1985ല്‍ മലയാളത്തില്‍ പുറത്തിറങ്ങിയ സിബിമലയില്‍ ചലച്ചിത്രമാണ് ‘മുത്താരംകുന്ന് പി.ഒ.’ ഹാസ്യത്തിനു പ്രാധാന്യം നല്കി കഥപറഞ്ഞ ചിത്രം എണ്‍പതുകളിലെ മലയാള സിനിമാ വസന്തത്തിനൊപ്പം ചേര്‍ത്തുവയ്ക്കാവുന്ന സിനിമയായിരുന്നു. സൂപ്പര്‍ താരങ്ങളുടെ അകമ്പടിയില്ലാതെ സിബിമലയില്‍ ആദ്യമായി സംവിധാനം ചെയ്ത ‘മുത്താരംകുന്ന് പി.ഒ’ പ്രേക്ഷകര്‍ നല്ല രീതിയില്‍ സ്വീകരിക്കുകയും ചെയ്തു.
ഗുസ്തിയുടെ പശ്ചാത്തലത്തില്‍ ഒരു പ്രണയ കഥ അവതരിപ്പിക്കുകയായിരുന്നു അതില്‍. അന്തരിച്ച പ്രമുഖ നടനും രാജ്യാന്തര തലത്തില്‍ ഗുസ്തിയില്‍ ഇന്ത്യയുടെ അഭിമാന താരവുമായിരുന്ന ധാരാസിംഗിനെ മലയാളത്തില്‍ പരിചയപ്പെടുത്തിയ ചലച്ചിത്രവുമായിരുന്നു ‘മുത്താരംകുന്ന് പി.ഒ.’
ഗുസ്തി പ്രമേയമാക്കി അതിനുമുമ്പും മലയാളത്തില്‍ സിനിമ ഉണ്ടായിട്ടുണ്ട്. പി.പത്മരാജന്റെ ‘ഒരിടത്തൊരിടത്തൊരു ഫയല്വാന്’ ഗുസ്തിക്കാരുടെ ആകുല വിഹ്വലതകള്‍ പകര്‍ത്തി വയ്ക്കുന്നതായിരുന്നു. ഒരു ഗുസ്തിക്കാരന്റെ ജീവതത്തോട് പ്രേക്ഷകനില്‍ സഹതാപം ജനിപ്പിക്കുന്ന തരത്തിലാണ് ‘ഒരിടത്തൊരിടത്തൊരു ഫയല്വാന്’ അഭ്രപാളിയില്‍ പകര്‍ത്തിയത്. എന്നാല്‍ ഗുസ്തിയെ മഹത്വവല്‍ക്കരിക്കുകയും എന്നാല്‍ ഹാസ്യത്തിനായി ഉപയോഗിക്കുകയും ചെയ്തു സിബിമലയില്‍ ‘മുത്താരംകുന്ന്പി.ഒ.’യില്‍.
മുത്താരംകുന്ന് എന്ന ഗ്രാമത്തില്‍ ഗുസ്തിയെ അതിയായി സ്നേഹിക്കുന്ന നെടുമുടിവേണുവിന്റെ കുട്ടന്‍പിള്ള എന്ന കഥാപാത്രത്തിന്റെ മകളായ അമ്മിണിക്കുട്ടി(ലിസി)യെ അവിടെ പോസ്റ്റുമാനായി വരുന്ന ദിലീപ്കുമാര്(മുകേഷ്) സ്നേഹിക്കുന്നു. എന്നാല്‍ കുട്ടന്‍പിള്ള വിവാഹത്തിനെതിരാണ്. മകളെ ഗുസ്തിക്കാരനു മാത്രമേ വിവാഹം ചെയ്തു നല്കു എന്ന വാശിയിലാണ് അദ്ദേഹം. താന്‍ കൊണ്ടുവരുന്നവരെ ദിലീപ്കുമാര് ഗുസ്തിയില്‍ തോല്പിച്ചാല് മകളെ വിവാഹം ചെയ്തു നല്‍കാമെന്ന് വ്യവസ്ഥ വയ്ക്കുന്നു. അങ്ങനെ ദിലീപ് കുമാറിനോട് ഗുസ്തിപിടിക്കാന്‍ മുത്താരംകുന്നിലെത്തുന്ന ഗുസ്തിക്കാരനായാണ് ധാരാസിംഗ് അഭിനയിച്ചത്. ധാരാസിംഗ് എന്നു തന്നെയായിരുന്നു കഥാപാത്രത്തിന്റെയും പേര്. ഗുസ്തിയില്‍ ധാരാസിംഗിനെ തോല്‍പ്പിച്ചാല്‍ മകളെ കല്യാണം കഴിപ്പിച്ചു തരാമെന്നാണ് കുട്ടന്‍പിള്ള പറഞ്ഞിരിക്കുന്നത്. ഒടുവില്‍ ഗോദയില്‍ വച്ച് ധാരാസിങ് തന്നെ അമ്മിണിക്കുട്ടിയെ ദിലീപ്കുമാറിനു നല്കി കല്യാണം നടത്തുന്നതാണു ‘മുത്താരംകുന്ന് പിഒ’യുടെ കഥ.
ഗുസ്തിക്കാരെ അതിയായി സ്നേഹിക്കുന്ന പാരമ്പര്യമാണ് മലയാളിക്ക് എന്നുമുണ്ടായിരുന്നത്. അതിനാല്‍ കേരളത്തില്‍ നിരവധി ഗുസ്തിക്കാരും അവര്‍ക്ക് മെയ്ക്കരുത്ത് തെളിയിക്കാനുള്ള അനവധി ഗോദകളുമുണ്ടായിരുന്നു. ഗുസ്തിയെ മനം നിറയെ സ്നേഹിച്ച മലയാളികള്‍ക്ക് ഗുസ്തിയിലെ ലോക ചാമ്പ്യനായിരുന്ന ധാരാസിങ്ങിനെ കണ്‍നിറയെ കാണാനുള്ള അവസരമാണ് സിബി മലയില്‍ ഒരുക്കിയത്. ധാരാസിംഗിന്റെ രൂപം വെള്ളിത്തിരയില്‍ കണ്ടപ്പോള്‍ കയ്യടിച്ച് അദ്ദേഹത്തെ എതിരേല്‍ക്കുകയായിരുന്നു മലയാളി പ്രേക്ഷകര്‍.
ഗുസ്തിയില്‍ ആഗോള പ്രശസ്തനായിരുന്ന ധാരാസിംഗിനെ നടനെന്ന നിലയില്‍ കൂടുതല്‍ പ്രശസ്തനാക്കിയത് ഒരു കാലത്ത് ഭാരതം മുഴുവന്‍ ഭക്തിയോടെ ഏറ്റുവാങ്ങിയ രാമാനന്ദ് സാഗറിന്റെ രാമായണം സീരിയലാണ്. അതില്‍ ധാരാസിംഗ് അവതരിപ്പിച്ച ഹനുമാന്റെ വേഷം സീരിയലിനേക്കാള്‍ പ്രശസ്തമായി. 1987 ജനുവരി മുതലാണ് രാമായണം സീരിയല്‍ ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്യുന്നത്. ഞായറാഴ്ചകളില്‍ ഇന്ത്യഒട്ടുക്കുമുള്ള ടെലിവിഷന്‍ പ്രേക്ഷകര്‍ രാമായണം സീരിയലും അതിലെ ഹനുമാനെയും കാണാന്‍ സമയം നീക്കിവച്ചു. മഹാഭാരതം, ലവ് കുശ് എന്നീ പുരാണ പരമ്പരകളിലും ധാരാസിംഗ് അഭിനയിച്ചു.
ഗുസ്തിയില്‍ രാജ്യത്തിന്റെ പ്രശസ്തി ലോകമെമ്പാടും അറിയിച്ച ധാരാസിംഗ് 1928ല്‍ പഞ്ചാബിലെ അമൃതസറിലാണ് ജനിച്ചത്. ധാരാസിംഗ് രന്ദവാ എന്നാണ് മുഴുവന്‍ പേര്. പഠനകാലത്തുതന്നെ ഗുസ്തിയോട് അമിതമായ താല്പര്യം പ്രകടിപ്പിച്ചിരുന്ന ധാരാസിംഗ് പല പ്രദേശിക മത്സരങ്ങളിലും പങ്കെടുത്തു. തുടര്‍ന്ന് രാജ്യാന്തര മത്സരങ്ങളിലേക്കും സാന്നിധ്യം ഉറപ്പിച്ചു. അഞ്ഞൂറിലേറെ മത്സരങ്ങളില്‍ പങ്കെടുത്ത സിംഗ് 1959ല്‍ കോമണ്‍വെല്‍ത്ത് ചാമ്പ്യനും 1968ല്‍ ലോക ചാമ്പ്യനുമായി. 1983ല്‍ ഗുസ്തിയില്‍ നിന്ന് വിരമിച്ചു.
ഇതിനിടെ, 1960കളില്‍ തന്നെ ബോളിവുഡിലും സാന്നിധ്യമറിയിച്ചിരുന്നു. നടി മുംതാസിന്റെ ജോഡിയായി ആദ്യകാലങ്ങളില്‍ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. മിക്കപ്പോഴും അതിമാനുഷ കഥാപാത്രങ്ങളായിരുന്നു ധാരാസിംഗിനെ തേടിയെത്തിയിരുന്നത്. നിരവധി സിനിമകളില്‍ വില്ലന്‍ വേഷങ്ങളില്‍ തിളങ്ങിയ അദ്ദേഹം നല്ല സ്വഭാവ നടനെന്ന നിലയിലും പേരെടുത്തു. 2007ല്‍ പുറത്തിറങ്ങിയ ‘ജബ് വി മെറ്റ്’ എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. ഇതിനിടെ നിരവധി പഞ്ചാബി ചിത്രങ്ങള്‍ക്ക് സംവിധാനവും നിര്‍മ്മാണ ചുമതലയും വഹിച്ചു.
സിക്കന്ദര്‍ ഇ അസാം, ദാദ, ദോ ദുഷ്മന്, തൂഫാന്, അപ്നാ ഖൂന് അപ്നാ ദുഷ്മന്, മര്‍ദ്ദ്, കര്‍മ്മ, മഹാവീര, ഭക്തി മേന്‍ ശക്തി, ധരം സങ്കട്, ദില്ലഗി, ഗുരു ഗോവിന്ദ് സിംഗ്, ധ്യാനി ഭഗത്, കാരണ്, ബുലേഖ, ചമ്പല്‍ കി റാണി, ദില്‍ അപ്നാ പഞ്ചാബി തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങളില്‍ തിളങ്ങാന്‍ ധാരാസിംഗിനായി. കിങ്ങ്കോങ്ങ്, ഫൗലാദ് എന്നീ സിനിമകളിലൂടെ അദ്ദേഹം നടനെന്ന നിലയില്‍ അതി പ്രശസ്തിയിലേക്കും ഉയര്‍ന്നു.
ധാരാസിംഗിലെ ഗുസ്തിക്കാരനെയായിരുന്നു ഹിന്ദി സിനിമാ ലോകം വെള്ളിത്തിരയിലേക്ക് വരവേറ്റത്. എന്നാല്‍ താന്‍ ഗുസ്തിക്കാരന് മാത്രമല്ല, നല്ല നടനാണെന്നും അദ്ദേഹം തെളിയിച്ചു. ആദ്യകാല ചിത്രങ്ങളായ സിക്കന്ദന്‍ ഇ അസം, സാത് സമുണ്ടര് പാര്, ദാദ എന്നിവ പുറത്തു വന്നപ്പോള്‍ തന്നെ ഹിന്ദി സിനിമാ ലോകം ധാരാസിംഗിലെ നടനെ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു. പിന്നീട് സിനിമാലോകം എതിരേറ്റ് കൊണ്ടു നടന്നത് അദ്ദേഹത്തിലെ നടനെയായിരുന്നു. എങ്കിലും ഗുസ്തിയിലൂടെ അദ്ദേഹം ഇന്ത്യന്‍ കായിക രംഗത്തിന് നേടിതന്ന നേട്ടങ്ങളെ ആര്‍ക്കും വിസ്മരിക്കാനുമായില്ല.
കുട്ടികളുടെ മനസ്സും ഗുസ്തിക്കാരന്റെ ശരീരവുമായിരുന്നു ധാരാസിംഗിനെന്നാണ് അടുപ്പക്കാര്‍ അദ്ദേഹത്തെക്കുറിച്ച് പറഞ്ഞിരുന്നത്. വ്യക്തിയെന്ന നിലയില്‍ തികഞ്ഞ മാന്യനും ആരോടും സ്നേഹത്തോടെ പെരുമാറുന്നയാളുമായിരുന്നു അദ്ദേഹം. സിനിമാക്കാരുടെ ഇടയിലെ നല്ലകുട്ടിയായാണ് ധാരാസിംഗ് അറിയപ്പെട്ടിരുന്നത്. നല്ല ദേശീയ ബോധവും രാഷ്ട്രീയബോധവും ധാരാസിംഗിനുണ്ടായിരുന്നു. ഇന്ത്യന്‍ ദേശീയതയ്ക്കൊപ്പം സഞ്ചരിക്കുകയും അതിലഭിമാനിക്കുകയും ചെയ്തു അദ്ദേഹം. 2003-2009 കാലയളവില്‍ ബിജെപി ടിക്കറ്റില്‍ രാജ്യസഭാംഗമായ അദ്ദേഹം പാര്‍ലമെന്റേറിയനെന്ന നിലയിലും നല്ലപ്രകടമാണ് കാഴ്ചവച്ചത്. ധാരാസിംഗിന്റെ മരണം ഇന്ത്യന്‍ കായിക ലോകത്തിനും ചലച്ചിത്ര രംഗത്തിനും സാമൂഹ്യ ജീവിതത്തിനും ഒരു പോലെ നഷ്ടമാണു വരുത്തിയതെന്നതില്‍ തെല്ലും സംശയമില്ല.
ആര്.പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: