കേരളത്തില്‍ ഇന്ന് വികസിക്കുന്ന ഒരേയൊരു വ്യവസായം മരുന്ന്-ചികിത്സാ വ്യവസായമാണ്. രക്തത്തില്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്ന കേരള സമൂഹത്തിന്റെ മിഥ്യാരോഗഭയം മുതലെടുക്കാന്‍ മരുന്നുലോബികള്‍ സജീവമാണ്. കേരളം മാഫിയകളുടെ വിളനിലമായി മാറിയപ്പോള്‍ ഇവിടെ മണല്‍ മാഫിയ, വനം മാഫിയ, കുടിവെള്ള മാഫിയ, സെക്സ് മാഫിയ, ഭൂമാഫിയ തുടങ്ങി വിവിധതരം മാഫിയകള്‍ തഴച്ച് വളര്‍ന്നു. ഇതില്‍ ഏറ്റവും സജീവം മരുന്നു മാഫിയയാണ്.
ഇതിന് പുറമെയാണ് ഇപ്പോള്‍ സുപ്രീംകോടതി വിമര്‍ശിച്ചിരിക്കുന്ന അനധികൃത മരുന്നു പരീക്ഷണം പാവപ്പെട്ട മനുഷ്യരില്‍ നടത്തുന്നത്. നിയമവിരുദ്ധവും അധാര്‍മികവുമായ ഈ പരീക്ഷണം വന്‍തോതില്‍ നടക്കുന്നു എന്നും ഇത് തടയണമെന്നും ആവശ്യപ്പെട്ട് സുപ്രീംകോടതി കേന്ദ്രത്തിന്റേയും ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റേയും വിശദീകരണം തേടിയിരിക്കുകയാണ്. ബഹുരാഷ്ട്ര കുത്തകകളാണ് ഈ വിധം മരുന്നുകളും വാക്സിനുകളും മനുഷ്യരില്‍ പരീക്ഷിക്കുന്നത്. ഇവര്‍ തന്നെയാണ് കേരളീയരുടെ രോഗഭീതി മുതലെടുത്ത് ആവശ്യമില്ലാത്ത മരുന്നുകളും വ്യാജമരുന്നുകളും വിദേശരാജ്യങ്ങളില്‍ നിരോധിച്ച മരുന്നുകളും എല്ലാം മനുഷ്യര്‍ക്കും നല്‍കുന്നത്. പണ്ട് ക്രോസിന് എന്ന മരുന്നിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് എഴുതിയ എനിയ്ക്ക് കടുത്ത വിമര്‍ശനം ഏറ്റുവാങ്ങേണ്ടിവന്നിട്ടുണ്ട്.
ഇത് അലോപ്പതി മരുന്നു മാഫിയയുടെ മാത്രം പ്രശ്നമല്ല. ആയുര്‍വേദ മരുന്നുകളിലും വ്യാജന് വിരാജിക്കുന്നതിന്റെ തെളിവാണ് മുടി വളരാനും വെളുക്കാനും വണ്ണം കുറയ്ക്കാനും വണ്ണം വയ്ക്കാനും ലൈംഗിക ഉത്തേജനത്തിനും എല്ലാമുള്ള മരുന്നുകള്‍. ഇവ പരസ്യ വിപണി കീഴടക്കുന്നത് രോഗഭീതികൊണ്ട് മാത്രമല്ല, പുരുഷന്മാര് ലൈംഗിക ഉത്തേജനവും സ്ത്രീകള്‍ സൗന്ദര്യവും അമിതമായി ആഗ്രഹിക്കുന്നതുകൊണ്ടുമാണ്. വെളുക്കാന്‍ തേച്ച് പാണ്ടാകുന്നതും വയര്‍ കുറയ്ക്കാനുള്ള ലേപനം പുരട്ടി കുരു വരുന്നതും പുതിയ കഥകളല്ല.
മലയാളിയുടെ മറ്റൊരു സ്വഭാവവിശേഷം ഡോക്ടര്‍മാരെ സമീപിക്കാതെ രോഗം അല്ലെങ്കില്‍ ഇല്ലാ രോഗം സ്വയം കണ്ടുപിടിച്ച് ഫാര്‍മസികളില്‍നിന്നും മരുന്നുവാങ്ങുന്നതാണ്. ഇതറിയാവുന്ന ഫാര്‍മസിസ്റ്റുകള്‍ ഈ പ്രവണത തിരിച്ചറിഞ്ഞ് മൂലകങ്ങള്‍ പരസ്പ്പര വിരുദ്ധമായ മരുന്നുകളും വില്‍ക്കുന്നു. ലഹരി മരുന്നിനടിമപ്പെടുന്ന സമൂഹം വേദനസംഹാരികള്‍ പോലുള്ള, അല്ലെങ്കില്‍ ലഹരി കിട്ടാന്‍ സാധ്യതയുള്ള മരുന്നുകളും ഫാര്‍മസികളില്‍നിന്നും വാങ്ങുന്നു.
മരുന്നു വിപണി ഇന്ന് അനുദിനം കൊഴുക്കുകയും വികസിക്കുകയും ചെയ്യുന്ന ഒന്നാണ്. പ്രതിവര്‍ഷം ആറായിരം കോടിരൂപയുടെ മരുന്നാണ് കേരളത്തില്‍ വില്‍ക്കപ്പെടുന്നതെന്നും ഇന്ത്യയിലെ മരുന്നു വിപണിയിലെ നാലില്‍ ഒരുഭാഗം ചെലവാകുന്നത് കേരളത്തിലാണെന്നും ഒരു പഠനം തെളിയിക്കുന്നു. ഇതില്‍ 1500 കോടിയുടെ മരുന്നും ഗുണനിലവാരമില്ലാത്തതോ വ്യാജനോ ആധികാരികത ഇല്ലാത്തതോ ആണ്. രോഗഭീതി വരുമ്പോള്‍ എളുപ്പവഴിയായി ഫാര്‍മസിസ്റ്റുകളെയാണ് രോഗികള്‍ സമീപിക്കുന്നത് എന്നത് ഈ മാഫിയയെ കൊഴുപ്പിക്കുന്ന പ്രധാന ഘടകമാണ്.
ചികിത്സ വ്യവസായമായപ്പോള്‍ ആശുപത്രികള്‍ വ്യവസായ ശാലകളും ഭിഷഗ്വരന്മാര് മരുന്നു മാഫിയാ വിധേയരുമായി. ചികിത്സാ ചെലവ് സാധാരണക്കാരന് താങ്ങാന്‍ കഴിയാതാക്കുന്നത് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന വിവിധതരം ടെസ്റ്റുകളാണ്. ആശുപത്രികളില്‍ ഇന്ന് വളരെ വിലപിടിപ്പുള്ള ടെസ്റ്റിംഗ് സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതോടൊപ്പം അവ ലാഭകരമാക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. ഓരോ ഡോക്ടര്‍മാര്‍ക്കും ഇഷ്ട ലാബുകള്‍ ഉണ്ടെന്നതും സത്യമാണ്. ഇത്തരം ലാബുകളില്‍ പോയി ടെസ്റ്റ് ചെയ്ത് റിസല്‍ട്ട് കണ്ട ശേഷം ചികിത്സ എന്നു പറയുന്നത് ഓരോ ടെസ്റ്റിനും ഡോക്ടര്‍മാര്‍ക്ക് കമ്മീഷന് ലഭിക്കുന്നതിനാലാണ്. ഇതാകട്ടെ പരസ്യമായ രഹസ്യവുമാണ്.
ആശുപത്രികള്‍ മരുന്നുകള്‍ സ്റ്റോക്ക് ചെയ്യുന്നതും കുറിച്ചുകൊടുക്കുന്നതും എല്ലാം ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുടെ നിര്‍ദ്ദേശപ്രകാരമാണ്. മെഡിക്കല്‍ എത്തിക്സ് എന്നു പറയുന്നത് നിഘണ്ടുവില്‍ മാത്രം ഒതുങ്ങുന്ന വാക്കാണ്; രോഗികളോടുള്ള പ്രതിബദ്ധത പോലെ. കേരളം പനിച്ചു വിറക്കുമ്പോള്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ശമ്പള വര്‍ധനവിനും മറ്റും വേണ്ടി സമരത്തിന് മുതിരുന്നത് ഇതിനുദാഹരണമാണ്.
മരുന്നുവിലയില്‍ എംആര്‍പി എടുക്കുന്നതിനെതിരെ ഗാനഗന്ധര്വന് നയിക്കുന്ന സംഘടനയായ ‘ജനപക്ഷം’ രംഗത്തുവന്നിരുന്നു. സേവനം മുഖമുദ്രയാക്കി പ്രഖ്യാപിച്ച ആശുപത്രികള്‍ പോലും എംആര്‍പി നല്‍കാതെ വടക്കേ ഇന്ത്യയില്‍നിന്നും മരുന്ന് വാങ്ങി എംആര്‍പി ചാര്‍ജ് ചെയ്ത് രോഗികള്‍ക്ക് നല്‍കുന്നത് പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരുന്നു. ഈ രീതി ജീവന്‍രക്ഷാ മരുന്നുകളില്‍ നിന്നുപോലും ഈടാക്കുന്നതിനെതിരെയായിരുന്നു ജനപക്ഷം രംഗത്തുവന്നത്.
കര്‍ക്കിടകമാസം പുണ്യമാസം മാത്രമല്ല ആയുര്വേദചികിത്സക്കുള്ള മാസവും കൂടിയാണ്. ഇന്ന് ആയുര്‍വേദ മേഖലയിലേക്കും മൂല്യശോഷണം വ്യാപിച്ചിട്ടുണ്ട്. സ്വകാര്യ ആയുര്‍വേദ തിരുമ്മുകേന്ദ്രങ്ങള്‍ വ്യാപകമാകുമ്പോള്‍, അവിടെ കൊടുക്കുന്ന കഷായവും കുഴമ്പും ഗുണനിലവാരമില്ലാത്തതാകുമ്പോള്‍, തിരുമ്മുവിദഗ്ധര്‍ വിദഗ്ധപരിശീലനം ലഭിക്കാത്തവരാകുമ്പോള്‍ സുഖചികിത്സ കഴിഞ്ഞ് വരുന്നവര്‍ അസുഖബാധിതരാകുന്നു. ഇന്നും ആയുര്‍വേദ ചികിത്സയുടെ വിശ്വാസ്യത കാക്കുന്നത് സര്‍ക്കാര്‍ ആയുര്‍വേദാശുപത്രികളാണ്. അതിന് കാരണം അവിടെ ഡോക്ടര്‍മാര്‍ ഫീസ് വാങ്ങിയല്ല മരുന്ന് കുറിക്കുന്നത് എന്നതാണ്.
മനുഷ്യരെ ഗിന്നിപ്പന്നികളാക്കി മരുന്ന് പരീക്ഷണം നടത്തി ജീവന് നഷ്ടമാകുന്നതുപോലെതന്നെ അപകടകരമാണ് അലോപ്പതി ചികിത്സാ രംഗത്തുള്ള ദുഷ്പ്രവണതകള്‍. പക്ഷെ ഇത് നിയന്ത്രിക്കാന്‍ സംവിധാനങ്ങളുണ്ടെങ്കിലും അവ ഫലപ്രദമായി ഉപയോഗിക്കാത്തതാണ് ഈ കൊടിയ ചൂഷണത്തിന് പ്രധാന കാരണം.
മലയാളി ഇന്ന് മെഡിക്കല്‍ ഷോപ്പിംഗും നടത്തുന്നു. അധികമായാല്‍ അമൃതും വിഷം എന്ന് പറയുന്നപോലെ അമിത അറിവ് രോഗത്തെക്കുറിച്ച് സ്വായത്തമാക്കുന്നവര്‍ ഒരു പാരസെറ്റമോള്‍ കൊണ്ട് തൃപ്തിപ്പെടുന്നവരല്ല. രക്തക്കുറവോ മൂത്രത്തിലെ ഇന്‍ഫക്ഷനോ കൊണ്ട് ഡോക്ടറെ സമീപിച്ചാലും ആയിരം ടെസ്റ്റ് വേണ്ടിവരുന്നതെന്തുകൊണ്ട്?
ഇതിന് ഡോക്ടര്‍മാര്‍ പറയുന്ന മറുപടി രോഗം കണ്ടുപിടിച്ച് ചികിത്സിച്ചില്ലെങ്കില്‍ അക്കാരണത്താല്‍ അവര്‍ക്ക് നിയമനടപടി നേരിടേണ്ടിവരുമെന്നാണ്. ഡോക്ടര്‍മാര്‍ക്കെതിരെ അനാസ്ഥക്കും അശ്രദ്ധക്കും നിരവധി കേസുകളുണ്ട്. ഡോ. എസ്.ഡി. സിംഗ് പറയുന്നപോലെ ഇന്ന് ഡോക്ടര്‍മാര്‍ രണ്ടുണ്ടകളുള്ള തോക്കാണ് കരുതുന്നത്. ഒന്ന് ഡിഫന്‍സീവ് മെഡിക്കല്‍ മാനേജ്മെന്റും മറ്റേത് കൊമേഴ്സ്യല്‍ മെഡിക്കല്‍ മാനേജ്മെന്റും. പണം ലക്ഷ്യമിടാതെ പഴയ തലമുറയിലെ ഡോക്ടര്‍മാര്‍ ചെറിയ മരുന്നുകള്‍ കൊടുത്താല്‍ ഈ തലമുറയിലെ രോഗികള്‍ തൃപ്തരാകുന്നില്ല എന്നതും വസ്തുതയാണ്. വിദേശത്തുള്ള മക്കള്‍ വിളിച്ചുപറയുക ടെസ്റ്റുകള്‍ നടത്തി മരുന്ന് കഴിക്കാനായിരിക്കും. ടെസ്റ്റുകള്‍ ആവശ്യപ്പെടുന്ന രോഗികളുമുണ്ട്.
സ്വകാര്യ ആശുപത്രികളും ഫാര്‍മസികളും യഥേഷ്ടം മരുന്നുകള്‍ വാങ്ങിക്കൂട്ടി ചെലവാക്കുന്ന തന്ത്രവും മെനയുന്നു. ഇത് നിയന്ത്രിക്കേണ്ട മെഡിക്കല്‍ കോര്പ്പറേഷന് പോലുള്ള സ്ഥാപനങ്ങളും മാഫിയാ വിധേയമാണ്. പഴയ തലമുറയിലെ ഡോക്ടര്‍മാര്‍ വ്യായാമം, നെല്ലിക്ക, പാവയ്ക്ക മുതലായ ആഹാരം നിര്‍ദ്ദേശിച്ചാല്‍ ഇന്ന് പരിഹാസ്യരാകുന്നു.
മെഡിക്കല്‍ രംഗം ഇന്ന് കുളംകോരിയിരിക്കുകയാണ്. മരുന്നുമാഫിയാ ചൂഷണത്തെപ്പറ്റി വിലപിക്കുന്ന മാധ്യമങ്ങള്‍ ഒരു ഹെല്‍ത്ത് റെഗുലേഷന് ആക്ടും ആവശ്യപ്പെടണം. ഇത് കേന്ദ്രതലത്തില്‍ പാസാക്കി സംസ്ഥാനങ്ങളില്‍ നിര്‍ബന്ധിതമാക്കിയാല്‍ ഈ മരുന്നുചൂഷണം തടയാനാകും. മറ്റൊരു വസ്തുത ഇന്റര്‍നാഷണല്‍ ക്ലാസിഫിക്കേഷന്‍ മരുന്നുകള്‍ക്ക് ബാധകമാക്കുന്നില്ല എന്നതാണ്. രോഗികള്‍ക്ക് രോഗസാക്ഷരത ആവശ്യമാണ്. കൂടുതല്‍ മരുന്നു കഴിക്കുന്നത് സ്റ്റാറ്റസ് സിമ്പലായി മാറുമ്പോള്‍ തകരുന്നത് ആരോഗ്യമാണ്.
ഫിസിയോതെറാപ്പിസ്റ്റുകള്‍ രോഗനിര്‍ണ്ണയം നടത്തരുത് എന്ന നിര്‍ദ്ദേശം അടുത്തിടെ വന്നിരുന്നു. അവര്‍ക്ക് രോഗനിര്‍ണ്ണയം സാധ്യമല്ലെന്നും ചികിത്സ മാത്രമേ പാടുള്ളൂ എന്നുമാണ്. ഇന്ന് ആശുപത്രികള്‍ എല്ലാം ഹൈടെക് ആയി മാറിയപ്പോള്‍ വിലകൂടിയ ടെസ്റ്റിംഗ് സംവിധാനം ഉപയോഗിക്കാനുള്ള നിര്‍ദ്ദേശവും സ്വാഭാവികമായി ഉയരുന്നു.
മൂന്നാം ലോകം ഇന്ന് മരുന്നുപരീക്ഷണത്തിന്റെ മാത്രമല്ല, മരുന്ന് കച്ചവടത്തിന്റെയും രംഗമാകുന്നത് ജനങ്ങളുടെ മെഡിക്കല്‍ ഷോപ്പിംഗ് സ്വഭാവത്തില്ക്കൂടിയാണ്. ആരോഗ്യരംഗം വ്യവസായവല്ക്കരിക്കപ്പെട്ടതിന്റെ കാരണം മിഥ്യാരോഗഭയവും ആരോഗ്യസംരക്ഷണ അറിവുകള്‍ മാധ്യമങ്ങളില്‍ക്കൂടി സ്വായത്തമാക്കുന്നതുമാണ്. ഇത് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നിയമപരമായി ഇടപെടുകയും ജനങ്ങള്‍ അമിത മരുന്നുപയോഗത്തിനെതിരെ ജാഗ്രത പുലര്‍ത്തുകയും വേണം.
ലീലാമേനോന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: