‘വികെഎന്‍’ എന്ന പേരില്‍ ഇന്ത്യന്‍ പത്രപ്രവര്‍ത്തന രംഗത്ത് അറിയപ്പെട്ടിരുന്നത് മലയാളികളെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത വികെഎന്‍ അല്ല. എഴുപതുകളുടെ അന്ത്യം വരെ, ഏതാണ്ട് അര നൂറ്റാണ്ട് കാലം പത്രരംഗത്ത് നിറഞ്ഞുനിന്നിരുന്ന വികെഎന്‍ പത്രാധിപര്‍മാരുടെ പത്രാധിപര്‍ ആയിരുന്ന സാക്ഷാല്‍ വി.കെ.നരസിംഹനാണ്. “നരന്മാര്ക്കിടയിലെ സിംഹവും സിംഹങ്ങള്‍ക്കിടയിലെ നരനും” എന്ന് അദ്ദേഹത്തെ പത്രലോകം വിശേഷിപ്പിച്ചിരുന്നു. പത്രപ്രവര്‍ത്തന രംഗത്തെ ആ നരസിംഹാവതാരത്തിന്റെ ശതാബ്ദിവര്‍ഷമാണിത്. അധികം ആരും അറിയാതെയും ആഘോഷിക്കാതെയുമാണ് വികെഎന്റെ ജന്മശതാബ്ദി കടന്നുപോവുന്നത്. അദ്ദേഹത്തിന്റെ മകനും പ്രശസ്ത പത്രപ്രവര്‍ത്തകനുമായ വി.എന്‍.നാരായണന്, അച്ഛനെ കുറിച്ചെഴുതിയ ‘ഗോഡ്സ് ഓണ്‍ മാര്‍ക്സിസ്റ്റ്’ (ദൈവത്തിന്റെ സ്വന്തം മാര്ക്സിസ്റ്റുകാരന്) എന്ന പുസ്തകത്തിന്റെ ബംഗളൂരുവിലെ പ്രകാശനത്തോട് അനുബന്ധിച്ച് ചേര്‍ന്ന ചെറിയൊരു കൂട്ടായ്മ മാത്രമാണ് വി.കെ.നരസിംഹനെ അനുസ്മരിക്കാന്‍ അദ്ദേഹത്തിന്റെ ജന്മശതാബ്ദി വര്‍ഷത്തില്‍ ഇതുവരെ നടന്ന ഒരു ചടങ്ങ്. അതിനും അധികം പ്രചാരമൊന്നും കിട്ടിയില്ല. അത് സംബന്ധിച്ച വാര്‍ത്ത കര്‍ണാടകത്തിലെ പ്രാദേശിക, ദേശീയ പത്രങ്ങള്‍ സിറ്റി പേജിലൊതുക്കി. പിന്നെ വികെഎന്നെ ഓര്‍മയിലെത്തിച്ചത് വി.എന്‍.നാരായണന്റെ പുസ്തകത്തെപ്പറ്റി പ്രസിദ്ധീകരിക്കപ്പെട്ട ഏതാനും അവലോകനങ്ങളാണ്.
കമ്പ്യൂട്ടറും ഇ മെയിലുമൊക്കെ ഇന്ത്യന്‍ മാധ്യമലോകത്തിന് അജ്ഞാതവും അപ്രാപ്യവുമായിരുന്ന തൊണ്ണൂറുകളുടെ തുടക്കംവരെ, ടെലിപ്രിന്റുകള് വഴിയും ടെലക്സ് വഴിയും റിപ്പോര്‍ട്ടുകളും സന്ദേശങ്ങളും അയയ്ക്കുമ്പോള്‍ അവയുടെ അവസാനത്തില്‍ അയയ്ക്കുന്നയാളിനെ തിരിച്ചറിയാന്‍ സഹായകമായി പേരിന്റെ രണ്ടോ മൂന്നോ അക്ഷരങ്ങള്‍ ചേര്‍ക്കുക പതിവായിരുന്നു. വി.കെ.നരസിംഹന് അങ്ങനെ വികെഎന്നും എസ്.മുല്ഗോക്കര് എസ്എമ്മും അജിത് ഭട്ടാചാര്‍ജി എബിയുമൊക്കെ ആയി. ആ ചുരുക്കപ്പേരിലാണ് അവര്‍ സഹപ്രവര്‍ത്തകര്‍ക്കിടയില്‍ അറിയപ്പെട്ടിരുന്നത്. വികെഎന്‍ എന്ന പേരില്‍ വരുന്ന ഒരു ടെലിപ്രിന്റര്‍ സന്ദേശമോ വാര്‍ത്താശകലമോ കാണാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടില്ല. ആ മഹാനായ പത്രാധിപര്‍ പത്രരംഗം വിട്ടതിന് ശേഷമാണ് ഞാന്‍ പത്രപ്രവര്‍ത്തനത്തില്‍ പിച്ചവച്ചു തുടങ്ങിയത്. എഴുപത്തേഴില്‍ സജീവപത്രപ്രവര്ത്തനത്തില്നിന്ന് വികെഎന്‍ വിരമിച്ചു. പല്ലും നഖവും ഉപയോഗിച്ച് തിന്മയെ എതിര്‍ക്കുന്ന പത്രപ്രവര്‍ത്തനരംഗത്തെ ഒരു നരസിംഹമൂര്‍ത്തി തന്നെയാണ് താനെന്ന് തെളിയിക്കുകയും പത്രലോകമാകെ അത് തലകുലുക്കി സമ്മതിക്കുകയും ചെയ്തതിന്റെ തൊട്ടു പിന്നാലെ ആയിരുന്നു വികെഎന്നിന്റെ ആ വിടവാങ്ങല്‍. “സ്വരം മോശമാവുന്നതിന് മുമ്പ് പാട്ട് നിര്‍ത്തുന്നതല്ലേ നല്ലത്” എന്നാണത്രെ പത്രാധിപ സ്ഥാനത്തേക്ക് തിരിച്ചുവരണമെന്ന പത്രം ഉടമയുടെ അഭ്യര്‍ത്ഥനയുമായി തന്നെ വന്നു കണ്ട മുതിര്‍ന്ന പത്രപ്രവര്ത്തകന് കുല്‍ദീപ് നയ്യാറോട് വി.കെ.നരസിംഹന് പ്രതികരിച്ചത്. മിക്ക പത്രാധിപര്മാരേയുംപോലെ അത്ര സുഖകരമായ അനുഭവമല്ലായിരുന്നു പത്രാധിപര്‍ കസേരയിലെ അവസാനനാളുകളില്‍ അദ്ദേഹത്തിനും. ഇന്ത്യന്‍ പത്രപ്രവര്‍ത്തനത്തിന്റേയും താന്‍ പത്രാധിപരായിരുന്ന ഇന്ത്യന്‍ എക്സ്പ്രസിന്റെയും അന്തസ്സും ആഭിജാത്യവും അടിയന്തരാവസ്ഥയുടെ നാളുകളില്‍ ഉയര്‍ത്തിപ്പിടിച്ചതിന് ശേഷമാണ് അദ്ദേഹത്തിന് പടിയിറങ്ങേണ്ടിവന്നത്. ‘കുനിയാന്‍ ആവശ്യപ്പെട്ടപ്പോള്‍ കാല്മുട്ടിലിഴഞ്ഞ’ പത്രാധിപന്മാര്ക്കിടയിലാണ് നരസിംഹന് യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവാതെ വേറിട്ടുനിന്ന് പൊരുതിയത്. ഇന്ത്യന്‍ എക്സ്പ്രസിന്റെ എഡിറ്റോറിയല്‍ സ്പേസ് ഒന്നും എഴുതാതെ ചീഫ് എഡിറ്റര്‍ ഒഴിച്ചിട്ടു. പത്രാധിപക്കുറിപ്പുകളും മുഖപ്രസംഗവും ഉള്‍പ്പെടെ പ്രസിദ്ധീകരിക്കുന്നതെന്തിനും ‘സെന്‍സര്‍ഷിപ്പ്’ ഏര്‍പ്പെടുത്തിയ അടിയന്തര ഭരണകൂടത്തിനും പത്രമാരണനിയമത്തിനും എതിരെയുള്ള പ്രതിഷേധവും പരസ്യമായ വെല്ലുവിളിയുമായിരുന്നു നരസിംഹന്റെ നടപടി. വരികളിലൂടെ മാത്രമല്ല വരകളിലൂടെയും വിമര്‍ശന വര്ഷമൊരുക്കാന് നരസിംഹന്റെ നേതൃത്വത്തില്‍ ‘ഇന്ത്യന്‍ എക്സ്പ്രസ്’ തയ്യാറായി. അബുവിന്റേയും ഒ.വി.വിജയന്റേയും മറ്റും കുറിക്ക് കൊള്ളുന്ന കാര്ട്ടൂണുകള് പത്രം പ്രസിദ്ധീകരിച്ചു. വരികള്‍ക്കിടയിലൂടെ വിമര്‍ശിക്കാന്‍ നരസിംഹന്റെ വിരുതൊന്ന് വേറെ തന്നെയായിരുന്നു.
പക്ഷെ അധികകാലം ആ ശൈലി തുടരാന്‍ നരസിംഹന് അവസരമുണ്ടായില്ല. പത്രപ്രവര്‍ത്തന രംഗത്ത് അരനൂറ്റാണ്ട് തികയ്ക്കാന്‍ രണ്ട് വര്‍ഷം മാത്രം അവശേഷിക്കേ അദ്ദേഹം പിന്‍വാങ്ങി. ഇന്ത്യന്‍ എക്സ്പ്രസിന്റെ ചീഫ് എഡിറ്റര്‍ പദവിയൊഴിഞ്ഞതിന്റെ പിന്നാലെ നരസിംഹനെ സന്ദര്‍ശിക്കാന്‍ അദ്ദേഹത്തിന്റെ വസതിയിലെത്തിയ കുല്‍ദീപ് നയ്യാര്‍ക്ക് കാണാന്‍ കഴിഞ്ഞത് യാതൊരു കുലുക്കവും കൂസലുമില്ലാതെ വീടിന്റെ വരാന്തയില്‍ കാപ്പിയും കുടിച്ച് ഭാര്യയുമായി നിസംഗനായി നിലത്തിരുന്ന് സൊറ പറയുന്ന വികെഎന്നെ ആയിരുന്നു. എക്സ്പ്രസ് ഗ്രൂപ്പിലേക്ക് മടങ്ങി വന്ന് ‘ഫിനാന്‍ഷ്യല്‍ എക്സ്പ്രസി’ന്റെ പത്രാധിപരായി വീണ്ടും ചുമതല ഏല്‍ക്കണമെന്ന രാംനാഥ് ഗോയങ്കയുടെ ആഗ്രഹം അറിയിച്ച നയ്യാരോട് “ഇനി ഇല്ല, ഒരിക്കലുമില്ല” സുസ്മേരവദനനായ വികെഎന്നിന്റെ പ്രതികരണം.
‘ഫിനാന്‍ഷ്യല്‍ എക്സ്പ്രസി’ന്റെ ചീഫ് എഡിറ്ററായിരുന്ന നരസിംഹന് അടിയന്തരാവസ്ഥക്കാലത്ത് ‘ഇന്ത്യന്‍ എക്സ്പ്രസി’ന്റെ കൂടി അധിക ചുമതല നല്‍കുകയായിരുന്നു. അങ്ങനെ നിര്‍ണായകഘട്ടത്തില്‍ എക്സ്പ്രസ് ഗ്രൂപ്പിന്റെ മൊത്തം ചീഫ് എഡിറ്ററായി അദ്ദേഹം നിര്‍ഭയ പത്രപ്രവര്‍ത്തനത്തിന്റെ പുത്തന്‍ അദ്ധ്യായങ്ങള്‍ എഴുതിച്ചേര്‍ത്തു. ‘ഹിന്ദു’വില്‍ നിന്നാണ് വികെഎന്‍ ‘ഇന്ത്യന്‍ എക്സ്പ്രസി’ലെത്തുന്നത്. ‘ഡെക്കാന്‍ ഹെറാ ള്‍ഡി’ലും ഇടക്കാലത്ത് അദ്ദേഹം പത്രാധിപര്‍ ആയിരുന്നു. പത്രാധിപരുടെ ‘ജാട’ ഒട്ടും ഒരുകാലത്തും ഇല്ലായിരുന്നു അദ്ദേഹത്തിന്. എല്ലാ പ്രതാപത്തോടെയും വാഴുന്ന കാലത്തും പത്രമാഫീസിലെ വാട്ടര്‍ കൂളറിനരികിലേക്ക് സ്വയം ഒരു ടബ്ലറുമായി നടന്നു പോയി വെള്ളമെടുത്ത് കുടിക്കുന്ന വി.കെ.നരസിംഹനെപ്പോലുള്ള ഒരു മുഖ്യപത്രാധിപര്‍ ഇന്നെന്നല്ല അന്നും ഇന്ത്യന്‍ പത്രലോകത്ത് വിരളമാണ്.
ഒട്ടേറെ കേട്ടിട്ടുണ്ട് വികെഎന്‍ എന്ന പത്രാധിപ പ്രതിഭയെ കുറിച്ച്, പത്രപ്രവര്ത്തകന് ആവുന്നതിന് മുമ്പെ തന്നെ ഞാന്‍. പക്ഷെ ആ മാധ്യമ നരകേസരിയെ നേരിട്ട് കാണാനും സംസാരിക്കാനും എനിക്ക് സാധിച്ചത് അദ്ദേഹം സജീവ പത്രപ്രവര്‍ത്തനത്തോട് വിടപറഞ്ഞ ശേഷമാണ്. എനിക്ക് അതിന് അവസരമൊരുക്കി തന്നത് എന്റെ അച്ഛന് തന്നെയാണ്. ബംഗ്ലൂരുവിലെ വൈറ്റ് ഫീല്‍ഡിലെ ശ്രീ സത്യസായിബാബയുടെ ആസ്ഥാനത്ത് വെച്ചായിരുന്നു അവിസ്മരണീയമായ ആ കൂടിക്കാഴ്ച. എണ്പത്തിനാലിലെ മഴക്കാലത്ത്. പരിചയപ്പെടുത്തിയ ഉടനെ കസേര നീക്കി ഇരിക്കാന്‍ അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു. അദ്ദേഹത്തോടൊപ്പം ഇരിക്കാന്‍ എന്റെ മനസ്സ് എന്നെ അനുവദിച്ചില്ല. ഒരു പത്രപ്രവര്ത്തകന് ചേര്‍ന്നതല്ലിത് (ക്വൊയിറ്റ് അണ്ജേര്ണലിസ്റ്റിക്) എന്ന് പറഞ്ഞ് കൊണ്ട് എഴുന്നേറ്റ അദ്ദേഹം എന്റെ രണ്ടു തോളിലും അമര്‍ത്തി നിര്‍ബന്ധിച്ച് എന്നെ ഒപ്പമിരുത്തി. മണിക്കൂറോളം ഞാനും അച്ഛനും അദ്ദേഹവുമായി പത്രങ്ങളെപ്പറ്റിയും പത്രപ്രവര്‍ത്തനത്തെപ്പറ്റിയും കേരളത്തെപ്പറ്റിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെക്കുറിച്ചും സംസാരിച്ചു.
ഒരു കറകളഞ്ഞ, കടുത്ത കമ്മ്യൂണിസ്റ്റായിരുന്നു വി.കെ.നരസിംഹന് വിദ്യാര്‍ത്ഥി ജീവിതത്തിലും പത്രരംഗത്തെ ആദ്യനാളുകളിലും. ഇന്ത്യ സ്വതന്ത്രയാവുന്നതിന് മുമ്പുള്ള പതിനഞ്ച് കൊല്ലവും സ്വതന്ത്ര ഇന്ത്യയില്‍ മുപ്പത്തിമൂന്ന് കൊല്ലവും അദ്ദേഹം പത്രരംഗത്ത് പ്രവര്‍ത്തിച്ചു. സ്റ്റാലിന്റെ നേതൃത്വവും ശൈലിയും വികെഎന്നെ കമ്മ്യൂണിസത്തില്‍ നിന്നകറ്റി. വര്‍ഗസമര സിദ്ധാന്തം അദ്ദേഹത്തിന് അസ്വീകാര്യമായി. തുടര്‍ന്ന് വികെഎന്‍ മഹാത്മാഗാന്ധിയില്‍ ആകൃഷ്ടനായി. അദ്ദേഹത്തിന്റെ ‘ബാപ്പുവില്‍നിന്ന് ബാബയിലേക്ക്’ (എൃീാ ആമുൗ ് ആമയമ) എന്ന ഗ്രന്ഥത്തില്‍ ഈ മാറ്റം വികെഎന്‍ വിശദീകരിക്കുന്നുണ്ട്. എണ്‍പതിലാണ് ശ്രീസത്യസായിബാബയുടെ സന്നിധിയില്‍ നരസിംഹന് എത്തുന്നത്. അവിടെ അദ്ദേഹം സത്യസായിട്രസ്റ്റിന്റെ ‘സനാതനസാരഥി’ എന്ന മാസികയുടെ പത്രാധിപരായി ഒരു സന്ന്യാസിയെപ്പോലെ മുപ്പതാണ്ട് ചിലവഴിച്ചു. രണ്ടായിരാമാണ്ട് മാര്‍ച്ച് ഒമ്പതാം തീയതി പുട്ടപര്‍ത്തിയില്‍ വെച്ച് തന്റെ ഭൗതികശരീരം ഉപേക്ഷിക്കുന്നതുവരെ. ഇന്ത്യന്‍ പത്രരംഗം ഇനി ഇതുപോലൊരു നരസിംഹാവതാരത്തിന് സാക്ഷ്യം വഹിക്കുമോ?
ഹരി എസ്. കര്‍ത്താ
പ്രതികരിക്കാൻ ഇവിടെ എഴുതുക: