ന്യൂദല്‍ഹി: 2011 ല്‍ രാജ്യത്ത് പതിനാലായിരത്തോളം കര്‍ഷകര്‍ ആത്മഹത്യ ചെയ്തതായി നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ റിപ്പോര്‍ട്ട്.
എന്നാല്‍ 2010 ലെ 15,933 നെ അപേക്ഷിച്ച് 2011 ല്‍ കര്‍ഷക ആത്മഹത്യാ നിരക്ക് കുറഞ്ഞിട്ടുണ്ട്. 2010 ല്‍ ഛത്തീസ്ഗഡിള് മാത്രം 1,412 കര്‍ഷക ആത്മഹത്യകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പക്ഷേ 2011 ല്‍ ഛത്തീസ്ഗഡില്‍ കര്‍ഷക ആത്മഹത്യകളൊന്നും നടന്നിട്ടില്ലെന്നും സര്‍ക്കാര്‍ പറഞ്ഞു.
അതേസമയം കഴിഞ്ഞ വര്‍ഷം ഏറ്റവുമധികം കര്‍ഷക ആത്മഹത്യ നടന്നിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. 3,337 പേരാണ് ആത്മഹത്യ ചെയ്തത്. 2010 ല്‍ അത് 3141 ആയിരുന്നു. വരള്‍ച്ച നേരിടുന്ന പ്രദേശങ്ങളായ ബുണ്ടേല്‍ഖണ്ഡ്, വിദര്‍ഭ എന്നിവിടങ്ങളിലേക്ക് വേണ്ടരീതിയിലുള്ള ജലസേചന സൗകര്യമില്ലാത്തതും മുംബൈയിലെ കര്‍ഷക ആത്മഹത്യാനിരക്ക് ഉയരാന്‍ കാരണമായി.
എല്ലാ കേന്ദ്രങ്ങളും വച്ച് നോക്കുമ്പോള്‍ 2004 ലെ ഏറ്റവും ഉയര്‍ന്ന സംഖ്യയായ 18241 നെ അപേക്ഷിച്ച് 2004-2011 കാലയളവിലെ കര്‍ഷക ആത്മഹത്യാനിരക്കില്‍ കുറവ് വന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
2004 ല്‍ യുപിഎ സര്‍ക്കാര്‍ ഭരണത്തില്‍ വന്നതുമുതല്‍ ഇന്നുവരെ 1.18 ലക്ഷം കര്‍ഷക ആത്മഹത്യകളാണ് രാജ്യത്ത് നടന്നിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കര്‍ണാടക, ഗുജറാത്ത്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും കര്‍ഷക ആത്മഹത്യാ നിരക്ക് ഉയര്‍ന്നിട്ടുണ്ട്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ 2010 ലെ 269 കര്‍ഷക ആത്മഹത്യകള്‍ നടന്നിരുന്നു. 2011 ല്‍ അത് 312 ആയി വര്‍ധിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: