ജനങ്ങളുടെ സേവനാവകാശം ഉറപ്പുവരുത്തുന്ന കേരള സംസ്ഥാന സേവനാവകാശനിയമം പാസായതോടെ സര്‍ക്കാര്‍ സേവനം ഇനി ഔദാര്യമായി കണക്കാക്കാതെ അവകാശമായിത്തന്നെ ജനങ്ങള്‍ക്ക് കാണാം. പുതിയ നിയമപ്രകാരം ഓരോ സര്‍ക്കാര്‍ ഓഫീസും ഉറപ്പുവരുത്തിയിട്ടുള്ള സേവനങ്ങള്‍ ആറുമാസത്തിനുള്ളില്‍ വിജ്ഞാപനം ചെയ്യും. അഴിമതിക്കെതിരെയുള്ള ഏറ്റവും വലിയ നടപടി അഴിമതിക്കുള്ള അവസരങ്ങള്‍ ഇല്ലാതാക്കുകയാണെന്നും അതിനുള്ള പഴുതുകളാണ് ഈ നിയമം അടയ്ക്കുന്നതെന്നുമാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രസ്താവിക്കുന്നത്. ഇന്ന് ജനന-മരണ സര്ട്ടിഫിക്കറ്റുകള്ക്കുവരെ കോഴ കൊടുക്കേണ്ട ഗതികേടില്‍നിന്ന് രക്ഷപ്പെടാന്‍കൂടിയാണ് നിയമം ഉറപ്പാക്കുന്നത്. സര്‍ക്കാരിന്റെ 12 സേവനങ്ങളും പോലീസിന്റെ പത്ത് സേവനങ്ങളും സേവനാകാശ നിയമം ഉറപ്പുവരുത്തുന്നതോടെ സേവനങ്ങള്‍ നിശ്ചിത പരിധിക്കുള്ളില്‍ ലഭിക്കുമെന്ന പ്രതീക്ഷയും നല്കുന്നു. ഏത് ഓഫീസില്‍ ആരുടെ അടുക്കല്‍ അപേക്ഷ നല്‍കണമെന്ന് വിജ്ഞാപനവുമിറക്കും. മുഖ്യമന്ത്രി പ്രസ്താവിക്കുന്നതുപോലെ നടന്ന് നടന്ന് ചെരുപ്പ് തേഞ്ഞ്, സര്‍ക്കാര്‍കാര്യം മുറപോലെ മുതലായ പഴഞ്ചൊല്ലുകള്‍ ചരിത്രമാകണമെന്ന പ്രതീക്ഷതന്നെയാണ് സേവനാവകാശ നിയമം ജനങ്ങള്‍ക്ക് തരുന്നത്. സമയപരിധിക്കുള്ളില്‍ ആവശ്യപ്പെട്ട സേവനം ലഭിച്ചില്ലെങ്കില്‍ അതിനുള്ള കാരണം ബോധ്യപ്പെടുത്താന്‍ ഉദ്യോഗസ്ഥസമൂഹം ബാധ്യസ്ഥമാകുമ്പോള് അവര്‍ ജനങ്ങളോട് പ്രതിബദ്ധത പുലര്‍ത്തേണ്ടിവരും.
വിവരാവകാശ നിയമത്തിന് ശേഷം ഏറ്റവും ജനോപകാരപ്രദമായ നിയമംതന്നെയാണ് സേവനാവകാശനിയമം. ഇന്ന് അപേക്ഷകള്‍ സമര്‍പ്പിച്ച് ജനങ്ങള്‍ കാത്തിരിക്കുമ്പോള്‍ അവ കുന്നുകൂടുന്നു. അതില്‍നിന്നും ഒരപേക്ഷക്കുള്ള മോചനം കൈക്കൂലിയാണല്ലോ. സേവനാവകാശനിയമം പ്രയോജനപ്പെടുത്താന്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതോടൊപ്പം നിര്‍ദ്ദിഷ്ട ഉദ്യോഗസ്ഥരെയും അപ്പീല്‍ ഉദ്യോഗസ്ഥരെയും നിയമിക്കാനും സെക്രട്ടറിയേറ്റില്‍ കൂടുതല്‍ സേവന മേഖലകളെ ഉള്‍പ്പെടുത്താനും നീക്കമുണ്ട്. ഏറ്റവും അത്യാവശ്യമുള്ളതും ജനന-മരണ-ജാതി-വരുമാന-വാസസ്ഥല സര്‍ട്ടിഫിക്കറ്റുകള്‍, ജലവിതരണ കണക്ഷനുകള്‍, റേഷന്‍കാര്‍ഡ് മുതലായവയാണ് ആദ്യഘട്ടത്തില്‍ സേവനാവകാശ നിയമത്തില്‍ ഉള്‍പ്പെടുത്തുന്നത്. സേവനങ്ങള്‍ യഥാസമയം ലഭ്യമാക്കാത്ത ഉദ്യോഗസ്ഥരില്‍നിന്നും 500 മുതല്‍ 5000 രൂപവരെ പിഴ ഈടാക്കാനും നിയമം വ്യവസ്ഥ ചെയ്യുന്നു. നിര്‍ദ്ദിഷ്ട സമയത്തിനുള്ളില്‍ സേവനം ലഭിക്കുന്നില്ലെങ്കില്‍ ആ കാര്യം ബോധിപ്പിക്കുവാന്‍ പ്രാഥമിക അപ്പലേറ്റ് അതോറിറ്റിയും ഉന്നത അതോറിറ്റിയും രൂപീകരിക്കാനും ബില്‍ വ്യവസ്ഥ ചെയ്യുന്നു. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സമിതിയാണിത്. സേവനാവകാശ നിയമത്തെ ജനങ്ങളുടെ മാഗ്നാകാര്ട്ടയായിട്ടാണ് മുഖ്യമന്ത്രി വിശേഷിപ്പിക്കുന്നത്. പക്ഷെ നിയമം കൊണ്ടുവന്നതുകൊണ്ടു മാത്രം നിയമം നടപ്പാക്കണമെന്നില്ല എന്നതും ജനങ്ങളുടെ അനുഭവമാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥ സംഘടനകള്‍ക്കുള്ള സംഘടിതശക്തി കണക്കിലെടുക്കുമ്പോഴാണ് ഇത്ര സ്വാഗതാര്‍ഹവും സമയോചിതവുമായ ഈ നിയമം നേരിട്ടേക്കാവുന്ന പ്രതിസന്ധികളെപ്പറ്റി ചിന്തിക്കേണ്ടിവരുന്നത്.
ഉദ്യോഗസ്ഥ മാഫിയയെ നിയന്ത്രിക്കാനുള്ള തന്റേടവും അറിവും ജനപ്രതിബദ്ധതയും ഉള്ള മന്ത്രിമാര്‍കൂടി ഉണ്ടെങ്കില്‍ മാത്രമേ ഉദ്യോഗസ്ഥവൃന്ദം നിയമങ്ങള്‍ക്ക് വഴങ്ങുകയുള്ളൂ. ജനങ്ങളുടെ പണം ഉപയോഗിച്ച് ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥര്‍ അഴിമതിക്കാരാകുമ്പോഴാണ് സേവനാവകാശം നഷ്ടപ്പെടുത്തി ജനദ്രോഹികളാകുന്നത്. സേവനാവകാശ നിയമ നടപടിയില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ കൊണ്ടുവരുന്ന നിയമവും പഴുതുകളില്ലാതെ നടപ്പാക്കിയില്ലെങ്കില്‍ ഈ നിയമം കടലാസിലൊതുങ്ങും. എല്ലാത്തിനുമുപരിയാണ് ജനങ്ങളുടെ അവകാശം എന്ന ബോധം ഉണര്‍ത്തി സര്‍ക്കാരുദ്യോഗസ്ഥര്‍ ജനസേവകരായി മാറിയാല്‍ മാത്രമേ നിയമം പ്രായോഗികമാകൂ. ഇന്ന് സേവനം എന്നതില്‍ വാര്‍ധക്യ പെന്ഷന്, വികലാംഗ പെന്ഷന്, അഗതി പെന്ഷന് മുതലായവയുമായി സര്‍ക്കാര്‍ ഓഫീസ് കയറിയിറങ്ങുന്നവരുടെ നിസ്സഹായാവസ്ഥയെപ്പറ്റിയുള്ള യഥാര്‍ത്ഥ മാനവിക കാഴ്ചപ്പാടും ഉദ്യോഗസ്ഥര്‍ നേടിയാല്‍ മാത്രമേ ഈ വിപ്ലവകരമെന്നും ചരിത്രപരമെന്നും വിശേഷിക്കപ്പെടുന്ന നിയമം സാര്‍ത്ഥകമാകുകയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: