ന്യൂദല്‍ഹി: അസം കലാപത്തിന്റെ പശ്ചാത്തലത്തില്‍ ഭീഷണി സന്ദേശങ്ങള്‍ പ്രചരിപ്പിച്ച 37 പേരെക്കൂടി അറസ്റ്റ് ചെയ്തതായി സര്‍ക്കാര്‍ അറിയിച്ചു. ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനാണ് ഇക്കാര്യം രാജ്യസഭയെ അറിയിച്ചത്.
24 പേരെ കര്‍ണാടകയില്‍ നിന്നുമാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് 17 കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. പൂനെയില്‍ നിന്നാണ് മറ്റുള്ളവരെ അറസ്റ്റ് ചെയ്തത്. ആസാം കലാപത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലുള്ളവരെ ആക്രമിക്കുമെന്നായിരുന്നു ഭീഷണി സന്ദേശം. ഇതേത്തുടര്‍ന്ന് കര്‍ണാടക, പൂനെ, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നും വടക്ക് കിഴക്കന്‍ സംസ്ഥാനക്കാര്‍ കൂട്ടത്തോടെ പലായനം ചെയ്തിരുന്നു.
സന്ദേശങ്ങളുടെ ഉറവിടം പാക്കിസ്ഥാനില്‍ നിന്നാണെന്ന് കണ്ടെത്തിയിരുന്നു. ഇന്ത്യയില്‍ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചത് നിരോധിത സംഘടനയായ ഹുജിയും പോപ്പുലര്‍ ഫ്രണ്ടുമാണെന്ന് സൈബര്‍ സെക്യൂരിറ്റി ഏജന്‍സി കണ്ടെത്തിയിരുന്നു. മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സൈറ്റുകളില്‍ അപ്ലോഡ് ചെയ്ത് വര്‍ഗീയ വിദ്വേഷം ഉണ്ടാക്കുകയായിരുന്നു ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഭീകരസംഘടനകളുടെ ലക്ഷ്യമെന്നും ഭാവിയില്‍ ഇത്തരം നടപടികള്‍ തടയാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സൈറ്റുകളില്‍ നിന്നും സന്ദേശങ്ങള്‍ നീക്കം ചെയ്തതായും മുല്ലപ്പള്ളി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: