രാജ്യത്തിന്റെ വടക്ക് കിഴക്കന്‍ അതിര്‍ത്തി സംസ്ഥാനമെന്ന നിലയില്‍ ആസാമിന് നിര്‍ണായക സ്ഥാനമാണുള്ളത്. അവിടെ നടക്കുന്ന ഓരോ ചലനവും വളരെ സൂക്ഷ്മതയോടെ നിരീക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാരിനുമാത്രമല്ല കേന്ദ്രസര്‍ക്കാരിനും ബാദ്ധ്യതയുണ്ട്. ആ ബാദ്ധ്യത നിറവേറ്റുന്നതില്‍ സര്‍ക്കാരുകള്‍ ദയനീയമായി പരാജയപ്പെട്ടു എന്നാണ് ബോദ്ധ്യമാകുന്നത്. പശ്ചിമ അസമിലെ 4 ജില്ലകളില്‍ അതിരൂക്ഷമായ വര്‍ഗീയ കലാപം ഒരാഴ്ചയായി തുടരുകയാണ്.
ഇതിനകം 40 ല്‍ അധികം പേര് വധിക്കപ്പെട്ടു. ആയിരക്കണക്കിന് വീടുകള്‍ തകര്‍ക്കപ്പെടുകയോ ചുട്ടുകരിക്കപ്പെടുകയോ ചെയ്തു. രണ്ടരലക്ഷത്തോളം ജനങ്ങള്‍ പലായനം ചെയ്യപ്പെട്ടിരിക്കുന്നു. 500 ഗ്രാമങ്ങളില്‍ അതിരൂക്ഷമായ സംഘര്‍ഷമാണ് നിലനില്‍ക്കുന്നത്. 150 ദുരിതാശ്വാസ ക്യാമ്പുകള്‍ മാത്രമാണ് തുറന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. ബോഡോ ഗോത്രവര്‍ഗ്ഗക്കാരെ കുടിയേറ്റക്കാരും നുഴഞ്ഞുകയറ്റക്കാരുമായ മുസ്ലീങ്ങള്‍ ആക്രമിച്ചതോടെയാണ് കലാപത്തിന് തുടക്കം. അനിശ്ചിതകാല കര്‍ഫ്യൂ പ്രഖ്യാപിച്ചെങ്കിലും സംഘര്‍ഷത്തിന് അയവൊന്നും ഉണ്ടായിട്ടില്ല. മാത്രമല്ല സംഘര്‍ഷം കൂടുതല്‍ പ്രദേശത്തേക്ക് വ്യാപിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ബോഡോ ലിബറേഷന്‍ ടൈഗര്‍ കാഡര്‍മാര്‍ കൊല്ലപ്പെട്ടതാണ് കലാപം അതിരൂക്ഷമാകാന്‍ കാരണം. പോലീസുകാര്‍ സംഘര്‍ഷ സ്ഥലങ്ങളില്‍ ഉണ്ടെങ്കിലും അവര്‍ക്ക് ആവശ്യമായ ആയുധങ്ങളില്ലെന്ന പരാതി ഉയര്‍ന്നിരിക്കുകയാണ്. കലാപകാരികള്‍ക്കൊപ്പം സര്‍ക്കാര്‍ നിലകൊള്ളുന്ന എന്നു ആക്ഷേപം ശരിവയ്ക്കുന്നതാണിത്.
ആസാമിലെ സംഘര്‍ഷങ്ങള്‍ക്കെല്ലാം കാരണം നുഴഞ്ഞുകയറ്റങ്ങളാണ്. ബംഗ്ലാദേശില്‍ നിന്നും നുഴഞ്ഞുകയറിയ ലക്ഷക്കണക്കിനാളുകളുടെ സാന്നിദ്ധ്യം ആസാമിന്റെ പകുതിയോളം ജില്ലകളിലായിക്കഴിഞ്ഞു. 23 ജില്ലകളാണ് ആസാമിലുള്ളത്. എട്ട് ജില്ലകളില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് ഭൂരിപക്ഷവുമായി. ആസാമില്‍ നുഴഞ്ഞുകയറ്റക്കാരെ പ്രോത്സാഹിപ്പിക്കുന്നത് കോണ്‍ഗ്രസ് സര്‍ക്കാരാണ്. നുഴഞ്ഞുകയറ്റക്കാര്‍ക്ക് റേഷന്‍കാര്‍ഡും വോട്ടും നല്കി വിജയം നേടുക എന്ന സങ്കുചിതലക്ഷ്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുകയാണ് കോണ്‍ഗ്രസ് ചെയ്തുപോരുന്നത്. ലോകത്ത് ഒരിടത്തും നുഴഞ്ഞുകയറ്റക്കാര്‍ക്ക് ഇത്രയും സൗജന്യവും സൗകര്യങ്ങളും നല്കിയ ചരിത്രമില്ല. ന്യൂനപക്ഷ സംരക്ഷണമെന്ന പേരില്‍ ഇമ്മാതിരി പെരുമാറ്റം അപകടകരമായ സാഹചര്യമുണ്ടാക്കി. അത് കലാപമായി പടരുകയാണ്. കലാപം കാരണം ഗതാഗതം നിശ്ചലമായി. 30 ഓളം തീവണ്ടികള്‍ ഓട്ടം നിര്‍ത്തി. അത്രതന്നെ തീവണ്ടികള്‍ പലസ്ഥലങ്ങളിലായി അക്രമിക്കപ്പെട്ടിരിക്കുന്നു. രാജധാനിവണ്ടിവരെ അതില്‍പ്പെടുന്നു. പല സ്ഥലങ്ങളിലായി 30000ല്‍പരം യാത്രക്കാര്‍ കുടുങ്ങിക്കിടക്കുകയാണ്. ബദല്‍ സംവിധാനങ്ങള്‍ ചെയ്തുകൊടുക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്ക് സാധിച്ചിട്ടില്ല. തീവണ്ടിയുടെ സുഗമമായ യാത്രക്ക് സൗകര്യമൊരുക്കണമെന്ന് കേന്ദ്രമന്ത്രി മുകുള്‍റോയി അഭ്യര്‍ത്ഥിച്ചിട്ടും പലപ്രദമായ എന്തെങ്കിലും ചെയ്യാന്‍ മുഖ്യമന്ത്രിക്കായില്ല. മുഖ്യമന്ത്രി തരുണ്‍ ഗോഗോയിയും ചീഫ് സെക്രട്ടറിയും നേരിട്ടാണ് കാര്യങ്ങള്‍ വിലയിരുത്തുന്നതെന്നാണ് വാര്‍ത്തകള്‍ പറയുന്നത്.
സംഘര്‍ഷമേഖലകളില്‍ പോകാനൊന്നും മുഖ്യമന്ത്രി കൂട്ടാക്കിയില്ല. പകരം ഡെപ്യൂട്ടി സ്പീക്കറുടെ നേതൃത്വത്തില്‍ 20 അംഗസര്വ്വകക്ഷി നിയമസഭാ പ്രതിനിധി സംഘമാണ് കലാപബാധിത പ്രദേശങ്ങളില്‍ പോകുന്നത്. ആസാമില്‍ കലാപം നടക്കുമ്പോള്‍ ഒരു തരത്തിലും കേന്ദ്രസര്‍ക്കാരിനോ പ്രധാനമന്ത്രിക്കോ ഒഴിഞ്ഞുനില്ക്കാന് സാധ്യമല്ല. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് രാജ്യസഭയെ പ്രതിനിധീകരിക്കുന്നത് ആസാമിനെയാണല്ലോ. ആസാമില്‍ സ്ഥിരതാമസമാണെന്ന് സത്യവാങ്മൂലം നല്കി രാജ്യസഭയിലെത്തിയ മന്‍മോഹന്‍സിംഗ് മുഖ്യമന്ത്രിയെ വിളിച്ച് കുശലാന്വേഷണം നടത്തി തൃപ്തിപ്പെട്ടാല്‍ പോര. കലാപം അടിച്ചമര്‍ത്താന്‍ നിര്‍ദ്ദേശിക്കണം. അതിനാവശ്യമായ ശക്തിനല്കണം. പോലീസിന് തോക്കില്ലെങ്കില്‍ സായുധരായ സൈന്യത്തെ അയയ്ക്കാന്‍ ആലോചിക്കുന്നു എന്നാണ് ഏറ്റവും ഒടുവിലത്തെ വാര്‍ത്ത. കൂടുതല്‍ അര്‍ധസൈനിക വിഭാഗത്തെ അയയ്ക്കണമെന്ന് മുഖ്യമന്ത്രി ഗോഗോയ് പ്രതിരോധമന്ത്രി എ.കെ.ആന്റണിയോടും ആഭ്യന്തരമന്ത്രി പി.ചിദംബരത്തോടും അഭ്യര്‍ത്ഥിച്ചതായി പറയുന്നു. പക്ഷേ അവരുടേതായി പ്രതികരണമൊന്നും കണ്ടില്ല. കേന്ദ്രം അയച്ചതാകട്ടെ ആവശ്യവുമായി തട്ടിച്ചുനോക്കുമ്പോള്‍ തീരെ അപര്യാപ്തമാണ്. പ്രതിപക്ഷം വളരെ ഗൗരവമായാണ് പ്രശ്നങ്ങളെ കാണുന്നത്. ബിജെപി പ്രസിഡന്റ് നിതിന്‍ഗഡ്ഗരി നാലംഗ പ്രതിനിധി സംഘത്തെ പ്രശ്നബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ നിയോഗിച്ചിരിക്കുകയാണ്. എന്നാല്‍ കേന്ദ്രസര്‍ക്കാരോ ഭരണകക്ഷിയോ അങ്ങിനെയൊരു തീരുമാനമെടുക്കുന്ന കാര്യം ചിന്തിച്ചിട്ടില്ലെന്നത് ഗൗരവമുള്ളതാണ്.
ആസാം സംഘര്‍ഷത്തെ ലാഘവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്ന് ഇത് വ്യക്തമാക്കുന്നു. തന്ത്ര പ്രധാനമായ സംസ്ഥാനത്ത് സംഘര്‍ഷം രൂപപ്പെട്ടിട്ടും ആലോചനയില്‍ മുഴുകിനില്ക്കുന്ന പ്രധാനമന്ത്രിക്കും കേന്ദ്രമന്ത്രിമാര്‍ക്കും രാജ്യത്തെ എങ്ങനെ രക്ഷിക്കാന്‍ കഴിയുമെന്ന സംശയം സ്വാഭാവികമാണ്. കേന്ദ്ര സര്‍ക്കാരിന് അല്ലെങ്കില്‍ രാജ്യകാര്യങ്ങളിലല്ലല്ലോ താല്പര്യം. വഴിപിരിയുന്നതിന് മുഹൂര്‍ത്തം കാത്തു കഴിയുന്ന യുപിഎ എന്ന അശ്ലീല സഖ്യം എങ്ങനെ നിലനിര്‍ത്താം എന്നാണ് അവര്‍ തലപുകഞ്ഞു ചിന്തിക്കുന്നത്. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്, കൃഷിമന്ത്രി ശരത് പവാറിനെ ഫോണില്‍ വിളിച്ച് താണുകേണപേക്ഷിക്കുന്നത് സഖ്യം വിടരുതേ, ചതിക്കരുതേ എന്നാണ്. മുഖ്യ ഘടകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ്സും പിണങ്ങി നില്‍ക്കുകയാണ്. ഇതിനിടെ ആസാമില്‍ തമ്മില്‍ തല്ലിയാലും തല്ലിക്കൊന്നാലും ഇതൊന്നും തങ്ങളെ ബാധിക്കുന്ന പ്രശ്നമല്ലെന്ന നിലയിലാണ് കാര്യങ്ങള്‍ പോകുന്നത്. ആസാമില്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഗോഗോയ് മാത്രമല്ല മന്‍മോഹന്‍സിംഗ് തന്നെ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്ന് പറയേണ്ടിവന്നിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: