ഭോപ്പാല്‍: ഭോപ്പാല്‍ ദുരന്ത ബാധിതരില്‍ നടത്തിയ അനധികൃതമരുന്നു പരീക്ഷണത്തെ തുടര്‍ന്ന് 12പേര് മരിച്ചതായി റിപ്പോര്‍ട്ട്. വിവരാവകാശ നിയമപ്രകാരം ലഭിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ വെളിപ്പെടുത്തല്‍. വിവിധ ആശുപത്രികളില്‍ ഭോപ്പാല്‍ ദുരന്തബാധിതര്‍ ഗിനിപ്പന്നികളെ പോലെ അനധികൃത മരുന്നു പരീക്ഷണത്തിന് വിധേയരായി വരികയാണെന്നും ഇത് മൂലം 12 പേര് മരിച്ചെന്നുമാണ് വെളിപ്പെടുത്തല്‍. അനധികൃത മരുന്നു പരീക്ഷണത്തിന് വിധേയരായവരെക്കുറിച്ചുള്ള ഞെട്ടിക്കുന്ന കണക്കുകളാണ് ഭോപ്പാല്‍ മെമ്മോറിയല്‍ ഹോസ്പിറ്റല്‍ റിസര്‍ച്ച് സെന്ററില്‍ നിന്ന് ലഭിച്ചത്. 279 രോഗികളില്‍ പരീക്ഷണം നടത്തിയിട്ടുണ്ടെന്നും ഇതില്‍ 215 പേരും ഭോപ്പാല്‍ ദുരന്തത്തിന്റെ ഇരകളാണെന്നും പരീക്ഷണത്തില്‍ 12 പേര് മരിച്ചതായും ഗവേഷണകേന്ദ്രത്തിന്റെ കണക്കില്‍ പറയുന്നു. ദുരന്തബാധിതരോട് സ്പെഷ്യാലിറ്റി ആശുപത്രികള്‍ മനുഷ്യത്വരഹിതമായാണ് പെരുമാറുന്നതെന്ന് മരുന്ന് പരീക്ഷണത്തില്‍ നിന്ന് രക്ഷപ്പെട്ട രാംധര്‍ ശ്രീവാസ്തവ എന്നയാള്‍ പറഞ്ഞു.
ദരിദ്രരായ രോഗികളാണ് ചികിത്സ തേടിയെത്തുന്നവരില്‍ ഭൂരിപക്ഷവും. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്ന ഇവരില്‍ പലരും മരണാസന്നരുമാണ്. ചികിത്സിച്ചാലും രക്ഷപ്പെടില്ലെന്ന് ഡോക്ര്മാര് ഉറപ്പ് പറയുന്നവരിലാണ് മരുന്നു പരീക്ഷണം നടത്തുന്നതെന്ന് സാമൂഹികപ്രവര്‍ത്തകനായ രച്ന ദിംഗ്ര പറഞ്ഞു. പരീക്ഷണത്തിന് വിധേയരാക്കുന്ന രോഗികളുടെ എണ്ണമനുസരിച്ച് ഡോക്ടര്‍മാര്‍ക്കും ആശുപത്രി അധികൃതര്‍ക്കും സാമ്പത്തികലാഭമുണ്ടാകുമെന്നും രച്ന കൂട്ടിച്ചേര്‍ത്തു. അതേസമയം, എത്ര പേരില്‍ പരീക്ഷണം നടത്തിയെന്നതിനെക്കുറിച്ച് ആശുപത്രിയിലെ വിവിധ രേഖകളില്‍ വ്യത്യസ്ത കണക്കുകളാണ് കാണിച്ചിരിക്കുന്നത്. എന്നാല്‍, 2008 ല്‍ അനധികൃതമരുന്ന് പരീക്ഷണം നിരോധിച്ചതാണെന്നും വീണ്ടും പരീക്ഷണം നടത്തുന്നതിനെക്കുറിച്ച് അന്വഷണം നടത്തുമെന്നും ആരോഗ്യഗവേഷണ കേന്ദ്രം അധികൃതര്‍ പ്രതികരിച്ചു.
മരുന്ന് പരീക്ഷണത്തിന് മനുഷ്യരെ ഗിനിപന്നികളെപ്പോലെ ഉപയോഗിക്കുന്ന രീതിയെ കഴിഞ്ഞ ദിവസം സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കുട്ടികളെയും ആദിവാസികളെയും ദളിതരെയും ബഹുരാഷ്ട്രകുത്തകകള്‍ മരുന്നു പരീക്ഷണത്തിന് ഉപയോഗിക്കുന്നു എന്നാരോപിച്ച് മധ്യപ്രദേശിലെ ഒരു വിഭാഗം ഡോക്ടര്‍മാരും സന്നദ്ധസംഘടനയും സുപ്രീംകോടതിയില്‍ പൊതുതാത്പര്യഹര്‍ജി സമര്‍പ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: