ന്യൂദല്‍ഹി: ഗാര്‍ഹികപീഡനം ഉള്‍പ്പെടെ സ്ത്രീകള്‍ക്കെതിരെയുണ്ടാകുന്ന അതിക്രമങ്ങള്‍ രാജ്യത്തിന്തന്നെ നാണക്കേടുണ്ടാക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. നിരന്തരമായി സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങള്‍ അതത് സംസ്ഥാന സര്‍ക്കാരുകളെ അപമാനപ്പെടുത്തുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്ത്രീകള്‍ക്കെതിരെയുണ്ടാകുന്ന അതിക്രമങ്ങളിലേറെയും കുറ്റക്കാര്‍ അവര്തന്നെയാണെന്ന് വാദിക്കുന്നവരാണ് ഭൂരിപക്ഷവും. സ്ത്രീകളുടെ വസ്ത്രധാരണവും രാത്രികാലങ്ങളിലുള്ള യാത്രയും കുറ്റകൃത്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുള്ള പ്രധാന കാരണങ്ങളായും ചൂണ്ടിക്കാട്ടുന്നുണ്ട്. സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വര്‍ധിക്കുന്തോറും അതത് സര്‍ക്കാരുകള്‍ ഇതിനെതിരെ നടപടി സ്വീകരിക്കുന്നില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്. ബംഗാളിലാണ് സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ ഏറ്റവും കൂടുതലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇതിനെതിരെ നടപടിയെടുക്കാന്‍ സാധിക്കാതെ വരുമ്പോള്‍ സര്‍ക്കാരുകള്‍ നാണംകെടുകയാണ് ചെയ്യുന്നത്.
മാനസികമായ പീഡനങ്ങള്‍ക്കപ്പുറം സ്ത്രീകള്‍ക്കെതിരെയുള്ള ശാരീരിക പീഡനങ്ങള്‍ വര്‍ധിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്ന മറ്റൊരു വസ്തുത. സ്ത്രീകള്‍ക്കെതിരെയുള്ള ചൂഷണം മുന്‍വര്‍ഷത്തേക്കാള്‍ വര്‍ധിച്ചുവെന്നാണ് നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴിഞ്ഞ 40 വര്‍ഷത്തിനിടക്ക് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ 873 ശതമാനം വര്‍ധനവാണ് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്ന ഞെട്ടിപ്പിക്കുന്ന വസ്തുത. 1971 ല്‍ 2,487 കേസുകളാണ് ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍ 2011 ല്‍ 24,206 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെക്കുറിച്ചുള്ള പഠനത്തിനായി തെരഞ്ഞെടുത്ത പ്രമുഖ നഗരങ്ങളില്‍ ദല്‍ഹിയാണ് മുന്‍നിരയില്‍. 13.3 ശതമാനമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 4,489 കേസുകള്‍ കഴിഞ്ഞ കൊല്ലം റിപ്പോര്‍ട്ട് ചെയ്തു. ബംഗളൂരുവാണ് രണ്ടാംസ്ഥാനത്ത്. 1,890 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 1860 കേസുകള്‍ ഇവിടെ റിപ്പോര്‍ട്ട് ചെയ്ത ഹൈദരാബാദാണ് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ മൂന്നാമത്.
ഇന്ത്യയിലെ സ്ത്രീകളുടെയും പുരുഷന്മാരുടെയും വസ്ത്രധാരണം മറ്റ് രാഷ്ട്രങ്ങള്‍ക്ക് മാതൃകയായിരുന്നു. എന്നാല്‍ പുതുതലമുറയിലെ യുവാക്കള്‍ വസ്ത്രധാരണത്തില്‍ ശ്രദ്ധിക്കുന്നില്ലെന്നാണ് ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ മമതാ ശര്‍മ്മ ഉള്‍പ്പെടെയുള്ളവര്‍ കഴിഞ്ഞ ദിവസം വിമര്‍ശിച്ചത്. പുരുഷന്മാരുടേതിന് സമാനമായി സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടി ചിലര്‍ പോരാടുമ്പോള്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരികയാണെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.
ഗോഹട്ടിയില്‍ അടുത്തിടെ സുഹൃത്തിനൊപ്പം രാത്രിയില്‍ ബൈക്കില്‍ സഞ്ചരിച്ച പെണ്‍കുട്ടിയെ അപമാനിച്ച സംഭവം ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. സമൂഹത്തിലെ പൊതുധാരയിലേക്ക് കടന്നുവരുന്ന സ്ത്രീകള്‍ക്കെതിരെയുള്ള ഇത്തരം ആക്രമണങ്ങള്‍ ഒരു വിഭാഗം സമൂഹത്തിന്റെ ഇടുങ്ങിയ മനോഭാവത്തിന്റെ ഫലമാണെന്ന് ഓള് ഇന്ത്യ ഡെമോക്രാറ്റിക് വുമെന്‍സ് അസോസിയേഷന് ജനറല്‍ സെക്രട്ടറി സുധ സുന്ദരരാമന്‍ വ്യക്തമാക്കി. സ്ത്രീകള്‍ക്കെതിരെയുള്ള ഇത്തരം അതിക്രമങ്ങളെ നേരിടുവാനും കൈകാര്യം ചെയ്യുവാനും പര്യാപ്തമായ നിയമമില്ലെന്ന് സാമൂഹിക പ്രവര്‍ത്തകരും അഭിഭാഷകരും അഭിപ്രായപ്പെടുന്നു.
അതേസമയം, സ്ത്രീകള്‍ക്കെതിരെയുള്ള പോലീസ്് ഉദ്യോഗസ്ഥരുടെ മനോഭാവം അംഗീകരിക്കാന്‍ കഴിയില്ലെന്ന അഭിപ്രായത്തോട് യോജിക്കുന്നതായി മുന്‍ ദല്‍ഹി പോലീസ് കമ്മീഷണര്‍ അജയ് രാജ് ശര്‍മ്മ പറഞ്ഞു. ഗോഹട്ടിയിലേയും ദല്‍ഹിയിലേയും രാജ്യത്ത് എവിടെ നടക്കുന്ന സംഭവങ്ങളായാലും, ആ പ്രദേശത്തെ നിയമനിര്‍മ്മാണം മോശമാണെന്നുതന്നെയാണ് ചൂണ്ടിക്കാട്ടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: