ചെന്നൈ: പരിശീലനത്തിന് തമിഴ്നാട്ടിലെത്തിയ ശ്രീലങ്കന്‍ കോളേജ് ഫുട്ബോള്‍ താരങ്ങളെ തിരിച്ചയക്കാന്‍ മുഖ്യമന്ത്രി ജയലളിത ഉത്തരവിട്ടു.ശ്രീലങ്കയില്‍ നിന്നും മാച്ചില്‍ പങ്കെടുക്കുന്നതിനുവേണ്ടിഎത്തിയ വിദ്യാര്‍ത്ഥികളാണ് ഇവര്‍.എന്നാല്‍ ശ്രീലങ്കയില്‍ തമിഴ് ജനത അനുഭവിച്ചുകൊണ്ടിരിക്കുന്ന പീഡനങ്ങളെക്കുറിച്ച് ചിന്തിക്കണമെന്നും തമിഴ് ജനതയുടെ വികാരങ്ങള്‍ വ്രണപ്പെടുത്തുന്നത് കേന്ദ്ര സര്‍ക്കാര്‍ പതിവാക്കിയെന്നും ഇത്തരം പ്രവൃത്തികള്‍ അനുവദിക്കാനാവില്ലെന്നും ജയലളിത വ്യക്തമാക്കി.
ശ്രീലങ്കന്‍ ഫുട്ബോള്‍ ടീമിനെ നെഹ്റു സ്റ്റേഡിയത്തില്‍ കളിക്കാന്‍ അനുവദിച്ച ഉദ്യോഗസ്ഥനെ മുഖ്യമന്ത്രി ജയലളിത സസ്പെന്‍ഡ് ചെയ്തു.തമിഴ്നാട് കസ്റ്റംസ് സേനയുമായി കഴിഞ്ഞ 31 ന് സ്റ്റേഡിയത്തില്‍ സൗഹൃദ മത്സരം നടത്താന്‍ കൊളംബോ റോയല്‍ കോളേജ് ടീമിന് ഉദ്യോഗസ്ഥര്‍ വാക്കാല്‍ അനുമതി നല്‍കിയിരുന്നു. തമിഴ്നാട് ഉദ്യോഗസ്ഥരുടെ അനുമതിയില്ലാതെ മത്സരത്തിന് അനുമതി നല്‍കിയതിനാലാണ് ഇയാളെ സസ്പെന്‍ഡ് ചെയ്തത്.അതേസമയം സംഭവത്തെക്കുറിച്ച് ഉദ്യോഗസ്ഥ തല അന്വേഷണം നടത്താനും ജയലളിത ഉത്തരവിട്ടിട്ടുണ്ട്. തമിഴ്നാട്ടില്‍ ശ്രീലങ്കന്‍ പൗരന്മാര് ഉള്‍പ്പെടുന്ന ചടങ്ങുകള്‍ നടത്തരുതെന്ന്ഉറപ്പുവരുത്താന് ചീഫ് സെക്രട്ടറി ദേബേന്ദ്രനാഥ് സാരംഗിക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ശ്രീലങ്കയില്‍ തമിഴ് വംശജര്‍ പ്രശ്നങ്ങള്‍ നേരിടുന്ന സാഹചര്യത്തിലാണ് ജയലളിത ഇത്തരത്തിലുള്ള നടപടി എടുത്തത്. ശ്രീലങ്കന്‍ സൈന്യത്തിന് തമിഴ്നാട്ടിലും ഇന്ത്യയിലൊരിടത്തും പരിശീലനം നല്‍കരുതെന്ന് ജയലളിത കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സ്വീകരിക്കുന്ന മൃദുസമീപനത്തില്‍ പ്രതിക്ഷേധിച്ചാണ് ഈ നടപടി.എന്നാല്‍ മത്സരത്തിന് അനുമതി നല്‍കേണ്ടത് തമിഴ്നാട് സ്പോര്‍ട്സ് ഡെവലപ്മെന്റ് അതോറിറ്റിയാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.വേലമ്മാര് ഹയര്‍ സെക്കന്‍ഡറി സ്കൂളുമായി പ്രദര്‍ശന മത്സരം കളിക്കാനെത്തിയ ലങ്കയിലെ രതിനപുര ഹില്ബേണ് ഇന്റര്‍നാഷണല്‍ സ്കൂള്‍ ഫുട്ബോള്‍ ടീമിനോട് എത്രയും വേഗം മടങ്ങാനും തമിഴ്നാട് വിട്ടുപോകാനും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: