കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെയും ഭരണകൂടത്തെയും വിമര്‍ശിച്ച പുസ്തകത്തിന് വിലക്ക്. മമതയെ പരാമര്‍ശിക്കുന്ന തരത്തിലുള്ള പുസ്തകത്തിന്റെ വില്‍പ്പന നിര്‍ത്തിവയ്ക്കാന്‍ ബംഗാള്‍ സര്‍ക്കാര്‍ പ്രസാധകര്‍ക്ക് നിര്‍ദ്ദേശം നല്കി.
ഐപിഎസ് ഉദ്യോഗസ്ഥനായ നസ്റുല്‍ ഇസ്ലാമിന്റെ മുസല്മാന്ദര് കി കരാണിയ (മുസ്ലീംങ്ങള്‍ ചെയ്യേണ്ടത്) എന്ന പുസ്തകത്തിനാണ് വിലക്ക്. സംസ്ഥാനത്തെ മുസ്ലീംങ്ങളോടുള്ള മമത ഭരണകൂടത്തിന്റെ ഇരട്ടത്താപ്പ് നയത്തെ പുസ്തകത്തില്‍ വിമര്‍ശിക്കുന്നുണ്ട്. ഇതാണ് മമതയെ ചൊടിപ്പിച്ചത്. ഒരുമാസം മുമ്പാണ് പുസ്തകം പ്രകാശനം ചെയ്തത്. കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന് മിത്ര ആന്റ് ഘോഷാണ് പുസ്തകത്തിന്റെ പ്രസാധകര്.
ഇതിനിടെ കഴിഞ്ഞദിവസം പ്രസാധകരുടെ ഓഫീസ്,വില്‍പ്പന കൗണ്ടര്‍,ഗോഡൗണ്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കൊല്‍ക്കത്ത പോലീസിന്റെ എന്‍ഫോഴ്സ്മെന്റ് അധികൃതരുടെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തിയിരുന്നു. കൂടാതെ പുസ്തകം വില്‍ക്കരുതെന്നും നിര്‍ദ്ദേശം പാലിച്ചില്ലെങ്കില്‍ അറസറ്റ് ചെയ്യുമെന്നും പ്രസാധകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മമത സര്‍ക്കാരിന്റെ ഈ നിലപാടിനെതിരെ പ്രമുഖ സിനിമാ നിര്‍മ്മാതാവായ മൃണാല്‍ സെന്‍, എഴുത്തുകാരന് സുനില്‍ ഗംഗോപാധ്യായ ഉള്‍പ്പെടെ നിരവധിപ്പേര്‍ രംഗത്തെത്തിയിട്ടുണ്ട്.
സര്‍ക്കാര്‍ വിരുദ്ധ അഭിപ്രായങ്ങള്‍ എഴുതിയതിനാല്‍ ഇടതു മുന്നണി സര്‍ക്കാരിന്റെ കണ്ണിലെ കരടായി മാറിയിരുന്നു ഐപിഎസ് ഉദ്യോഗസ്ഥനായ നസ്റുല്‍. എന്നാല്‍ ഒരു സര്‍ക്കാര്‍ അനുകൂല ദിനപത്രത്തില്‍ വന്ന വിമര്‍ശനങ്ങളാണ് അദ്ദേഹത്തിന്റെ പുസ്തകത്തിനെതിരെ നീങ്ങാന്‍ ബംഗാള്‍ ഭരണകൂടത്തെ പ്രേരിപ്പിച്ചതെന്നും ചില റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നത്. മമത റെയില്‍വെ മന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തെ റെയിവെയിലെ സുരക്ഷാ ഉദ്യോഗസ്ഥനായി നിയമിച്ചിരുന്നു.മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസ് ഭരണത്തില്‍ വന്നപ്പോള്‍ നസ്റുലിനെ ആഭ്യന്തരമന്ത്രാലയത്തിന്റെ കീഴില്‍ പ്രത്യേക ചുമതല നല്‍കുകയായിരുന്നു. അദ്ദേഹമിപ്പോള്‍ പശ്ചിമബംഗാള്‍ പോലീസിലെ( പരിശീലനം) അഡീഷണല്‍ ഡയറക്ടര്‍ ജനറലാണ്.
നിരവധി പുരസ്ക്കാരങ്ങള്‍ക്കും അദ്ദേഹം അര്‍ഹനായിട്ടുണ്ട്. പുസ്തകത്തിന് വിലക്കേര്‍പ്പെടുത്തിയ മമത ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കാനിരിക്കുകയാണ് നസ്റുല്‍ ഇസ്ലാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: