ന്യൂദല്‍ഹി: അതിഥി താരതത്തിന്റെ റോളാണ് എ.ഐ.സി.സി.ജനറല്‍ സെക്രട്ടറിയായ രാഹുല്‍ ഗാന്ധിയുടേതെന്ന തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചതായി കേന്ദ്രമന്ത്രി സല്മാന് ഖുര്‍ഷിദ് അഭിപ്രായപ്പെട്ടു. താന്‍ അഭിമുഖത്തില്‍ പറഞ്ഞ സംഘടനാപരമായ പല പ്രശ്നങ്ങളും ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ട രീതിയിലാണ് പുറത്തുവന്നതെന്നും ഖുര്‍ഷിദ് വ്യക്തമാക്കി.
കോണ്‍ഗ്രസില്‍ നിലവിലുള്ള പ്രതിസന്ധി മറികടക്കാന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ തലമുറയുടെ പ്രത്യയ ശാസ്ത്രങ്ങള്‍ കോണ്‍ഗ്രസിന്റെ നിലവിലെ പ്രതിസന്ധി മറികടക്കാന്‍ സഹായകരമാണെന്നും ഇതിന് ഏറ്റവും ഉചിതം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃത്വം രാഹുല്‍ ഏറ്റെടുക്കുന്നതാണെന്നും സല്മാന് ഖുര്‍ഷിദ് അഭിപ്രായപ്പെട്ടു.
കോണ്‍ഗ്രസ് പാര്‍ട്ടി നേരിടുന്ന സമകാലീന വെല്ലുവിളികള്‍ നേരിടാന്‍ രാഹുല്‍ പ്രാപ്ത്നാണ്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും രാഷ്ട്രീയവും കൂടിച്ചേരുന്ന അവസ്ഥ ആശങ്കാജനകമാണ്, ഇത് ജനാധിപത്യത്തിന് വെല്ലുവിളിയാണ്, ഇത് ഇല്ലാതാകണം, അതിനായി പുതിയ നേതൃത്വം വരണമെന്നും ഖുര്‍ഷിദ് പറഞ്ഞു.
ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ഖുര്‍ഷിദ് വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി ഉത്തരവാദിത്വം ഏറ്റെടുക്കാതെ നടക്കുകയാണെന്നും ആശയപരമായി അടിത്തറയില്ലെന്നും കോണ്‍ഗ്രസിന് ദിശാബോധം നഷ്ടപ്പെട്ടുവെന്നും ഖുര്‍ഷിദ് പറഞ്ഞതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
ഇത് വിവാദമായതോടെ മാധ്യമങ്ങള്‍ക്കു മുന്നില്‍ വിശദീകരണം നല്കാന് പാര്‍ട്ടി നേതൃത്വം തന്നെ ഖുര്‍ഷിദിനോട് ആവശ്യപ്പെടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: