ന്യൂദല്‍ഹി: കാവേരി നദീജലതര്‍ക്കത്തില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം. പ്രധാനമന്ത്രി അധ്യക്ഷനായ കാവേരി റിവര്‍ അതോറിറ്റിയുടെ യോഗം വിളിച്ചു ചേര്‍ക്കാത്തതാണ് വിമര്‍ശനത്തിന് കാരണമായത്.
കോടതി നിര്‍ദേശങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫിസ് അറിയാതെപോകുന്നത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. കാവേരി ജലഅതോറിറ്റി ഉടന്‍ ചേരണമെന്നും ഇതിന് കൂടുതല്‍ സമയം അനുവദിക്കാന്‍ കഴിയില്ലെന്നും ജസ്റ്റിസ് ഡി.കെ.ജയിന് വ്യക്തമാക്കി. കേസ് അടുത്ത വെള്ളിയാഴ്ചത്തേക്ക് മാറ്റി.
പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ തമിഴ്നാട്, കര്‍ണാടക മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെട്ട സമിതിയുടെ യോഗം വിളിച്ചു ചേര്‍ക്കുന്നതിലാണ് പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയത്. കര്‍ണാടകവും തമിഴ്നാടും തമ്മില്‍ കാവേരി നദീജലം പങ്കിടുന്നത് സംബന്ധിച്ച തര്‍ക്കം പരിഹരിക്കാനാണ് സമിതി രൂപവത്കരിച്ചത്.
സമിതിയുടെ യോഗം ഉടന്‍ വിളിച്ചുചേര്‍ക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ തമിഴ്നാട്, കര്‍ണാടക, കേരളം, പുതുച്ചേരി സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചിട്ടുണ്ടെന്നും കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ യോഗം ഇതുവരെ നടന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: