ന്യൂദല്‍ഹി: സോഷ്യല്‍ മീഡിയകളുടെ നിരുത്തരവാദപരമായ ഉപയോഗം രാജ്യത്തിന്റെ സുരക്ഷക്ക് പുതിയ വെല്ലുവിളിയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ. ഭീകരവാദത്തിന്റെ പ്രധാന ഉപകരണമായാണ് സൈബര്‍ സൈറ്റുകള്‍ ഇപ്പോള്‍ ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതിനുള്ള തെളിവുകള്‍ വര്‍ദ്ധിച്ചുവെന്നും ഷിന്‍ഡെ അറിയിച്ചു.
ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബംഗളൂരുവിലേയും, പൂനെയിലേയും, മഹാരാഷ്ട്രയിലേയും, മറ്റ് സംസ്ഥാനങ്ങളിലും അടുത്തിടെ കണ്ട് വന്ന സംഭവങ്ങള്‍ ഇതിനുള്ള തെളിവാണ്. സൈബര്‍ കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതിന് പോലീസ് ഉദ്യോഗസ്ഥര്‍ അവരുടെ കഴിവുകള്‍ വര്‍ദ്ധിപ്പിക്കണമെന്നും പ്രാദേശികതലത്തിലുള്ള അന്വേഷണത്തിന് പകരം ആരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെന്ന് കണ്ടെത്താന്‍ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ദേശീയ ഭീകര വിരുദ്ധകേന്ദ്രം സംബന്ധിച്ച് ഷിന്‍ഡെ യാതൊരു പ്രസ്താവനയും നടത്തിയില്ല. അതിര്‍ത്തിയിലൂടെ ഭീകരരെ കടത്തിവിടുന്ന പാക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക സംഘടനയെക്കുറിച്ചുള്ള വിവരങ്ങള്‍ അടങ്ങിയ നോട്ടീസ് എല്ലാ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ക്കും അയക്കാന്‍ ഷിന്‍ഡെ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതിര്‍ത്തി കടന്നുള്ള ഭീകരക്രമണത്തെ ചെറുക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഭീകരവാദ ഭീഷണിയെ ചെറുക്കുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്നും അതിനുള്ള കഴിവ് വര്‍ദ്ധിപ്പിക്കണമെന്നും അദ്ദേഹം പോലീസ് ഉദ്യോഗസ്ഥരോട് ആഹ്വാനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: