ന്യൂദല്‍ഹി: കല്‍ക്കരി ഖനന വിഷയത്തില്‍ പാര്‍ലമെന്റിന്റെ ഇരു സഭകളും ഇന്നും സ്തംഭിച്ചു. തുടര്‍ച്ചയായ ഒന്‍പതാം ദിവസമാണ് മഴക്കാല സമ്മേളനം കല്‍ക്കരി വിഷയത്തില്‍ മുങ്ങുന്നത്. രാവിലെ സഭ തുടങ്ങിയപ്പോള്‍ തന്നെ ബിജെപി അംഗങ്ങള്‍ രാജ്യസഭയിലും ലോക്സഭയിലും ബഹളം വച്ചു. തുടര്‍ന്ന് ഉച്ചയ്ക്ക് 12 മണിവരെ ഇരുസഭകളും നിര്‍ത്തിവെച്ചു.
12 മണിക്ക് ലോക്സഭ വീണ്ടും ചേര്‍ന്നപ്പോള്‍ ബഹളം ആവര്‍ത്തിച്ചതിനെ തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിയുന്നതായി സ്പീക്കര്‍ മീരകുമാര്‍ അറിയിച്ചു. ബഹളത്തിനിടെ ജോലി സ്ഥലത്ത് സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്ന ബില്‍ സഭ പാസാക്കി. അന്തരിച്ച മുന്‍മന്ത്രി കാന്‍ഷിറാം റാണയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചാണ് രാവിലെ പാര്‍ലമെന്റ് നടപടികള്‍ ആരംഭിച്ചത്.
അനുശോചനം രേഖപ്പെടുത്തിയതിന് തൊട്ടുപിന്നാലെ ലോക്സഭയില്‍ ബഹളം തുടങ്ങി. ബിജെപി അംഗങ്ങള്‍ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സഭയുടെ നടുത്തളത്തില്‍ ഇറങ്ങി മുദ്രാവാക്യം വിളിക്കുകയായിരുന്നു. ബഹളത്തെ തുടര്‍ന്ന് രാജ്യസഭയിലും നടപടികള്‍ തടസപ്പെട്ടതിനാല്‍ ചെയര്മാന് ഹമീദ് അന്‍സാരി സഭ നിര്‍ത്തിവയ്ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: