ഗോഹാട്ടി: അസമില്‍ പെണ്‍കുട്ടിയെ നടുറോഡില്‍ പീഡിപ്പിച്ച സംഭവത്തില്‍ മൂന്ന് പേര് കൂടി അറസ്റ്റിലായി. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. അഞ്ച് പേര് ഇപ്പോഴും ഒളിവിലാണ്. ഇവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു. അതേസമയം ഈ സംഭവ ദൃശ്യങ്ങള്‍ വാര്‍ത്താചാനലിന്റെ ലേഖകന്‍ ആസൂത്രണം ചെയ്തതാണെന്ന ആരോപണവുമായി വിവരാവകാശ പ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്.
ഇതിനിടെ അണ്ണാഹസാരെ സംഘാംഗമായ അഖില്‍ ഗോഗോയി ജൂലൈ 9 ന് നടന്ന സംഭവത്തിന്റെ ചില വീഡിയോ ചിത്രങ്ങള്‍ സമ്മേളനത്തില്‍ ഹാജരാക്കിയിരുന്നു. ഗുവാഹതിയിലെ ന്യൂസ് ലൈവ് ചാനലിലെ റിപ്പോര്‍ട്ടറാണ് ഈ ചിത്രങ്ങള്‍ പകര്‍ത്തിയത്. ഇദ്ദേഹത്തിന്റെ സുഹൃത്തായ മാധ്യമപ്രവര്‍ത്തകനാണ് ഈ വിവരം നല്‍കിയതെന്നും ഗോഗോയി പറഞ്ഞു. ക്യാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്താണ് ചാനല്‍ സംപ്രേഷണം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. അഖില്‍ വീഡിയോ ചിത്രങ്ങള്‍ അസം ഡിജിപിക്ക് കൈമാറി. ആവശ്യം വരുകയാണെങ്കില്‍ ഒറിജിനല്‍ വീഡിയോ ദൃശ്യങ്ങള്‍ കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.
ജൂലൈ 9 ന് നടന്ന സംഭവത്തില്‍ പ്രതികളായ രണ്ട് പേരെ അറസ്റ്റ് ചെയ്തതായും മറ്റ് കുറ്റവാളികളെ പിടികൂടാന്‍ പലസ്ഥലങ്ങളിലും റെയ്ഡ് ആരംഭിച്ചതായും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് വ്യക്തമാക്കി. സാമൂഹിക പ്രവര്ത്തകന് സമര്‍പ്പിച്ച വീഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നും തെളിവുകള്‍ ലഭിക്കുന്ന പക്ഷം ദൃശ്യം പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകനെതിരെയും കേസെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. കേസന്വേഷിക്കാന്‍ അസം പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അതേസമയം പോലീസിന്റെ ഭാഗത്തുനിന്ന് വേണ്ട രീതിയിലുള്ള അന്വേഷണം നടക്കുന്നില്ലെന്ന് ഗുവഹാട്ടിയിലെത്തിയ ദേശീയ വനിതാവകാശ കമ്മീഷന് പ്രവര്‍ത്തകര്‍ ആരോപിച്ചു.
ജൂലൈ 9നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഗുവഹാട്ടി-ഷില്ലോങ്ങ് റോഡില്‍ ഒരു ബാറിന് മുന്നിലായിരുന്ന പെണ്‍കുട്ടിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ബാറില്‍ രണ്ട് യുവാക്കള്‍ക്കൊപ്പം നാലു പെണ്‍കുട്ടികള്‍ എത്തുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ തമ്മില്‍ വാക്കേറ്റം ഉണ്ടായത് പ്രശ്നങ്ങള്‍ക്ക് കാരണമായി. പുറത്തിറങ്ങിയ പെണ്‍കുട്ടികളില്‍ ഒരാളാണ് പീഡനത്തിനിരയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: