ചെന്നൈ: കുറ്റകൃത്യ നിരക്കുകളുടെ കുറവുകൊണ്ടോ, ജാമ്യം കൂടുതല്‍ അനുവദിക്കുന്നതിനാലോ സാമൂഹ്യ വിരുദ്ധരെ അറസ്റ്റ് ചെയ്യുന്നതില്‍ പരാജയപ്പെടുന്നതുകൊണ്ടോ എന്തോ തമിഴ്നാട്ടില്‍ ജയിലുകള്‍ ഒഴിഞ്ഞു കിടക്കുന്നു.
സംസ്ഥാനത്തെ വലുതും ചെറുതുമായ 134 ജയിലുകളില്‍ ആകെയുള്ള തടവുകാരുടെ എണ്ണം 21,900 ആണ്. തടവുപുള്ളികളുടെ ആകെ ശതമാനം 63.78 ആണ്. വിചാരണയ്ക്ക് ശേഷം കുറ്റവാളിയാണെന്ന് കണ്ടെത്തിയാലും കുറ്റപത്രം സമര്പ്പിച്ചിട്ടില്ലെന്നതിനാല് തടവിലടയ്ക്കാതെ വീണ്ടും വിചാരണ തുടരുകയാണ് ഇവിടെ പതിവ്. അന്വേഷണം നേരിടുന്ന റിമാന്‍ഡ് തടവുകാര്‍ ജാമ്യവ്യവസ്ഥയില്‍ പുറത്ത് വരുന്നു.
ജയിലുകളില്‍ തടവുകാരുടെ കുറവ് സമൂഹത്തില്‍ എല്ലാം നല്ലതായി നടക്കുന്നുയെന്നതിന്റെ തെളിവ് തന്നെയാണ്. എന്നാല്‍ കോടതികള്‍ പുറപ്പെടുവിക്കുന്ന അറസ്റ്റ് വാറണ്ടുകളില്‍ എത്രത്തോളം നടപ്പിലാക്കുന്നുവെന്നതിനെക്കുറിച്ച് തമിഴ്നാട് പോലീസിന് ബോധ്യമുണ്ട്. നടപ്പിലാക്കാത്ത നിരവധി അറസ്റ്റ് വാറണ്ടുകള്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമുണ്ട്. ഇതെല്ലാം നടപ്പിലാക്കപ്പെട്ടാല്‍ സംസ്ഥാനത്തെ ജയിലുകളില്‍ സ്ഥലം കാണില്ലെന്ന് മനുഷ്യാവകാശ കോടതിയിലെ മുന്‍ പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടര്‍ വി.കണ്ണദാസന് അറിയിച്ചു.
എന്നാല്‍ മറ്റു സംസ്ഥാനങ്ങളിലെ ജയിലുകള്‍ തടവുപുള്ളികളാല് സമ്പന്നമാണ്. ആന്ധ്രാപ്രദേശില്‍ 11,792 പേര്‍ക്ക് താമസിക്കാവുന്ന ജയിലുകളില്‍ 13,682 പേരാണ് വസിക്കുന്നത്. കേരളത്തില്‍ 4,692 പേരുടെ സൗകര്യങ്ങള്‍ 6.343 പേരാണ് പങ്കിടുന്നത്. അതേസമയം കര്‍ണാടകയില്‍ 11,425 പേര്‍ക്ക് താമസിക്കാനുള്ള സൗകര്യമുണ്ടെങ്കിലും 8,830 തടവുകാരെ നിലവിലുള്ളൂ. തടവുകാര്‍ക്ക് ദയനീയ സ്ഥിതി ജാര്‍ഖണ്ഡിലാണ്. സൗകര്യമുള്ളതിന്റെ മൂന്നിരട്ടി ജനങ്ങളാണ് ജയിലുകളില്‍ താമസിക്കുന്നത്. അതായത് 5714 പേര് വേണ്ടിടത്ത് 17,355 തടവുകാര്‍. ഒഡീഷയിലും ഇതുതന്നെയാണ് സ്ഥിതി.
കുറ്റാരോപിതനായ വ്യക്തി കുറ്റവാളിയാണെന്ന് തെളിയുന്നതുവരെ ജയിലിലടയ്ക്കുന്ന സമ്പ്രദായം തമിഴ്നാട്ടിലില്ലെന്ന് തമിഴ്നാട് അഡ്വക്കേറ്റ്സ് അസോസിയേഷന് പ്രസിഡന്റ് എസ്.പ്രഭാകരന് അറിയിച്ചു. ഡിഎംകെ സര്‍ക്കാര്‍ അധികാരത്തിലിരുന്ന കാലത്ത് 2006-2008 വര്‍ഷങ്ങളിലായി 1,500 കുറ്റവാളികളായ തടവുകാരെ മോചിതരാക്കിയിട്ടുണ്ടെന്ന് ഒരു മുതിര്‍ന്ന നിയമജ്ഞന് ജയിലുകള്‍ കാലിയായതിന്റെ ശരിയായ കാരണം വ്യക്തമല്ലെന്ന് അറിയിച്ചുകൊണ്ട് പറഞ്ഞു.
ദിനംപ്രതി 500 ജാമ്യാപേക്ഷകളാണ് ഹൈക്കോടതിയില്‍ ഫയല്‍ ചെയ്യുന്നത്. ആഴ്ചയില്‍ 300 മുതല്‍ 350വരെ പ്രതികള്‍ ഫയലില്‍ ജാമ്യമനുവദിക്കപ്പെട്ട് മോചിതരാകുന്നു. എന്നാല്‍ ഇത്തരത്തില്‍ ജാമ്യമനുവദിക്കപ്പെടുന്നത് പൂര്‍ണമായും നിയമപ്രകാരമല്ലെന്നും സര്‍ക്കാര്‍ ഉത്തരവ് പ്രകാരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ട്രിച്ചി പ്രത്യേക സബ് ജയില്‍, മേട്ടുപാളയം (രണ്ടും സ്ത്രീകള്‍ക്കുവേണ്ടി), ചെയ്യാര്‍, പള്ളാടം എന്നീ സബ്ജയിലുകള് ഈ വര്‍ഷം അടച്ചുപൂട്ടി. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ അടുത്തിടെ പുറത്തിറക്കിയ സര്‍വേയിലും തമിഴ്നാടിനെ കുറ്റകൃത്യങ്ങളുടെ നാടായി ചിത്രീകരിക്കുന്നില്ലെന്നും ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. കുറ്റകൃത്യങ്ങള്‍ കുറയുമ്പോള്‍ കുറ്റവാളികളുടെ എണ്ണത്തിലും കുറവുണ്ടാകുമെന്നും കൂടുതല്‍ ജയിലുകള്‍ ഈ സാഹചര്യത്തില്‍ തുറന്നുവെക്കേണ്ടതില്ലെന്നും ഇവര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: