ന്യൂദല്‍ഹി: കേന്ദ്രമന്ത്രി പി. ചിദംബരത്തെ ടെലികോം മന്ത്രിസഭാസമിതിയുടെ അധ്യക്ഷനാക്കുന്നത് രാജ്യത്തോടുള്ള ക്രൂരമായ തമാശയാണെന്ന് ബിജെപി. വിവാദമായ ടു ജി സ്പെക്ട്രം കേസില്‍ ചിദംബരത്തെ സിബിഐ ചോദ്യം ചെയ്യണമെന്ന ആവശ്യം നിലനില്‍ക്കുകയാണ്. സ്പെക്ട്രം കേസില്‍ കൂട്ടുപ്രതിയാക്കേണ്ട ചിദംബരത്തിനെയാണ് ടെലികോം മന്ത്രിസഭാസമിതി അധ്യക്ഷനാക്കുന്നതെന്നും ബിജെപി വക്താവ് രവിശങ്കര്‍ പ്രസാദ് ചൂണ്ടിക്കാട്ടി.
പ്രവര്‍ത്തനങ്ങളില്‍ സത്യസന്ധത കാത്തുസൂക്ഷിക്കുമെന്ന പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗിന്റെ പ്രസ്താവനയ്ക്ക് എതിരായ തീരുമാനമാണിത്. ടെലികോം മന്ത്രിയായിരുന്ന എ.രാജ അന്ന് ധനമന്ത്രിയായിരുന്ന പി. ചിദംബരവുമായി ചര്‍ച്ച ചെയ്തതിന് ശേഷമാണ് സ്പെക്ട്രം വില നിശ്ചയിച്ചതെന്ന് പ്രധാനമന്ത്രി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തിയിട്ടുണ്ട്. എന്നിട്ടും ചിദംബരത്തെ ടെലികോം മന്ത്രിസഭാസമിതി അധ്യക്ഷനാക്കിയതിനെക്കുറിച്ച് പ്രധാനമന്ത്രി വിശദീകരണം നല്‍കണമെന്നും രവിശങ്കര്‍ പ്രസാദ് ആവശ്യപ്പെട്ടു. ഭരണഘടനാമര്യാദ, പാര്‍ലമെന്റിന്റെ വിശ്വാസ്യത, രാഷ്ട്രീയപരമായ ധാര്‍മ്മികത ഇവയൊക്കെ മാറ്റിനിര്‍ത്തിയുള്ള പ്രവര്‍ത്തനമാണ് സര്‍ക്കാരിന്റേതെന്നും ബിജെപി വക്താവ് കുറ്റപ്പെടുത്തി.
വിവാദം ഭയന്ന് ടെലികോം മന്ത്രിസഭാസമിതിയുടെ അധ്യക്ഷസ്ഥാനത്ത് നിന്ന് കൃഷിമന്ത്രി ശരദ് പവാര്‍ ഒഴിഞ്ഞതോടെയാണ് കേന്ദ്രധനമന്ത്രിയായ പി.ചിദംബരത്തെ തത്സ്ഥാനത്ത് നിയമിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. സമിതി അധ്യക്ഷനായിരുന്ന പ്രണബ് മുഖര്‍ജി രാഷ്ട്രപതിസ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സാഹചര്യത്തിലായിരുന്നു പവാറിന് ചുമതല കൈമാറിയത്. സ്പെക്ട്രം ലേലവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനമെടുക്കുകയാണ് സമിതിയുടെ പ്രധാനചുമതല. ഓഗസ്റ്റ് 31 ന് മുമ്പ് ലേലം നടത്തണമെന്ന് സുപ്രീംകോടതി സര്‍ക്കാരിന് കര്‍ശന നിര്‍ദ്ദേശം നല്കിയ സാഹചര്യത്തില്‍ മന്ത്രിസഭാസമിതി പുന:സംഘടിപ്പിച്ച് സ്പെക്ട്രം വിലനിര്‍ണ്ണയവും മറ്റും ഊര്‍ജ്ജിതമാക്കാനുള്ള ശ്രമത്തിലണ് സര്‍ക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: