ന്യൂദല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് കഴിവുകെട്ടവനാണെന്ന ടൈം മാഗസിന്റെ റിപ്പോര്‍ട്ടിനെ അനുകൂലിച്ച് ബിജെപി രംഗത്ത്. മന്മോഹന് രാജിവെക്കണമെന്ന് ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദ് ആവശ്യപ്പെട്ടു. ഇന്ത്യയുടെ പ്രതിഛായ നശിപ്പിക്കപ്പെട്ടു. ഇന്ത്യ ഏറ്റവും മോശം അഴിമതി രാഷ്ട്രമാണെന്ന പ്രതിഛായ അന്തര്‍ദ്ദേശീയ തലത്തില്‍ രൂപീകരിച്ചെടുത്തതില് ദുഃഖമുണ്ട്, പ്രസാദ് പറഞ്ഞു.
ഈ വിഷയത്തില്‍ യുപിഎ അധ്യക്ഷ സോണിയാഗാന്ധിക്ക് രക്ഷപ്പെടാനാവില്ല. പ്രധാനമന്ത്രിയെ തീരുമാനിച്ചതില്‍ അവര്‍ക്കുമുണ്ട് പങ്ക്. അതുകൊണ്ടുതന്നെ രാജ്യം കഷ്ടപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മറ്റ് പല സന്ദര്‍ഭങ്ങളിലും അദ്ദേഹം രാജിവെക്കണമെന്ന് തങ്ങള്‍ ആവശ്യപ്പെട്ടിരുന്നു, പ്രസാദ് വ്യക്തമാക്കി. തങ്ങള്‍ ദീര്‍ഘകാലമായി പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യമാണ് മാഗസിന് ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. അദ്ദേഹം രാജിവെക്കണമെന്നും ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു.
പ്രതീക്ഷയ്ക്കൊത്ത് ഉയരാതെപോയ നേതാവ്, ഇന്ത്യന്‍ പുനര്‍ജീവന്‍ തേടുന്നു’ എന്ന് തലക്കെട്ടുള്ള മാഗസിന്റെ ഏഷ്യാ എഡിഷനിലാണ് മന്‍മോഹന്‍സിംഗ് കഴിവുകെട്ടവനെന്ന് ടൈം മാഗസിന് കുറ്റപ്പെടുത്തിയിരിക്കുന്നത്. മാഗസിന് അടുത്തയാഴ്ച പുറത്തിറങ്ങും. സാമ്പത്തികവളര്‍ച്ച കുറഞ്ഞതും, രൂപയുടെ മൂല്യം ഇടിയുന്നതും ധനക്കമ്മി കൂടുന്നതും അഴിമതിയുമെല്ലാംതന്നെ ‘ഐ മാന്‍ ഇന്‍ ഷാഡോ’ എന്ന ലേഖനത്തില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്. സ്വന്തം മന്ത്രിസഭയിലെ മന്ത്രിമാരെ നിയന്ത്രിക്കാന്‍പോലും മന്മോഹന് സാധിക്കുന്നില്ലെന്നും ഇതിനിടയിലാണ് ധനമന്ത്രിയുടെ അധികച്ചുമതലകൂടി അദ്ദേഹത്തിന് മേല്‍ വന്നുചേര്‍ന്നിരിക്കുന്നതെന്നും ഭരണരംഗത്ത് പുലര്‍ത്തിയിരുന്ന ആത്മവിശ്വാസം കഴിഞ്ഞ മൂന്ന് വര്‍ഷമായി മന്മോഹന്സിംഗില്നിന്ന് അകന്നുപോയിരിക്കുന്നുവെന്നും മാഗസിന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മാസികയുടെ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ മന്‍മോഹന്‍സിംഗ് രാജിവെക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: