്‍ ശപിച്ചുകൊണ്ട് കര്‍മം ചെയ്യുമ്പോള്‍ രണ്ടാമന്‍ ശരീരത്തിന് വേണ്ടിമാത്രം പണിയെടുക്കുന്നു. എന്നാല്‍ മൂന്നാമന്‍ അതേ കര്‍മ്മത്തെ ആനന്ദകരമായ ഒരു അനുഭവമാക്കിമാറ്റുന്നു. ഇതുപോലെ, ഏതൊരു കര്‍മ്മത്തെയും ആനന്ദകരമാക്കി മാറ്റാനാണ് ശ്രീകൃഷ്ണന്റെ ജീവിത്തില്‍ നിന്നും നാം പഠിക്കേണ്ടത്.
മാതാ അമൃതാനന്ദമയി
















