ന്യൂദല്‍ഹി: ഉത്തരേന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ദല്‍ഹിയിലെ യുവാക്കള്‍ പുകവലി ശീലം ഉപേക്ഷിക്കാന്‍ വിമുഖതകാട്ടുന്നുവെന്ന് പുതിയ പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.പുകവലി ഉപേക്ഷിക്കുന്നതില്‍ ഹരിയാനയിലെ യുവാക്കള്‍ കൂടുതല്‍ ശ്രമിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.പബ്ലിക്ക് ഹെല്‍ത്ത് ഫൗണ്ടേഷനാണ് ഇതു സംബന്ധിച്ച് പഠനം നടത്തിയത്.ആരോഗ്യമന്ത്രാലയം സെക്രട്ടറി ശകുന്തള ഗാംലിനാണ് ഇക്കാര്യം അറിയിച്ചത്.
ഹരിയാനയില്‍ 34.2 ശതമാനംപേര്‍ പുകവലി ഉപേക്ഷിക്കാന്‍ ശ്രമിക്കുന്നവരാണെന്നും എന്നാല്‍ ദല്‍ഹിയില്‍ 12 ശതമാനംപേര്‍മാത്രമാണ് ഇതിന് ശ്രമിക്കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.പുകവലി വിമോചന ക്ലിനിക്കുകള്‍ ദല്‍ഹിയില്‍ ഇല്ലെന്നതാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്ന മറ്റൊരു വസ്തുത.ദല്‍ഹിയില്‍ കൂടുതല്‍ ലഹരി വിമോചന ക്ലിനിക്കുകള്‍ സ്ഥാപിക്കുമെന്ന് 12-ാം പഞ്ചവത്സര പദ്ധതിയില്‍ ഭരണകര്‍ത്താക്കള്‍ ഉറപ്പ് നല്‍കിയിരുന്നതായി എന്‍ ജി ഒ സീനിയര്‍ ഡയറക്ടര്‍ മോണിക്ക അറോറ പറഞ്ഞു.
ജമ്മുകാശ്മീര്‍,പഞ്ചാബ്,ഹരിയാന,ദല്‍ഹി,ഉത്തരാഖണ്ഢ്,ഹിമാചല്‍ പ്രദേശ് എന്നീ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെയാണ് ഇതിന്റെ പഠനത്തിനായി തെരഞ്ഞെടുത്തിരുന്നത്.പുകവലി ഉപയോഗം പാടെ ഉപേക്ഷിക്കുവാന്‍ താല്‍പ്പര്യം കാണിക്കുന്നത് ഹിമാചല്‍പ്രദേശാണ്.ഉത്തരാഖണ്ഢാണ് രണ്ടാം സ്ഥാനത്ത്.ദല്‍ഹിയാണ് ഏറ്റവും പിന്നില്‍.ദേശീയ ശരാശരിയില്‍ പുകവലി നിര്‍ത്താന്‍ ശ്രമിക്കുന്നവര്‍ 38.4 ശതമാനമാണ്.അതേസമയം പുകവലിക്കാത്തവരുടെ നിരക്ക് 35.4 ശതമാനമാണ്.പുകവലി നിര്‍ത്തുന്നതിനെക്കുറിച്ചുള്ള ബോധവല്ക്കരണക്ലാസുകള് കൂടുതല്‍ നടത്തുന്നത് പഞ്ചാബിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ദല്‍ഹിയിലെ ജനസംഖ്യയില്‍ പകുതിയില്‍ അധികംപേരും പുകവലിക്കുന്നവരാണ്.ഇതില്‍ തനിക്ക് ആശങ്കയുണ്ടെന്നും ഇതിനെ തടയാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും അറോറ പറഞ്ഞു.പുകയില ഉല്‍പ്പന്നങ്ങള്‍ ദല്‍ഹിയില്‍ നിര്‍ത്തലാക്കണമെന്നും ഈ വിഷയത്തില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: