കാര്‍ഷിക സംസ്ക്കാരം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന, ഭക്ഷ്യക്ഷാമവും കുടിവെള്ളക്ഷാമവും ഗ്രസിക്കാന്‍ സാധ്യതയുള്ള കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നെല്‍വയലുകളും നീര്‍ത്തടങ്ങളും നികത്തിയത് അംഗീകരിക്കുവാനുള്ള സര്‍ക്കാര്‍ നീക്കം വ്യാപകമായ പ്രതിഷേധം ഉയര്‍ത്തിയിരിക്കുകയാണ്. അനധികൃതമായി നികത്തിയ അരലക്ഷത്തോളം ഏക്കര്‍ വയലുകളും തണ്ണീര്‍ത്തടങ്ങളും നിയമവിധേയമാക്കാനാണ് സര്‍ക്കാര്‍ നീക്കം. 2008 ന് മുന്‍പ് നികത്തിയ വയലുകളും തണ്ണീര്‍ത്തടങ്ങളും നിയമ വിധേയമാക്കുന്നതായി സര്‍ക്കാരും 2008 ലെ നെല്‍വയല്‍-നീര്‍ത്തട സംരക്ഷണനിയമത്തെ അട്ടിമറിക്കലാണെന്ന് പ്രതിപക്ഷവും ആരോപിക്കുന്നു. 2005 ജനുവരി ഒന്നിന് മുമ്പ് നികത്തിയവയ്ക്കാണ് വിലയുടെ 15 ശതമാനം പിഴ നല്കി നിയമവിധേയമാക്കുവാനുള്ള നീക്കം കള്ളരേഖ സൃഷ്ടിച്ച് അതിനുശേഷം നികത്തിയ വയല്‍-നീര്‍ത്തട സ്ഥലങ്ങളെയും ഉള്‍പ്പെടുത്തും എന്ന ഭീതിയും നിയമസഭയില്‍ പ്രതിഫലിച്ചു. ഈ നീക്കം ഭൂമാഫിയയെയാണ് സംരക്ഷിക്കുന്നതെന്നും ഭൂമാഫിയയാണ് ഈ സര്‍ക്കാരിനെ നിയന്ത്രിക്കുന്നതെന്നും കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന് പ്രസ്താവിച്ചു. ഇത് കാര്‍ഷിക മേഖലയ്ക്കും ആഘാതമാകുമെന്നും ഭക്ഷ്യോത്പ്പാദനം വര്‍ധിപ്പിക്കാന്‍ ഒരുവശത്ത് ശ്രമിക്കുമ്പോള്‍ അതിന് തടയിടാനാണ് ഈ നിയമം ഇടയാക്കുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടി വേദികളില്‍ ചര്‍ച്ച ചെയ്യാതെ യുഡിഎഫ് ഏകപക്ഷീയമായാണ് ഈ ഭൂമാഫിയ പ്രീണനനയം കൊണ്ടുവരുന്നത്. കേരളത്തില്‍ ഇന്ന് കൊഴുക്കുന്നത് റിയല്‍ എസ്റ്റേറ്റ് വ്യവസായമാണ്. ഈ നിയമം കഴിഞ്ഞ സര്‍ക്കാര്‍ കൊണ്ടുവന്നത് പരിസ്ഥിതി-അക്കാദമിക് വിദഗ്ദ്ധരുടെ അഭിപ്രായമറിഞ്ഞ ശേഷമായിരുന്നു.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് നികത്തിയ സ്ഥലങ്ങള്‍ ഇപ്പോഴും നെല്‍വയലുകളായി രേഖകളില്‍ തുടരുന്നത് തിരുത്താനാണ് ഈ തീരുമാനമെന്നാണ് സര്‍ക്കാര്‍ വ്യാഖ്യാനം. വയല്‍ നികത്തി കരഭൂമിയാകുമ്പോള് വന്‍ വില വര്‍ധന ലഭ്യമാകുന്നു. നെല്‍വയല്‍-തണ്ണീര്‍ത്തട ഡാറ്റാ ബാങ്ക് ഇനിയും അപൂര്‍ണമാണ്. 2008 ല്‍ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം പ്രാബല്യത്തില്‍ വന്നതിന് തൊട്ട് മുന്‍പുള്ള വര്‍ഷങ്ങളില്‍ നെല്‍വയല്‍ നികത്തിയതിന് കനത്ത ഫീസ് ഏര്‍പ്പെടുത്തി അധികാരം നല്‍കാമെന്ന് അന്നത്തെ ധനമന്ത്രി തോമസ് ഐസക്ക് ബജറ്റില്‍ വ്യക്തമാക്കിയത് നടപ്പാക്കുക മാത്രമാണ് ചെയ്യുന്നതെന്നാണ് യുഡിഎഫിന്റെ നിലപാട്. പക്ഷെ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞത് സാധൂകരിച്ച് നിയമനിര്‍മാണം നടത്തിയിരുന്നില്ല. ഈ നിയമം ചേര്‍ത്തു വായിക്കേണ്ടത് പൈതൃകഗ്രാമമായ, അനേകം ഏക്കര്‍ കൃഷി ഭൂമിയുള്ള ആറന്മുളയില് വിമാനത്താവളം പണിയുന്നതിനുള്ള നീക്കം ശക്തിയുക്തം എതിര്‍ക്കുമെന്ന് ഹിന്ദു ഐക്യവേദി പ്രഖ്യാപിച്ചു കഴിഞ്ഞു. ആറന്മുളയുടെ തനിമയും സാംസ്ക്കാരിക ധാര്‍മിക പാരമ്പര്യവും കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കുവാന്‍ പ്രതിജ്ഞാബദ്ധരായ തദ്ദേശവാസികളെ രാജ്യസ്നേഹികളും വിമാനത്താവളം നിര്‍മിക്കുന്നതിനെതിരെ നടത്തിവരുന്ന പ്രക്ഷോഭം ശക്തമാക്കുമെന്ന് ഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് പ്രഖ്യാപിച്ചു കഴിഞ്ഞു. ആറന്മുള വിമാനത്താവളം നിര്‍മിക്കാന്‍ അനില്‍ അംബാനിയുടെ റിലയന്‍സിന്റെ എഡിജി ഗ്രൂപ്പിന് അനുമതി നല്‍കിയത് മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനാണ്. ഏകജാലക സംവിധാനത്തിലൂടെയാണ് ഈ അനുമതി നല്‍കിയത്.
ഇപ്പോള്‍ യുഡിഫ് സര്‍ക്കാര്‍ മുന്‍ സര്‍ക്കാര്‍ വ്യവസായ ഭൂമിയാക്കി വിജ്ഞാപനമിറക്കിയ 2500 ഏക്കര്‍ സ്ഥലത്തില്‍ 2000 ഏക്കര്‍ സ്ഥലം ഒഴിവാക്കി വിമാനത്താവളത്തിനായി 500 ഏക്കര്‍ മാത്രം നല്‍കുമെന്നാണ് അറിയിക്കുന്നത്. ഇത് സംബന്ധിച്ച ഫയലില്‍ വ്യവസായ മന്ത്രി ഒപ്പുവെച്ചു കഴിഞ്ഞു. ഭൂമി വികസനത്തില്‍ വിമാനത്താവള കമ്പനി നിയമലംഘനങ്ങള്‍ നടത്തിയത് മറികടക്കാന്‍ ഉത്തരവ് വേണമെന്ന സിപിഎമ്മിലെ മുന്‍ എംഎല്‍എയുടെ അപേക്ഷ തള്ളിയ വിഎസ് അച്യുതാനന്ദന് നിര്‍മാണം ആരംഭിക്കത്തക്കവിധം ഭൂമി കൈമാറാന്‍ നടപടി സ്വീകരിക്കണമെന്ന് ഉത്തരവിടുകയാണ് ചെയ്തത്. ഇപ്പോള്‍ പ്രതിപക്ഷ നേതാവായ വിഎസ് മലക്കം മറിഞ്ഞ് ആറന്മുളയില് വിമാനത്താവളം ആവശ്യമില്ലെന്നും ഇത് അംഗീകരിക്കാന്‍ സാധ്യമല്ലെന്നുമാണ് പറയുന്നത്.
അതിന്റെ ന്യായീകരണമായി അദ്ദേഹം പറയുന്നത് 2500 ഏക്കര്‍ കൊടുത്തില്ലല്ലോ എന്നാണ്. പമ്പയുടെ തീരത്ത് 500 ഏക്കര്‍ നല്‍കുന്നത് വമ്പന്മാരെ സഹായിക്കാനാണെന്നും അതിനെ എതിര്‍ത്ത് തോല്‍പ്പിക്കുമെന്നുമാണ് വിഎസിന്റെ പുതിയ പ്രഖ്യാപനം. വയല്‍ നികത്തുന്നതിനെതിരെ പ്രതികരിക്കാതിരുന്ന മുല്ലക്കര രത്നാകരന് ഇപ്പോള്‍ വയല്‍ നികത്തലിനെതിരെ വാചാലനാണ്. ആറന്മുള ഗ്രീന്‍ഫീല്‍ഡ് രാജ്യാന്തര വിമാനത്താവളത്തിന് പരിശോധന നടത്താതെയാണ് വ്യവസായ വകുപ്പ് അനുമതി നല്‍കിയതെന്ന് നിയമസഭാ സമിതിയും കണ്ടെത്തിയിരിക്കുന്നു. പദ്ധതിയ്ക്ക് അംഗീകാരം നല്‍കുന്നതിന് മുന്‍പ് പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരവും പാരിസ്ഥിതികപരവുമായ പഠനങ്ങള്‍ നടത്തുകയോ മറ്റു വകുപ്പുകളുമായി ചര്‍ച്ച ചെയ്യുകയോ ചെയ്തിട്ടില്ല.
സംസ്ഥാന പരിസ്ഥിതി ആഘാത സമിതിയും പദ്ധതിയെപ്പറ്റി പഠനം നടത്തിയില്ല. നിലംനികത്തലിനെതിരെ ഹൈക്കോടതി വിധിയുണ്ട്. പഠനം നടത്താതെ പൊതുജനാഭിപ്രായം കേള്‍ക്കാതെയാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡും കൊച്ചി കെജിഎസ് ഗ്രൂപ്പിന് അനുകൂലമായ ക്ലിയറന്‍സ് നല്‍കിയത്. കെജിഎസ് ഗ്രൂപ്പ് തോട് ഉള്‍പ്പെടെ 350 ഏക്കര്‍ റവന്യൂ പുറമ്പോക്ക് ഭൂമി നികത്തി എടുക്കുകയും ചെയ്തു. നെല്‍വയല്‍ -തണ്ണീര്‍ത്തട സംരക്ഷണനിയമം അട്ടിമറിക്കപ്പെടുന്നതും ഒരു പ്രൈവറ്റ് കോര്‍പ്പറേറ്റ് കമ്പനിക്കുവേണ്ടി കൊച്ചി വിമാനത്താവളത്തിന് അധികം അകലെയല്ലാതെ മറ്റൊരു വിമാനത്താവളം നല്‍കുന്നതും എല്ലാം തെളിയിക്കുന്നത് കേരളം മാറിമാറി ഭരിക്കുന്ന സര്‍ക്കാരുകള്‍ ജനനന്മയല്ല ആഗ്രഹിക്കുന്നത് മറിച്ച് മാഫിയാപ്രീണനമാണ് എന്നാണ്. വിമാനത്താവള പദ്ധതി പ്രദേശത്തിനകത്തുകൂടി കടന്നുപോകുന്ന 10 മീറ്റര്‍ വീതിയുള്ള രണ്ട് കിലോമീറ്റര്‍ തോടാണ് നികത്തപ്പെട്ടത്. കേരളത്തിന്റെ പാരിസ്ഥിതിക യാഥാര്‍ത്ഥ്യമോ, നീര്‍ത്തടവും നെല്‍പ്പാടങ്ങളും നികത്തിയാലുണ്ടാകുന്ന ഭൂഗര്‍ഭ ജലവിതാന നഷ്ടമോ കാര്‍ഷികവൃത്തി നാമാവശേഷമാകുന്നതോ അധികാരം കയ്യാളുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് വിഷയമല്ല. ഇപ്പോള്‍ മഴ ചതിച്ച് അണക്കെട്ടുകളിലെ ജലവിതാനം താഴ്ന്ന് വൈദ്യുതിക്ഷാമം അനുഭവിക്കുകയാണ്. ഭക്ഷ്യക്ഷാമവും വരള്‍ച്ചയും ഉണ്ടാകുമെന്ന് ഭക്ഷ്യമന്ത്രി ശരദ് പവാര്‍ പ്രഖ്യാപിച്ചുകഴിഞ്ഞതാണ്. സംസ്ഥാനത്തെ ഭൂഗര്‍ഭ ജലവിതാനം അപകടകരമാംവിധം താണുകൊണ്ടിരിക്കുന്നുവെന്നും പമ്പാനദി താമസിയാതെ വരളുമെന്നും ഭൂഗര്ജ-ജലവകുപ്പ് നടത്തിയ പഠന റിപ്പോര്‍ട്ട് പുറത്തുവന്ന ദിവസമാണ് നീര്‍ത്തടങ്ങള്‍ നികത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. വരുംതലമുറയോട് കാണിക്കുന്ന കൊടുംക്രൂരതയാണിത്. കേരളത്തിന്റെ കാര്‍ഷിക സംസ്കാരം നശിപ്പിച്ചവര്‍ക്ക് ഇന്ന് അയല്‍സംസ്ഥാനത്തെ അരിയും കീടനാശിനി പ്രയോഗത്താല്‍ മലീമസമായ പച്ചക്കറികളും പഴങ്ങളും ഭക്ഷിക്കേണ്ട ഗതികേടാണുണ്ടായിരിക്കുന്നത്. അപ്പോഴും തീര്‍ത്തും അനാവശ്യമായ ഒരു വിമാനത്താവളം വ്യവസായപ്രമുഖര്‍ക്ക് സഞ്ചരിക്കാന്‍ മാത്രം നിര്‍മ്മിക്കുന്നതിന് ഭരണ-പ്രതിപക്ഷം പ്രതിജ്ഞാബദ്ധമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: