ന്യൂദല്‍ഹി: മന്മോഹന് സിംഗിനെക്കുറിച്ച് വാഷിങ്ടണ്‍ പോസ്റ്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിനെതിരെ പ്രധാനമന്ത്രിയുടെ ഓഫീസ് രംഗത്തെത്തി. ദിനപത്രത്തിലെ വിമര്‍ശനം ഏകപക്ഷിയമായിപ്പോയെന്ന് എഡിറ്റര്‍ സൈമണ്‍ ഡെന്യര്‍ക്ക് അയച്ച കത്തില്‍ പറയുന്നു.
ലേഖനം എഴുതിയ വാഷിങ്ങ്ടണ്‍ പോസ്റ്റ് ഇന്ത്യ ബ്യൂറോ ചീഫ് സൈമണ്‍ ഡെന്യറുടെ നടപടി അധാര്‍മികവും പ്രൊഫഷണലിസത്തിനും നിരക്കാത്തതാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. ലേഖനത്തില്‍ പരാമര്‍ശിക്കുന്ന ഒരു കാര്യവും ശരിയല്ല. പ്രധാനമന്ത്രി അഭിമുഖം നല്‍കുന്നില്ലെന്ന ആരോപണം ശരിയല്ല. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം കഴിയുന്നതുവരെ അഭിമുഖം തരില്ലെന്നാണ് വ്യക്തമാക്കിയിരു#നനത്. എട്ടു മാസം മുമ്പ് മാധ്യമ ഉപദേഷ്ടാവ് നടത്തിയ പരാമര്‍ശങ്ങളാണ് റിപ്പോര്‍ട്ടിലുള്ളതെന്നും ഓഫീസ് വ്യക്തമാക്കി.
ലേഖനത്തിന്റെ പശ്ചാത്തലത്തില്‍ വാഷിങ്ങ്ടണ്‍ പോസ്റ്റിന് സമീപിച്ചപ്പോള്‍ രണ്ട് തവണ അവര്‍ ഖേദം രേഖപ്പെടുത്തി. എന്നാല്‍ വിവാദ ലേഖനത്തിന്റെ പേരില്‍ പത്രം പരസ്യമായി മാപ്പ് പറയണമെന്നും പ്രധാനമന്ത്രിയുടെ മാധ്യമഉപദേഷ്ടാവ് പറഞ്ഞു. തങ്ങളുടെ ഭാഗം കേള്‍ക്കാന്‍ സൈമണ്‍ ഒരിക്കലും സമീപിച്ചില്ല. ഒരു വശത്തെക്കുറിച്ച് മാത്രമാണ് ലേഖനത്തില്‍ പ്രതിപാതിച്ചിരിക്കുന്നതെന്നും പ്രധാനമന്ത്രിയുടെ വാര്‍ത്താ വിനിമയ ഉപദേഷ്ടാവ് പങ്കജ് പൗച്ചരി അറിയിച്ചു.
ലേഖനം പ്രസിദ്ധീകരിച്ച യുഎസ് പത്രം മാപ്പ് പറയണമെന്ന് കേന്ദ്രമന്ത്രി അംബികാ സോണി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഖേദപ്രകടനം നടത്തില്ലെന്ന് വാഷിങ്ങ്ടണ്‍ പോസ്റ്റ് ട്വിറ്ററില്‍ അറിയച്ചിരുന്നു. പ്രതികരണത്തിനായി പിഎംഒയെ സമീപിച്ചിരുന്നുവെന്നും അഭിമുഖത്തിന് അനുമതി നിഷേധിക്കപ്പെട്ടതുകൊണ്ടാണ് പ്രതികരണം ഉള്‍പ്പെടുത്താതെ ലേഖനം പ്രസിദ്ധീകരിക്കേണ്ടി വന്നതെന്നും വാഷിങ്ങ്ചണ് പോസ്റ്റ് പറയുന്നു.
അഴിമതിയില്‍ മുങ്ങിയയ സര്‍ക്കാരിനെ നയിക്കുന്നത് കാര്യക്ഷമതയില്ലാത്ത ഉദ്യോഗസ്ഥനാണ് പ്രധാനമന്ത്രി മന്മോഹന് സിംഗെന്നാണ് വാഷിങ്ങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തത്. നിശബ്ദനായ പ്രധാനമന്ത്രി ഒരു ദുരന്ത ചിത്രമായിരിക്കുന്നു എന്നയിരുന്നു ലേഖനത്തിന്റെ തലക്കെട്ട്. അദ്ദേഹത്തിന് കീഴില്‍ ഇന്ത്യയുടെ പതനത്തിന് സമാനതരമായാണ് മന്‍മോഹന്‍സിംഗിന്റെ പ്രതിശ്ചായയുടെ പതനമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
അഴിമതിയില്‍ മുങ്ങിയ രാജ്യം നേരത്തെ പ്രതീക്ഷിക്കപ്പെട്ടതുപോലെ ആഗോള ശക്തിയാകുമോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും വാഷിങ്ങ്ടണ്‍ പോസ്റ്റ് പറഞ്ഞിരുന്നു. ചരിത്രകാരനും, കോളമിസ്റ്റുമായ രാമചന്ദ്ര ഗുഹയെ ഉദ്ധരിച്ചുകൊണ്ടാണ് പത്രം ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്തത്. വളര്‍ച്ച മന്ദഗതിയിലായി രൂപ തകര്‍ന്നടിഞ്ഞു. ഇതിനൊക്കെപ്പുറമെ മന്ത്രിസഭാംഗങ്ങള്‍ കീശ വീര്‍പ്പിക്കുമ്പോള്‍ പ്രധാനമന്ത്രി നിശബ്ദനായിരിക്കുകയാണെന്നും ആക്ഷേപം ഉയരുന്നതായി വാഷിങ്ങ്ടണ്‍ പോസ്റ്റില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: