കേരളത്തില്‍ ഏറ്റവും പ്രായം ചെന്ന സംഘാധികാരിയായിരുന്നു എന്‍.ഐ നാരായണന്‍സാര്‍. വര്‍ഷങ്ങളായി തിരുവനന്തപുരം വിഭാഗ് സംഘചാലകായിരുന്നു ഹിന്ദി, സംസ്കൃതം പണ്ഡിതനായ ആ തൊണ്ണൂറ്റിമൂന്നുകാരന്‍. ഡിസംബറില്‍ എറണാകുളത്ത് നടന്ന വിശ്വഹിന്ദുപരിഷത് ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വന്ന സേതുവേട്ടന്, രോഗശയ്യയില്‍ കിടക്കുന്ന നാരായണന് സാറിനെ കാണാന്‍ കൊല്ലത്തു പോയപ്പോള്‍, അദ്ദേഹം എന്നെക്കുറിച്ചന്വേഷിച്ച വിവരം ഫോണ്‍ മുഖാന്തിരം അറിയിച്ച് പറ്റുമെങ്കില്‍ ചെന്നുകാണണമെന്ന് താല്‍പ്പര്യപ്പെട്ടു. കൊല്ലത്ത് കുണ്ടറയില്‍ മുന്‍പ് പ്രചാരകനായിരുന്ന മനോജിനേയും കൂട്ടി മകന് അനുനാരായണനും കൂടി യാത്ര തിരിച്ചു. വഴിയില്‍ കുണ്ടറയില്‍ നടന്ന പ്രാഥമിക ശിക്ഷാ വര്‍ഗില്‍ കയറി. കൊല്ലത്തെ സംഘചാലക് ഉണ്ണികൃഷ്ണനുമൊരുമിച്ച് നാരായണന് സാറിന്റെ വീട്ടിലെത്തി. വേലുത്തമ്പി ദളവ 200 വര്‍ഷങ്ങള്‍ക്ക്മുമ്പ് ബ്രിട്ടീഷ് മേധാവിത്തത്തിനെതിരെ ജനങ്ങളെ പോരാട്ടത്തിനാഹ്വാനം ചെയ്ത് ചരിത്രപ്രസിദ്ധമായ വിളംബരം നടത്തിയ ദേവീ ക്ഷേത്രത്തിലെ ആല്‍ത്തറയ്ക്കടുത്താണ് ശിബിരം. ശിബിരവേദിയില്‍ ദളവയുടെ ചിത്രം പശ്ചാത്തലമായുണ്ടായിരുന്നു.
പ്രായാധിക്യംകൊണ്ടുള്ള അവശതയല്ലാതെ മനസ്സിലെ ചൈതന്യത്തിന്റെ ദീപ്തി ഒട്ടും കുറയാത്ത അവസ്ഥയിലാണ് നാരായണന് സാറിനെ കണ്ടത്. ഞാന്‍ എത്തിയ വിവരം അറിഞ്ഞപ്പോള്‍ തൊടുപുഴ, കുമാരമംഗലം എന്നുമാത്രമല്ല വീട്ടുപേരുംകൂടി പറഞ്ഞാണ് ആശ്ലേഷിച്ചത്. കുമാരമംഗലത്തെ ഇടവഴികളും പള്ളിക്കൂടവും പകുതിക്കച്ചേരി (വില്ലേജ് ഓഫീസ്)യും ദേവസ്വം കച്ചേരിയും, ചായക്കടയും മറ്റും ഞാന്‍ ജനിക്കുന്നതിനുമുമ്പ് താന്‍ നടന്ന് പരിചയിച്ചതാണെന്നദ്ദേഹം ആവേശത്തോടെ പറഞ്ഞു. തൊടുപുഴ താലൂക്കുകച്ചേരിയില്‍ രേഖകള്‍ പകര്‍ത്തിയെഴുതിയിരുന്ന കാലം അദ്ദേഹം അനുസ്മരിച്ചു. മൂവാറ്റുപുഴ താലൂക്കിലെ ഏനാനല്ലൂര്‍ക്കാരന്‍ ഇട്ട്യാതി മകന് നാരായണന് പഠിച്ചു വളര്‍ന്ന് വലുതായതിന്റെ വിവരണം വിസ്മയകരം തന്നെ. ക്രിസ്ത്യന്‍ പാതിരിമാരുടെ വ്യാപകമായ മതപരിവര്‍ത്തന ശ്രമങ്ങളുടെ ഇരയായ ഒരു ഗ്രാമത്തില്‍ ചെറുത്തുനില്‍പ്പിന് നേതൃത്വം നല്കിയ അച്ഛന്റെ ദാര്‍ഢ്യവും ദിവസേന എട്ടും പത്തും മെയില്‍ തോടും ആറും പാടങ്ങളും കടന്ന് കാല്‍നടയായി മൂവാറ്റുപുഴ പള്ളിക്കൂടത്തില്‍ പഠിക്കാന്‍ പോയതും എല്ലാം അദ്ദേഹം വിവരിച്ചു.
ഹിന്ദുസമുദായം സുശക്തമാക്കണമെന്ന അഭിലാഷം അച്ഛനില്‍നിന്ന് ലഭിച്ച താന്‍ ഹിന്ദുമഹാമണ്ഡലത്തിന്റെ പ്രചാരകനായി തൊടുപുഴ മൂവാറ്റുപുഴ താലൂക്കുകളില്‍ പ്രവര്‍ത്തിച്ചതും കൊല്ലത്തെ സമ്മേളനത്തില്‍ സന്നദ്ധഭടന്മാരായി പ്രവര്‍ത്തിച്ച മാധവ്ജിയും സ്വയം സേവകരും ശ്രദ്ധിയില്‍പ്പെട്ടതുമൊക്കെ നാരായണന് സാര്‍ വിവരിച്ചു. സ്വാധ്യായത്തിലൂടെയാണ് അദ്ദേഹം അക്കാദമിക മികവ് നേടിയത്. ഹിന്ദിയും സംസ്കൃതവും മലയാളവും ഉന്നതബിരുദങ്ങളെയും കവിഞ്ഞ് അദ്ദേഹത്തിന്റെ അറിവിന്റെ ആഴം പോകുന്നു.
നാലു പതിറ്റാണ്ടുകളുടെ അടുപ്പമുണ്ടായിരുന്നു ഞങ്ങള്‍ തമ്മില്‍. കുരുക്ഷേത്ര പ്രകാശന്റെ ആരംഭകാലത്ത്, പ്രസിദ്ധീകരിക്കാന്‍ മുന്‍ഗണന നല്‍കേണ്ട പുസ്തകങ്ങളുടെ പട്ടിക തയ്യാറാക്കാന്‍ എറണാകുളത്ത് ചേര്‍ന്ന യോഗത്തില്‍ നാരായണന് സാറുമുണ്ടായിരുന്നു. വീരസവര്‍ക്കറുടെ ഭാരതചരിത്രത്തിലെ ആറ് സുവര്‍ണ ഘട്ടങ്ങള്‍ എന്ന പുസ്തകമായിരുന്നു അവയിലൊന്ന്. അത് നാരായണന് സാര്‍ വിവര്‍ത്തനം ചെയ്യണമെന്ന് തീരുമാനിക്കപ്പെട്ടു. അതിന്റെ ആദ്യ ഭാഗം അദ്ദേഹം നിര്‍വഹിച്ചശേഷം, ബാക്കി എന്നെ ഭാരമേല്പ്പിക്കയാണുണ്ടായത്. അദ്ദേഹത്തിന്റെ ഭാഷാശൈലീവല്ലഭത്വം അതുവായിച്ചപ്പോഴാണ് മനസ്സിലായത്.
കൈയക്ഷര വടിവ് അതിമനോഹരമായിരുന്നു. ഓരോ അക്ഷരവും പെറുക്കിയെടുക്കാവുന്നവിധം വെട്ടിത്തിരുത്തില്ലാതെ എഴുതാന്‍ കഴിയുക ഒരനുഗ്രഹം തന്നെയാണ്. പുസ്തകത്തിന്റെ രണ്ടാംഘട്ടം മുതല്‍ എന്റെ കൈക്കുറ്റപ്പാടാണ്. അത് ഏച്ചുകെട്ടാണെന്ന് ഒറ്റ നോട്ടത്തിലറിയുകയും ചെയ്യാം. ശ്രീഗുരുജി സാഹിത്യസര്‍വസ്വത്തിലെ ഏതാനും അധ്യായങ്ങളും നാരായണന്‍സാറിന്റെ വിവര്‍ത്തനമാണ്. അതുവായിച്ചുനോക്കിയപ്പോള് അദ്ദേഹത്തിന്റെ അക്ഷരവടിവ് പണ്ടത്തേതുപോലെ കോട്ടം തട്ടാതെ നില്‍ക്കുന്നുവെന്ന് സന്തോഷത്തോടെ ഓര്‍ത്തു. ഏതാനും മാസങ്ങള്‍ക്കുമുമ്പുവരെ അദ്ദേഹം കത്തുകളയയ്ക്കുമായിരുന്നു. ഈ പംക്തിയിലെ പിശകുകള്‍ കാട്ടാനും അഭിനന്ദിക്കാനുമായിരുന്നു അത്.
വര്‍ഷങ്ങള്‍ക്കുമുമ്പ് ബാളാസാഹിബ് ദേവറസ്ജി സര്‍സംഘചാലക് ആയിരുന്നപ്പോള്‍ കോഴിക്കോട്ട് ഒരാഴ്ചത്തെ ചിന്തന്‍ ബൈഠക് നടന്നു. അവിടെ ‘ധര്‍തീ കീ ശാന് തൂഹൈ മനു കീ സന്താന്’ എന്നാരംഭിക്കുന്ന ഗണഗീതം ആലപിക്കാനുണ്ടായിരുന്നു. അതിന്റെ അര്‍ത്ഥം വിശദീകരിക്കാന്‍ നാരായണന് സാറിന് ഒരു കാലാംശം നല്കപ്പെട്ടു. ഭാഷയിലും സാഹിത്യത്തിലും മാത്രമല്ല, ഹൈന്ദവ ചിന്തയിലുമുള്ള അദ്ദേഹത്തിന്റെ അവഗാഹം വ്യക്തമാക്കുന്നതായിരുന്നു ആ പ്രഭാഷണം. ‘തേരീ ഭൃകുടി മേ താണ്ഡവ കാ താലഹൈ’ എന്ന വരികളുടെ താല്‍പ്പര്യം മറക്കാനാവില്ല. മനുഷ്യന്റെ കണ്പീലികളില് ശിവതാണ്ഡവ താളം ദര്‍ശിക്കുന്ന കവി ഭാവനയുടെ ഔന്നത്യം അനുഭവിക്കാന്‍ അത് പര്യാപ്തമായിരുന്നു. ജീവിതാനുഭവങ്ങളുടെയും സമൂഹ നിരീക്ഷണത്തിന്റെയും കലവറ തന്നെ തുറന്ന് നാരായണന് സാര്‍ ഞങ്ങളെ അമ്പരപ്പിച്ചു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും അതൊക്കെ കേള്‍ക്കാന്‍ വിസ്മയ ഭരിതരായിരുന്നു. ഒരു നൂറ്റാണ്ട് പിന്നിടാറായ ജീവിതത്തിന്റെ അനുഭവങ്ങളും നിഗമനങ്ങളും ആ ദുര്‍ബല ശരീരത്തിലെ ജ്വലിക്കുന്ന അന്തകരണത്തില്‍നിന്നു പുറത്തുവന്നത് വലിയൊരനുഭവമായി.
“ജ്വലന്ത അന്തഃകരണോംകി ഹോ
അസംഖ്യ ദീപാവലി ഝാംകി”
എന്ന ഗണഗീതത്തിന്റെ വരികള്‍ അദ്ദേഹത്തിന്റെ അടങ്ങാതെ നില്ക്കുന്ന ആവേശം ഓര്‍മിപ്പിക്കുന്നു.
പി.നാരായണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: