മണിപ്പൂര്‍: മണിപ്പൂരിലേക്ക് കടക്കാന്‍ ശ്രമിച്ച അറുപതോളം അനധികൃത കുടിയേറ്റക്കാരെ പോലീസ് പിടികൂടി മടക്കിയയച്ചു. മണിപ്പൂര്‍-ആസാം അതിര്‍ത്തിയിലെ ജിറിബാം ചെക്ക്പോസ്റ്റ് വഴിയാണ് ഇവര്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചത്. തൊഴിലാളികളായ ഇവരുടെ കൈവശമുണ്ടായിരുന്ന രേഖകള്‍ പോലീസ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. പിടിയിലായ അറുപത് പേരും മണിപ്പൂരി ഭാഷയല്ല സംസാരിക്കുന്നത്. ബംഗ്ലാദേശില്‍നിന്നുള്ള പൗരന്മാരെന്നാണ് അധികൃതരുടെ നിഗമനം.
നിയമപരമായ ഒരു രേഖയും ഇവരുടെ പക്കല്‍നിന്നും കണ്ടെത്താനായിട്ടില്ല. അതുകൊണ്ടുതന്നെ മണിപ്പൂരിലേക്ക് കടക്കാന്‍ ഇവരെ അനുവദിച്ചില്ലെന്നും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ മാസം 30 ന് മണിപ്പൂരിലെ തൊബാല് ജില്ലയിലേക്ക് കടക്കാന്‍ ശ്രമിച്ച 43 അനധികൃത കുടിയേറ്റ തൊഴിലാളികളെക്കുറിച്ചുള്ള വിവരങ്ങള്‍ അധികൃതര്‍ സംസ്ഥാനസര്‍ക്കാരിനെ അറിയിച്ചിരുന്നു.
അധികൃതര്‍ നടത്തിയ തെരച്ചിലില്‍ 24 ബംഗ്ലാദേശി കുടിയേറ്റക്കാരെ ഇംഫാലില്‍നിന്നും കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. മ്യാന്മര് പൗരന്മാരായ 19 പേരെ ലി ലോങ്ങ് ജില്ലയില്‍നിന്നും പിടികൂടിയിരുന്നു.
സംസ്ഥാനത്തേക്ക് കടക്കാന്‍ ശ്രമിച്ച അറുപതോളം അനധികൃത കുടിയേറ്റക്കാരുടെ വിഷയം ഗൗരവമായാണ് കാണുന്നതെന്ന് മണിപ്പൂര്‍ ഡിജിപി വൈ. ജോയികുമാര്‍ പറഞ്ഞു. സംസ്ഥാനത്തേക്ക് കടക്കാന്‍ ഇവര്‍ നടത്തിയ എല്ലാ പരിശ്രമങ്ങളും തടഞ്ഞിട്ടുണ്ടെന്നും പിടികൂടിയവരെ എല്ലാവരേയും അവരവരുടെ സ്ഥലങ്ങളിലേക്ക് മടക്കിയയച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അനധികൃത കുടിയേറ്റം ശക്തമായിരിക്കുന്ന സാഹചര്യത്തില്‍, ആസാം-മണിപ്പൂര്‍ അതിര്‍ത്തിയിലും മണിപ്പൂര്‍-നാഗാലാന്റ് അതിര്‍ത്തിയിലും മണിപ്പൂര്‍-മ്യാന്മര് അതിര്‍ത്തിയിലും പരിശോധന കര്‍ശനമാക്കാന്‍ മണിപ്പൂര്‍ ആഭ്യന്തരമന്ത്രി ഗയ്ഖങ്കം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്ത് അനധികൃതമായി കുടിയേറിയിരിക്കുന്ന വിദേശ തൊഴിലാളികളെ കണ്ടെത്തി തിരിച്ചയക്കുവാനും പോലീസിന് അദ്ദേഹം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അനധികൃത നുഴഞ്ഞുകയറ്റം തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയവും മണിപ്പൂര്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അനധികൃത കുടിയേറ്റക്കാരായ 24 ബംഗ്ലാദേശി തൊഴിലാളികള്‍ ഇപ്പോള്‍ ജയിലിലുണ്ട്. മ്യാന്മറില്നിന്നുള്ള കുടിയേറ്റ തൊഴിലാളികളും പോലീസ് കസ്റ്റഡിയിലുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: