ഭുവനേശ്വര്‍: ഒഡീഷ നിയമസഭക്ക് പുറത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസിനെ ആക്രമിച്ച സംഭവത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ജഗദീഷ് ടൈറ്റ്ലര്‍ക്കെതിരെ പോലീസ് കേസെടുത്തു. പ്രവര്‍ത്തകരെ അക്രമത്തിന് പ്രേരിപ്പിച്ചുവെന്ന കുറ്റത്തിനാണ് ടൈറ്റ്ലര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. സംഘര്‍ഷത്തിനിടെ പോലീസ് തീര്‍ത്ത ബാരിക്കേട് തകര്‍ത്ത് മുന്നോട്ട് വന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരു വനിതാ പോലീസ് ഉള്‍പ്പെടെ നിരവധിപേരെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. ബാരിക്കേട് തകര്‍ത്ത് മുന്നോട്ട് നീങ്ങാന്‍ പ്രവര്‍ത്തകര്‍ക്ക് ടൈറ്റ്ലര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നതായി പ്രമീള പദ്വി എന്ന പോലീസ് കോണ്‍സ്റ്റബിള്‍ പരാതി നല്‍കിയിരുന്നു. വ്യാഴാഴ്ച്ച ഉണ്ടായ കലാപവുമായി ബന്ധപ്പെട്ട് 33 ഓളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
നിയമസഭക്ക് പുറത്ത് നടന്ന പ്രകടനത്തിനിടെ വനിതാ പോലീസിനെ അക്രമിച്ചവെര അറസ്റ്റ് ചെയ്യണമെന്ന് ഒഡീഷാ പോലീസ് അസോസിയേഷന് ആവശ്യപ്പെട്ടിരുന്നു. കല്‍ക്കരി അഴിമതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നവീന്‍ പട്നായിക് രാജി വെക്കണമെന്നാവശ്യപ്പെട്ടാണ് നിയമസഭക്ക് പുറത്ത് പ്രതിഷേധകര്‍ സമരം ചെയ്തത്. ആയിരക്കണക്കിന് വരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോലീസും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 60ഓളം പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിരുന്നു. വനിതാ പോലീസിനെ മര്‍ദ്ദിക്കുകയും നിരത്തിലൂടെ വലിച്ചിഴക്കുകയും ചെയ്ത സംഭവം വന്‍ വിവാദമായിരുന്നു.
വനിതാ കോണ്‍സ്റ്റബിളിനെ ആക്രമിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് കഴിഞ്ഞദിവസം മാപ്പ് പറഞ്ഞിരുന്നു. ടൈറ്റ്ലറുട നടപടിയെ ന്യായീകരിച്ചുകൊണ്ട് പാര്‍ട്ടി ചീഫ് വിപ്പ് പ്രസാദ് ഹരിചന്ദന് രംഗത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: