കഴിഞ്ഞ 37 വര്‍ഷമായി കേരളത്തില്‍ ഒരു സാംസ്കാരിക പ്രസ്ഥാനമായി പ്രവര്‍ത്തിച്ചുവരുന്ന ബാലഗോകുലത്തിന് കേരളീയ സാമൂഹത്തില്‍ ഒട്ടനവധി മാറ്റങ്ങള്‍ വരുത്താന്‍ കഴിഞ്ഞിട്ടുണ്ട്. ഒരു സമൂഹത്തിന്റെ സംസ്കാരവും പാരമ്പര്യവും നഷ്ടപ്പെടാതെയും അതില്‍ അഭിമാനം കൊണ്ട് പുതിയ തലമുറയെ വളര്‍ത്തിയെടുക്കാനുള്ള പരിപാടികള്‍ സാര്‍വത്രികമാക്കാനുമുള്ളതാണ് ബാലഗോകുലത്തിന്റെ സംഘടനാപ്രവര്‍ത്തനം. കുട്ടികളെ സ്നേഹിക്കുകയും അവരെ സ്വാഭിമാനികളാക്കുകയും ചെയ്യണമെന്നതാണതിന്റെ കര്‍ത്തവ്യം. ജനിച്ച നാടിനോടും അതിന്റെ സംസ്കാരത്തോടും അപമാനഭാവം വളര്‍ത്തി അന്യനാടിനോട് താല്പര്യവും അതില്‍ മഹത്വവും കാണുന്നവരാകണം ഭാരതീയരെന്ന, ബ്രിട്ടീഷ് ഭരണാധികാരികളുടെ വിദ്യാഭ്യാസതന്ത്രത്തെ പരാജയപ്പെടുത്തണമെന്ന് അതിന്റെ സംഘാടകര്ക്കാഗ്രഹമുണ്ടായിരുന്നു. അതുകൊണ്ട് പാശ്ചാത്യ പാഠ്യപദ്ധതിയല്ല ബാലഗോകുലം സ്വീകരിച്ചത്. ക്ലാസില്‍ മലയാളം പറഞ്ഞാല്‍ ശിക്ഷയനുഭവിക്കപ്പെടണമെന്നുള്ള തല്പരകക്ഷികളുടെ പുതിയ കാഴ്ചപ്പാട് സാര്‍വത്രികമായ പശ്ചാത്തലത്തില്‍ നാട്ടറിവുകളും നാടന്‍പാട്ടുകളും സ്വാഭിമാനം ജനിപ്പിക്കുന്ന കഥകളും പഴഞ്ചൊല്ലുകളും കഥകളുമായി കുഞ്ഞുണ്ണിമാസ്റ്റര്‍ എന്ന ഭാഷാധ്യാപകന്റെ പാഠ്യവിഷയങ്ങളാണ് ആദ്യം മുതല്‍ സ്വീകരിച്ചത്. ഭഗവദ്ഗീതയും വിവേകാനന്ദസൂക്തങ്ങളും കുട്ടികള്‍ പഠിക്കണമെന്ന് ബാലഗോകുലം നേരത്തെ നിശ്ചയിച്ചു. അതുകൊണ്ട്, അന്താരാഷ്ട്ര വ്യവസായ സ്ഥാപനങ്ങള്‍ പടച്ചുവിടുന്ന യന്ത്രസാമഗ്രികളോടൊപ്പം നമ്മുടെ അടുക്കളകളില്‍ കടന്നുകയറുന്ന, വിദേശഭാഷയും ഭക്ഷണക്രമവും നമ്മുടെ കുട്ടികളെ ഭ്രാന്തുപിടിപ്പിക്കാതിരിക്കാന് ബാലഗോകുലത്തിന് പരിശ്രമിക്കേണ്ടതുണ്ട്.
ശ്രീകൃഷ്ണജയന്തി സാര്‍വത്രികവും സാധാരണക്കാരന്റെ ആഘോഷവുമായി മാറിയപ്പോള്‍, ശ്രീകൃഷ്ണവേഷം മാത്രമല്ല, കാവിപതാകയും ഓം എന്ന മുദ്രയും കൃഷ്ണലീലകളും കര്‍മ്മധീരനായ പാര്‍ത്ഥസാരഥിയുടെ തത്വചിന്തകളും സാധാരണക്കാരന്റെ ജീവിതത്തില്‍ സ്വാധീനം ചെലുത്തി. വീടിനും സ്ഥാപനങ്ങള്‍ക്കും കുട്ടികള്‍ക്കും കൃഷ്ണന്റെ പേരുകള്‍ നല്കാന് തുടങ്ങി. ശ്രീകൃഷ്ണവിഗ്രഹം പ്രാര്‍ത്ഥനാമുറിയില്‍ സ്ഥാനംപിടിച്ചു. ശ്രീകൃഷ്ണഗാനങ്ങളും വിവിധ കലകളും ജനഹൃദയത്തെ പുളകം കൊള്ളിക്കുന്നുവെങ്കില്‍ അതില്‍ ശ്രീകൃഷ്ണചൈതന്യം നിറഞ്ഞുനില്ക്കുന്നുണ്ടെന്ന് ഉറപ്പാണ്. ബാലികാബാലന്മാര്‍ക്ക് ആരാധ്യനായ കളിത്തോഴനായി പകരം വെക്കാന്‍ ലോകചരിത്രത്തില്‍ മറ്റൊരു കഥാപാത്രമില്ല. കേരളത്തിന്റെയും ഭാരതത്തിന്റെയും അതിര്‍ത്തി കടന്ന് ബാലഗോകുലം വളര്‍ന്നുവെങ്കില്‍, ഒരു പ്രധാന കാരണം ശ്രീകൃഷ്ണന് ആരാധ്യനായതുകൊണ്ടാണ്. ശ്രീകൃഷ്ണജയന്തിയിലൊതുങ്ങിനില്‍ക്കുന്നതല്ല ബാലഗോകുല പരിപാടികള്‍. മേറ്റ്ങ്ങുമില്ലാത്ത ഒരു പ്രവര്‍ത്തനശൈലി അതിനുണ്ട്. ബാലഗോകുലത്തിന്റെ പ്രവര്‍ത്തനങ്ങളെല്ലാം കുട്ടികളെ കേന്ദ്രീകരിച്ചാണ്. അതിന്റെ പ്രധാന പരിപാടി ആഴ്ചതോറും നടക്കുന്ന സാംസ്കാരികക്ലാസുകളാണ്. പ്രവര്‍ത്തകര്‍ മുതിര്‍ന്നവരാണെങ്കിലും പരിപാടികളെല്ലാം കുട്ടികള്‍ക്കുവേണ്ടിയാണ്. കലോത്സവങ്ങള്‍ക്കും ബാലമേളകള്‍ക്കുമപ്പുറം, സംഘടിപ്പിക്കുന്ന എല്ലാ പരിപാടികളും കുട്ടികളുടെ സാംസ്കാരികോന്നതിക്കുതകുന്നവ മാത്രമാണ്. പുസ്തകപ്രസിദ്ധീകരണമാണെങ്കിലും സാംസ്കാരിക പരീക്ഷകളാണെങ്കിലും ലക്ഷ്യം ഒന്നുതന്നെയാണ്.
കാലത്തിന്റെ മാറ്റത്തില്‍ സമൂഹം നേരിടുന്ന പ്രശ്നങ്ങള്‍ പലതാണ്. പ്രശ്നങ്ങളുടെയെല്ലാം ഫലം അനുഭവിക്കേണ്ടത് കുട്ടികളാണ്. മരുന്നിലും ഭക്ഷണത്തിലും ചേര്‍ക്കുന്ന മായം, ആദ്യം ബാധിക്കുന്നത് കുട്ടികളെയാണ്. സംസ്കാരമില്ലാത്തവര്‍ ധനികരായാലും ദരിദ്രരായാലും അതിന്റെ ഫലം ആദ്യം ബാധിക്കുന്നത് കുട്ടികളെയാണ്. അതുകൊണ്ട്, സമൂഹത്തില്‍ വരുന്ന ദുഷിപ്പുകള്‍ പരിഹരിക്കുന്ന കാര്യത്തിലും ഒരു പരിധിവരെ ഇടപെടാന്‍ ബാലഗോകുലത്തിന് കഴിയണം. മദ്യപാനിയായ പിതാവിന്റെ ദുര്ന്നടപടികൊണ്ട് കുടുംബത്തില്‍ വരുന്ന കലാപം കുട്ടികളെയാണ് കഷ്ടപ്പെടുത്തുന്നത്. കുടുംബാന്തരീക്ഷവും ശിഥിലമാകുന്നു. പ്രകൃതി ചൂഷണവും പരിസര മലിനീകരണവും, വായുവിലും ജലത്തിലും കലരുന്ന വിഷാംശങ്ങളും തന്മൂലമുണ്ടാകുന്ന മാരകരോഗങ്ങളും സമ്പന്നന്മാരും വ്യവസായസ്ഥാപനങ്ങളുമാണ് സൃഷ്ടിക്കുന്നതെങ്കിലും ഭാവിതലമുറയെ തകര്‍ക്കുകയാണ് ചെയ്യുന്നത്.
കേരളം കുടുംബശൈഥില്യത്തിന്റെ മൂര്‍ധന്യതയിലാണെന്ന് അന്വേഷണ കമ്മീഷന് കണ്ടെത്തിയിരിക്കുന്നു. കുട്ടികളെയും സ്ത്രീകളെയും പീഡിപ്പിക്കുന്നവര്‍, മദ്യപാനവും കക്ഷിരാഷ്ട്രീയ മത്സരവും ധനസമ്പാദന വ്യഗ്രതയുമെല്ലാം സമൂഹത്തില്‍ ശൈഥില്യം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. വ്യാപകമായ ആധുനിക വിദ്യാഭ്യാസം തൊഴിലിനുവേണ്ടി മാത്രമായതുകൊണ്ട് അതിന്റെ മാനദണ്ഡം ധനമായിത്തീര്ന്നിരിക്കുന്നു. ആ ധനത്തിന്റെ ദുര്‍വിനിയോഗമാണ് ഇന്നത്തെ എല്ലാ മാലിന്യങ്ങള്‍ക്കും കാരണം. അങ്ങിനെ വിദ്യാഭ്യാസവും വ്യവസായമായി മാറിക്കൊണ്ടിരിക്കുന്നു. ഒരുവനെ സംസ്കാരസമ്പന്നനാക്കാനുള്ളതാണ് വിദ്യാഭ്യാസമെന്ന ധാരണ മാറിപ്പോയിരിക്കുന്നു. ബാലഗോകുലം നല്കുന്ന സാംസ്കാരിക വിദ്യാഭ്യാസം ഏത് വിദ്യാസമ്പന്നനും ലഭിക്കേണ്ടതുണ്ടെന്നും മനസിലാക്കേണ്ടിയിരിക്കുന്നു.
നഴ്സറി മുതല്‍ ഉന്നതബിരുദംവരെയുള്ള വിദ്യാഭ്യാസം ഇത്തരം വ്യവസായശാലയിലാകുമ്പോള്, കുട്ടികളെ രക്ഷിക്കാനുള്ള ബാലഗോകുലത്തിന്റെ ബാധ്യത വര്‍ധിക്കുന്നു. അതേസമയം സാംസ്കാരിക വിദ്യാഭ്യാസത്തിന് കുട്ടികള്‍ക്കെവിടെ സമയം? രാപ്പകല്‍ പദവി നേടാനുള്ള മത്സരമാണ്. പണിയെടുക്കാതെ നിത്യവൃത്തിക്ക് എങ്ങനെ ധനം ലഭിക്കുമെന്ന ഇന്നത്തെ അവസ്ഥയില്‍, കുട്ടികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ വലിയവര്ക്കെവിടെ സമയം? ഇത് രണ്ടും കാലം വരുത്തിവെച്ച പ്രശ്നങ്ങളാണ്. കാലത്തെ അതിജീവിക്കാനുള്ള കഴിവ് ഭാരതീയ സംസ്കൃതിയുടെ പ്രത്യേകതയാണ്. അതുകൊണ്ടാണ് ലോകം പിടിച്ചടക്കാന്‍ വന്ന വിദേശശക്തികള്‍ക്ക് ഒരിക്കലും കീഴടങ്ങാതെ ഭാരതീയ സംസ്കാരം മുന്നേറിയത്. അതുകൊണ്ടാണ് 5000 വര്‍ഷം മുമ്പ് പറഞ്ഞ ഗീതാവാക്യങ്ങള്‍ ഇന്നും പ്രസക്തമാകുന്നത്. ആ ശ്രീകൃഷ്ണന്‍തന്നെയാണ് ബാലഗോകുലത്തിന്റെ ആദര്‍ശപുരുഷന്‍. പുതുതലമുറയെ ഇന്നത്തെ മാലിന്യക്കുഴിയില്‍നിന്ന് രക്ഷിക്കാനും സംസ്കാരസമ്പന്നമാക്കാനുമുള്ള കര്ത്തവ്യമേറ്റെടുക്കാന് ബാലഗോകുലം പ്രവര്‍ത്തകര്‍ കടപ്പെട്ടിരിക്കുന്നു. സമൂഹമിന്ന് അനുഭവിക്കുന്ന ബഹുവിധ പ്രശ്നങ്ങളും നേരിടാനുള്ള കര്‍മ്മശേഷി ബാലഗോകുലം സമാര്ജിക്കണം. ഭാരതം നിലനിന്നത് കുടുംബബന്ധം ഒന്നുകൊണ്ടു മാത്രമാണ്. അണുകുടുംബങ്ങള്‍ കാലത്തിന്റെ സൃഷ്ടിയാണ്. കൂട്ടുകുടുംബം തകര്‍ന്നിടത്ത് കുടുംബങ്ങളുടെ കൂട്ടായ്മ സൃഷ്ടിക്കാന്‍ ബാലഗോകുലം പ്രതിജ്ഞാബദ്ധമാണ്. ഗോകുലങ്ങള്‍ വഴി, കുടുംബത്തിലും കുടുംബങ്ങളുടെ കൂട്ടായ്മയിലും അങ്ങനെ ഗോകുലഗ്രാമത്തിലേക്കും സംക്രമിക്കുന്ന പ്രവര്‍ത്തനശൈലിയാണ് ബാലഗോകുലത്തിന്റേത്. ഗോകുലഗ്രാമത്തില്‍ കുട്ടികളുടെ കൂട്ടായ്മ വേണം. അവരെ സംസ്കാരസമ്പന്നരാക്കുകയും കുടുംബങ്ങളുമായി ബന്ധപ്പെടുത്തുകയും ചെയ്യാന്‍ ഗോകുലപ്രവര്ത്തകസമിതി വേണം.
ഗോകുലഗ്രാമത്തിന്റെ സംശുദ്ധിക്കും സമഗ്ര വികസനത്തിനും സേവനത്തിനും സംസ്ക്കാരസമ്പന്നനായ ഒരു കുടുംബനാഥന്റെ നേതൃത്വത്തില്‍ രക്ഷാകര്‍തൃ സമിതിയും സജീവമാകുമ്പോള്‍ ഇന്ന് കാണുന്ന സാമൂഹ്യമാലിന്യങ്ങള്‍ പലതും പരിഹരിക്കപ്പെടും. ബാലപീഡനവും സ്ത്രീപീഡനവും മദ്യപാനംകൊണ്ടുള്ള ഗൃഹകലഹവും ഗൃഹസമ്പര്‍ക്കം വഴിയും സാംസ്കാരിക കൂട്ടായ്മ വഴിയും മാറ്റപ്പെടണം. ഗോപൂജ, ഗോസംരക്ഷണത്തിലേക്കും ഗ്രാമസങ്കല്പ്പത്തിലേക്കും മാറണം. പ്രകൃതിസംരക്ഷണവും കാര്‍ഷിക താല്പര്യവും കുട്ടികളില്‍നിന്ന് തുടങ്ങണം.
സ്വാമി വിവേകാനന്ദന്റെ 150-ാം ജയന്തിയാഘോഷങ്ങള്‍ക്ക് പദ്ധതി തയ്യാറാക്കുമ്പോള്‍ ബാലഗോകുലത്തിന് ഒരു പ്രത്യേക ഉദ്ദേശ്യമുണ്ട്. സ്വധര്മ്മത്തിലഭിമാനം കൊള്ളാനും ഭാരതത്തെ സ്വതന്ത്രമാക്കാനുമുള്ള ആഹ്വാനമാണ് കഴിഞ്ഞ തലമുറയെ വിവേകാനന്ദന് പ്രചോദിപ്പിച്ചതെങ്കില്‍, ഇന്ന് ഉപഭോഗസംസ്കാരത്താല് അഴിമതിയിലും ആര്‍ഭാടത്തിലും മുഴുകി മണിമാളികകള്‍ പണിത് ധൂര്‍ത്തടിച്ച് കുടിച്ചു തിമിര്‍ക്കുന്ന ഇന്നത്തെ സമൂഹത്തെ നേര്‍വഴിക്ക് നയിക്കാനുള്ള ബാധ്യത മറക്കാന്‍ പാടില്ല.
വിവേകാനന്ദന്റെ കേരള സന്ദര്‍ശനാവസരത്തില്‍, ഇവിടുത്തെ സമൂഹം നേരിടുന്ന പ്രശ്നം മനസിലാക്കിയാണ് ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ചത്. എന്നാല്‍ ശ്രീനാരായണഗുരുവിനെപ്പോലുള്ള നവോത്ഥാന നായകന്മാരുടെ പരിശ്രമഫലമായി വളരെ ഏറെ മാറ്റം വന്നുവെങ്കിലും, പിന്നീട് കേരളം വാരിപ്പുണര്‍ന്നത്, കേരളീയ പ്രശ്നപരിഹാരത്തിന് പാശ്ചാത്യമാര്ഗമാണ്, ഹിംസാത്മക പാശ്ചാത്യ ഇസങ്ങളും സെമറ്റിക് അസഹിഷ്ണുതയുമാണ്. എന്തിനും പടിഞ്ഞാറുനിന്ന് വരുന്നതിനെ അത്യധികമായി അനുകരിക്കുന്ന കേരളീയ പുതുതലമുറയുടെ സ്വഭാവവും നവോത്ഥാനനായകന്മാരുടെ സന്ദേശത്തെ വിഗണിക്കുന്നതിന് കാരണമായി. വടക്കുനിന്ന് വന്ന ഒട്ടനവധി നവോത്ഥാനപ്രസ്ഥാനങ്ങളുടെ കൂട്ടത്തില്‍ രാമകൃഷ്ണ മിഷന്റെ സന്ദേശമാണ്, യുവാക്കളെ ഏറെ സ്വാധീനിച്ചത്. സ്വാമി ആഗമാനന്ദനും നിര്‍മ്മലാനന്ദനും മറ്റും മുന്നണിയില്‍ വന്നതിന്റെ ഫലമായി രാമകൃഷ്ണാശ്രമങ്ങള്‍ വഴി വിവേകാനന്ദസാഹിത്യത്തിന് സ്വാധീനം വര്‍ധിച്ചു.
തുടര്‍ന്ന് രാഷ്ട്രീയ സ്വയംസേവകസംഘം ക്രമാനുഗതമായി വ്യാപകമായി വളര്‍ന്നു. ഒരു പരിധിവരെ കേരളീയ നവോത്ഥാനത്തെ മുന്നോട്ടുനയിച്ചത് സംഘമാണ്. നിരീശ്വര രാഷ്ട്രീയക്കാരുടെ ശക്തമായ എതിര്‍പ്പ് നേരിടേണ്ടിവന്നപ്പോഴും പിടിച്ചുനിന്നത് സംഘംതന്നെയാണ്. വിവേകാനന്ദസന്ദേശ പ്രചാരണം ജനങ്ങളില്‍ വേരുറച്ചുനിന്നു എന്നു മാത്രമല്ല, കന്യാകുമാരിയിലെ വിവേകാനന്ദ സ്മാരക നിര്‍മ്മാണത്തില്‍ മുഖ്യപങ്ക് വഹിക്കാനും സംഘത്തിന് കഴിഞ്ഞു. ഭാരത ഭൂപടത്തില്‍ ഇടം നേടിയ സംഭവമാണത്. ഇതൊക്കെയാണെങ്കിലും കേരളം അതിന്റെ മുന്‍കാല സ്വഭാവമനുസരിച്ച് ജാതിയുടെ മതിലിനുള്ളില്‍നിന്ന് പൊരുതുവാനാണ് ഇപ്പോഴും താല്പര്യമെടുക്കുന്നത്. ശബരിമല അയ്യപ്പന്റെയും ഗുരുവായൂരപ്പന്റെയും ജനസ്വാധീനം ഒരു പരിധിവരെ ഹൈന്ദവാചാരത്തില്‍ പിടിച്ചുനില്ക്കാന് ഹൈന്ദവരെ സഹായിച്ചു. ശ്രീനാരായണഗുരുവിന്റെ സന്ദേശപ്രചരണം ശക്തിയായി നടക്കുമ്പോഴും ഹൈന്ദവ മുഖ്യധാരയില്‍ ഒഴുകിച്ചേരാനോ, വിവേകാനന്ദന്റെ ഉജ്വല സന്ദേശത്തിനനുസരിച്ച് തീവ്രമായ ദേശീയാഭിമാനം കൈവരിക്കാനോ കഴിയാതെ ശിഥിലീകരണ പ്രവണതയില്‍ ഒതുങ്ങിനില്‍ക്കുകയാണ്. ഭൗതികശാസ്ത്രങ്ങളുടെ നേട്ടങ്ങളും തൊഴിലവസരങ്ങളും നേട്ടമാക്കി മാറ്റാന്‍ മറ്റ് സമുദായങ്ങളെപ്പോലെ മുഖ്യധാരാ ഹിന്ദുസമൂഹം വിജയിച്ചിട്ടില്ല എന്നതും എടുത്തുപറയേണ്ടതാണ്.
അമേരിക്ക കൈവരിച്ച സംഘടിത സാമ്പത്തികനേട്ടം ഭാരതം കൈവരിക്കണമെന്ന് വിവേകാനന്ദന് ഒരുകാലത്ത് പ്രകടിപ്പിച്ച ആഗ്രഹം ഒരു പരിധിവരെ ഭാരതം കൈവരിച്ചുകൊണ്ടിരിക്കുമ്പോഴും കേരളം തൊഴിലന്വേഷികളായി വിദേശരാജ്യങ്ങളെ ആശ്രയിക്കുകയാണ്.
ബാലഗോകുലത്തിന്റെ വ്യാപകമായ പ്രവര്‍ത്തനം കൊണ്ട് ഹിന്ദുസമൂഹത്തില്‍, ശ്രീകൃഷ്ണ ചിന്തകള്‍ പ്രചരിപ്പിച്ചുവരുന്നതില് സന്തുഷ്ടമായ കേരളത്തില്‍, അദ്ദേഹത്തിന്റെ മഹത്വം ദര്ശനയോഗ്യമാക്കുന്ന ഒരു അന്താരാഷ്ട്ര ശ്രീകൃഷ്ണകേന്ദ്രം സ്ഥാപിക്കാനുള്ള ശ്രമം നടന്നുവരുന്നതെല്ലാവരും അറിഞ്ഞിരിക്കുന്നു.
നൂറേക്കര്‍ വ്യാപിച്ചുകിടക്കുന്ന പ്രകൃതിസുന്ദരമായ ഒരു സ്ഥലത്ത് ഒരു വൃന്ദാവനം രൂപംകൊള്ളണമെന്നതാണ് സങ്കല്‍പ്പം. കേരളീയ ഹിന്ദുസമൂഹം ഉത്സവങ്ങള്‍ക്കും സപ്താഹങ്ങള്‍ക്കും മറ്റ് ആഘോഷങ്ങള്‍ക്കും വേണ്ടത്ര ധനം ചെലവഴിക്കുന്ന ഒരു സ്വഭാവം രൂപംകൊണ്ടിട്ടുണ്ട്. ഓരോ വര്‍ഷവും ശ്രീകൃഷ്ണജയന്തിയാഘോഷത്തില് പങ്കെടുക്കുന്ന ജനങ്ങളുടെ സംഖ്യ സൂചിപ്പിക്കുന്നത് ശ്രീകൃഷ്ണകേന്ദ്രിതമായ ഒരു ഉണര്‍വ് ഹിന്ദുസമൂഹത്തില്‍ രൂപംകൊണ്ടിട്ടുണ്ട് എന്നാണ്. ഗോഹത്യയില്നിന്നും ഗോപൂജയിലേക്ക് ജനങ്ങളെ തിരിച്ചുവിടാന്‍ ബാലഗോകുലത്തിന് കഴിഞ്ഞിട്ടുണ്ട്. ഗോക്കളെ സംരക്ഷിക്കാന്‍ മാതൃകാപരമായ ഒരു ഗോശാല, പ്രകൃതിസമ്പത്ത് സംരക്ഷിക്കുന്നതിനും മാതൃകയായി, വൃക്ഷം നട്ടുവളര്‍ത്തി, ഒരു ഔഷധത്തോട്ടംതന്നെ സൃഷ്ടിക്കണമെന്നുണ്ട്. ഉണ്ണിക്കണ്ണന്റെ ദിവ്യവിഗ്രഹം പ്രതിഷ്ഠിച്ച, ഒരു ഭവ്യമണ്ഡപവും സ്തൂപവും ശ്രീകൃഷ്ണചരിതം ആലേഖനം ചെയ്ത പ്രദര്‍ശിനിയും. നവഗ്രഹപ്രതിഷ്ഠയുമൊക്കെയടങ്ങിയതായിരിക്കും സങ്കല്പ്പിത മന്ദിരം. വൃദ്ധജനങ്ങള്‍, കുട്ടികള്‍ ഇവരുടെ സംരക്ഷണം ലക്ഷ്യമാക്കിയുള്ള സ്ഥാപനങ്ങള്‍, ധ്യാനമന്ദിരങ്ങള്‍, ശ്രീകൃഷ്ണലീലകള്‍ ആവിഷ്കരിക്കുന്ന കുട്ടികളുടെ വിനോദകേന്ദ്രം, കലാപ്രകടനത്തിനുള്ള രംഗശാലകള്‍, പുരാണചരിത്രപുരുഷന്മാര്, സ്വാതന്ത്ര്യസമരനേതാക്കള്‍ ഇവരെക്കുറിച്ച്, ഭാരതത്തിലെ പുണ്യകേന്ദ്രങ്ങളെക്കുറിച്ച് അറിവ് നല്കുന്ന രംഗശാലകള്‍, വൈദിക സംസ്കൃതിയുടെ ഗ്രന്ഥശേഖരം, പഠനഗവേഷണവ്യവസ്ഥ ഇവയടങ്ങിയ വേദവിജ്ഞാനകേന്ദ്രം തുടങ്ങിയവയൊക്കെയടങ്ങിയ ഇന്റര്‍നാഷണല്‍ ശ്രീകൃഷ്ണകേന്ദ്രം, ഭാരതത്തിലും പുറത്തുമുള്ളവര്‍ക്ക് നമ്മളുടെ സംസ്കാരത്തനിമ കണ്ടുപഠിക്കുവാനും ആനന്ദിക്കുവാനും ഉതകുന്ന ഒന്നായിരിക്കണമെന്ന സങ്കല്‍പ്പത്തിലാണ് പ്രവര്‍ത്തനം നടന്നുവരുന്നത്.
എം.എ.കൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: