ഏഥന്‍സ്: ഗ്രീസില്‍ അന്റോണിയോ സമരാസിന്റെ നേതൃത്വത്തിലുള്ള മുന്നണി സര്‍ക്കാര്‍ വിശ്വാസവോട്ട് നേടി. 121നെതിരേ 179 വോട്ട് നേടിയാണു ഭരണം ഉറപ്പിച്ചത്. ന്യൂ ഡെമൊക്രസി, പി.എ.എസ്.ഒ.കെ, ഡെമോക്രറ്റിക് ലെഫ്റ്റ് എന്നീ പാര്‍ട്ടികളടങ്ങുന്ന മുന്നണിയാണു സര്‍ക്കാര്‍ രൂപീകരിച്ചത്.
സിരിസ, ഇന്‍ഡിപെന്‍ഡന്റ് ഗ്രീക്ക്സ്, ഗോള്‍ഡന്‍ ഡോണ്‍, കമ്യൂണിസ്റ്റ് പാര്‍ട്ടി എന്നീ പാര്‍ട്ടികള്‍ എതിര്‍ത്തു വോട്ട് ചെയ്തു. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട ഗ്രീസിനെ കരകയറ്റുന്നതിന് നികുതി പരിഷ്കരണങ്ങളും സ്വകാര്യവത്കരണവും ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാന്‍ പദ്ധതിയിടുന്ന സര്‍ക്കാരിന് വിശ്വാസ വോട്ടെടുപ്പില്‍ ജയം നേടാനായത് ഏറെ ഗുണം ചെയ്യും.
പരിഷ്കരണ നടപടികള്‍ വേഗത്തിലാക്കേണ്ടത് അത്യാവശ്യമാണെന്ന് വിശ്വാസ വോട്ടെടുപ്പിന്റെ ചര്‍ച്ചാ വേളയില്‍ സമരാസ് ചൂണ്ടിക്കാട്ടിയിരുന്നു. ഗ്രീസിലെ സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച് യൂറോപ്യന്‍ യൂണിയന്, അന്താരാഷ്ട്ര നാണ്യ നിധി, യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് എന്നിവ സംയുക്തമായി തയ്യാറാക്കിയ റിപ്പോര്‍ട്ടും ഇന്ന് പുറത്തുവിടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: