മുംബൈ: രാജ്യത്തെ നീതിന്യായസംവിധാനം പുനഃസംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ് പറഞ്ഞു. ബോംബെ ഹൈക്കോടതിയുടെ നൂറ്റി അമ്പതാം വാര്‍ഷിക ആഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നീതിന്യായ സംവിധാനം മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ നിരവധി നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. നീതിന്യായ രംഗത്തെ സുതാര്യതയും കേസുകളിലെ കാലതാമസവും ഒഴിവാക്കാന്‍ ലക്ഷ്യമിട്ട് നാഷണല്‍ മിഷന് ഫോര്‍ ജസ്റ്റീസ് ഡെലിവറി സംവിധാനം രൂപീകരിച്ച കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി.
കോടതി നടപടികള്‍ മെച്ചപ്പെടുത്തുന്നതിനും മികച്ച നീതിന്യായ സംവിധാനം നടപ്പാക്കാനുമുള്ള നടപടികള്‍ നിയമകമ്മീഷന് ചെയര്‍മാന്റെ നേതൃത്വത്തില്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകളില്‍ 2011 ജൂലൈ മുതല്‍ ഡിസംബര്‍ വരെ ആറ് ലക്ഷത്തിലധികം എണ്ണത്തിന്റെ കുറവുണ്ടായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഹൈക്കോടതി ജഡ്ജിമാരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്തുന്നതിനുള്ള ബില്ല് പാര്‍ലമെന്റിന്റെ പരിഗണനയിലാണ്. ഓള് ഇന്ത്യാ ജുഡീഷ്യല്‍ സര്‍വീസ് രൂപീകരിക്കാനുള്ള വിപുലമായ നിര്‍ദേശം ലഭിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യന്‍ ഭരണഘടനയുടെ ശില്പിയായ ബാബാസാഹേബ് അംബേദ്കറിന്റെ പ്രതിമ മുംബൈയില്‍ സ്ഥാപിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. ഈ ആവശ്യമുന്നയിച്ച് തന്നെ കാണാനെത്തിയ മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാന്റെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘത്തിനാണ് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയത്.
പ്രതിമ സ്ഥാപിക്കുന്നതില്‍ കേന്ദ്രത്തിലെ വിവിധ വകുപ്പുകളില്‍ നിന്ന് എതിര്‍പ്പുയര്‍ന്ന കാര്യവും ചവാന് പ്രധാനമന്ത്രിയുടെ ശ്രദ്ധയിര്പ്പെടുത്തി. പ്രതിമ സ്ഥാപിക്കുന്നതിനുള്ള എതിര്‍പ്പുകള്‍ പരിഹരിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പു നല്‍കിയെന്ന് അദ്ദേഹം പറഞ്ഞു. പ്രതിമ സ്ഥാപിക്കുന്നതിനുള്ള നടപടികളില്‍ കാലതാമസം വരുന്നതില്‍ പ്രധാനമന്ത്രി അത്ഭുതം പ്രകടിപ്പിച്ചതായും ചവാന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: