ബംഗളൂരു: കുടുംബക്കോടതിയില്‍ വിവാദ പരാമര്‍ശം നടത്തിയ ജഡ്ജി വിവാദത്തില്‍. ഭര്‍ത്താവ് ഭാര്യയെ തല്ലുന്നത് വലിയ കാര്യമല്ലെന്ന പരാമര്‍ശം നടത്തിയ ജസ്റ്റിസ് ഭക്തവല്സലയാണ് വിവാദത്തില്‍ അകപ്പെട്ടത്. ഭര്‍ത്താവ് നിരന്തരം മര്‍ദ്ദിക്കുന്നെന്ന് ആരോപിച്ച് ഭാര്യ സമര്‍പ്പിച്ച പരാതി പരിഗണിക്കവേയായിരുന്നു ജസ്റ്റിസ് ഭക്തവല്‍സലന്റെ പ്രസ്താവന. ഭാര്യയെ നന്നായി സംരക്ഷിക്കുന്ന ഭര്‍ത്താവാണെങ്കില്‍ തല്ലിയാലും പ്രശ്നമില്ലെന്ന് ജസ്റ്റിസ് പറഞ്ഞതായാണ് ആരോപണം.
മര്‍ദ്ദനത്തിന്റെ കാര്യം ഇത്ര ഗൗരവമായി കാണേണ്ടതില്ലെന്ന് സൂചിപ്പിച്ച ജഡ്ജി പരാതിക്കാരിയോട് ഭര്‍ത്താവിനൊപ്പം ഊണ് കഴിച്ച് പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പാക്കി വരാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇതിനെതിരെ വനിതാ അഭിഭാഷകരും സംസ്ഥാന വനിതാ കമ്മീഷനും പ്രതിഷേധം രേഖപ്പെടുത്തിയതിനെത്തുടര്‍ന്നാണ് ജസ്റ്റിസ് ഭക്തവല്‍സലന്റെ പരിഗണനയിലുള്ള കേസുകള്‍ മറ്റൊരു ബെഞ്ചിലേക്ക് മാറ്റിയത്. ജസ്റ്റിസ് ഭക്തവല്‍സലനും ജസ്റ്റിസ് ഇന്ദ്രകലയും അടങ്ങിയ ബെഞ്ചായിരുന്നു കേസ് പരിഗണിച്ചത്. എന്നാല്‍ ഭാര്യയെ തല്ലാന്‍ താന്‍ ഒരിക്കലും അനുവാദം നല്‍കിയിട്ടില്ലെന്നും വാക്കാല്‍ നടത്തിയ നിരീക്ഷണം തെറ്റിദ്ധരിപ്പിക്കുകയാണുണ്ടായതെന്നും ജസ്റ്റിസ് ഭക്തവല്സലന് പറഞ്ഞു. വിവാഹ ജീവിതവും കുടുംബവും സംരക്ഷിക്കാനുള്ള ശ്രമമാണ് തന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞതെല്ലാം മറന്ന് സമാധാനത്തോടെ ജീവിക്കാനാണ് താന്‍ ദമ്പതികളെ ഉപദേശിച്ചതെന്നും എന്നാല്‍ ഇതിന് കടകവിരുദ്ധമായ റിപ്പോര്‍ട്ടാണ് പുറത്ത് വന്നതെന്നും ജസ്റ്റിസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: