ചെന്നൈ: തമിഴ്നാട്ടില്‍ ശ്രീലങ്കന്‍ വിരുദ്ധപ്രക്ഷോഭം ശക്തമാകുന്നതിനിടെ ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ്ര രജപക്സെയുടെ ഇന്ത്യ സന്ദര്‍ശനം വിവാദമാകുന്നു. ബുദ്ധന് ബോധോദയം ലഭിച്ചതിന്റെ 2600 വാര്‍ഷികാഘോഷങ്ങളില്‍ പങ്കെടുക്കാനാണ് രജപക്സെ സെപറ്റംബര്‍ 21ന് ഇന്ത്യയിലെത്തുന്നത്. രജപക്സെയുടെ സന്ദര്‍ശനം തടയണമെന്നാവശ്യപ്പെട്ട് തമിഴ്നാട്ടിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്.
രജപക്സെയെ സാഞ്ചിയിലെ ആഘോഷങ്ങള്‍ക്ക് ക്ഷണിക്കരുതെന്ന് എംഡിഎംകെ നേതാവ് വൈക്കോ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെഴുതിയ കത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.
രജപക്സെയുടെ ഭരണത്തിനിടെ ശ്രീലങ്കയില്‍ നൂറുകണക്കിന് തമിഴര്‍ കൊല്ലപ്പെട്ടിരുന്നു. അങ്ങനെയിരിക്കെ സാഞ്ചിയിലെ ആഘോഷങ്ങള്‍ക്ക് അദ്ദേഹത്തെ ക്ഷണിച്ചതറിഞ്ഞ് തമിഴ് ജനത അദ്ഭുതപ്പെട്ടിരിക്കുകയാണെന്നും വൈക്കോ കത്തില്‍ സൂചിപ്പിച്ചിരിക്കുന്നു. തമിഴ് ജനതയുടെ വികാരത്തെ മാനിച്ച് അദ്ദേഹത്തിന്റെ ക്ഷണം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യാ സന്ദര്‍ശനത്തിനെത്തുന്ന രജപക്സെക്കെതിരെ തന്റെ പാര്‍ട്ടി അനുയായികള്‍ കരിങ്കൊടികാണിക്കുമെന്നും വൈക്കോ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, രാഷ്ട്രീയപാര്‍ട്ടികളുടെ അഭ്യര്‍ത്ഥനയെ അവഗണിച്ച് സെപ്റ്റംബര്‍ 21ന് സാഞ്ചിയില്‍ നടക്കുന്ന പരിപാടിയിലേക്ക് രാജപക്സെയെ ക്ഷണിക്കാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചു. രജപക്സെയായിരിക്കും ബുദ്ധിസ്റ്റ് സ്റ്റഡീസ് സര്‍വകലാശാലയുടെ ശിലാസ്ഥാപനം നിര്‍വഹിക്കുക. അദ്ദേഹത്തിന് വേണ്ടി കനത്ത സുരക്ഷാസന്നാഹങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും മധ്യപ്രദേശ് സര്‍ക്കാര്‍ അറിയിച്ചു. രജപക്സെയുടെ സുരക്ഷാ ഉദ്യോഗസ്ഥരെക്കൂടാതെയാണ് ഇത്.
ലോക്സഭാ പ്രതിപക്ഷനേതാവ് സുഷമാ സ്വാരാജാണ് സാഞ്ചിയിലെ ആഘോഷങ്ങള്‍ക്ക് ശ്രീലങ്കന്‍ പ്രസിഡന്റ് രാജപക്സെയെ ക്ഷണിച്ചത്. രാജപക്സെയെക്കൂടാതെ ഭൂട്ടാന് പ്രധാനമന്ത്രി ജിമി യോസര്‍ തിന്‍ലി, തായ്ലാന്റ് രാജകുമാരി മഹാ ചക്രി സിറിന്തോണ്, മ്യാന്മറിലെ ചില പ്രമുഖ ബുദ്ധമതസന്ന്യാസികളും ആഘോഷങ്ങളില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: