ന്യൂദല്‍ഹി: ബോളിവുഡ് നടന്മാര്ക്കും സീരിയല്‍ താരങ്ങള്‍ക്കും ഇനിമുതല്‍ സേവന നികുതി അടക്കേണ്ടിവരും. ഇന്നലെ മുതല്‍ രാജ്യത്ത് പുതിയ സേവന നികുതി പ്രാബല്യത്തില്‍ വന്നതോടെയാണിത്.
നെഗേറ്റെവ് പട്ടികയിലുള്ള 38 സേവനങ്ങള്‍ ഒഴികെ രാജ്യത്തെ മറ്റ് എല്ലാ സേവനങ്ങള്‍ക്കും ഇനി മുതല്‍ നികുതി നല്‍കണം. എന്നാല്‍ പത്ത് ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള കമ്പനികള്‍ക്കും വ്യക്തികള്‍ക്കും നികുതി അടക്കേണ്ടതില്ല. ചരക്ക് സേവന നികുതി നടപ്പാക്കുന്നതിന് മുന്നോടിയായാണ് സേവന നികുതി വിപുലമാക്കുന്നത്. കഴിഞ്ഞ കേന്ദ്ര ബജറ്റിലാണ് സേവനികുതി 10 ശതമാനത്തില്‍നിന്ന് 12 ശതമാനമായി ഉയര്‍ത്തിയത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് താരങ്ങളേയും ഇവന്റ് മാനേജര്‍മാരേയും സര്‍ക്കാര്‍ സേവനനികുതിക്ക് കീഴില്‍ കൊണ്ടുവന്നിരുന്നു.
ആശുപത്രികള്‍, ശവസംസ്ക്കാരം, ലോട്ടറി, മീറ്റേര്‍ഡ് ടാക്സി, ഓട്ടോറിക്ഷ, അമ്യൂസ്മെന്റ് പാര്‍ക്ക്, നിയമസഹായം, പഴം, പച്ചക്കറി, പാല് വിപണന ഏജന്‍സികള്‍, ചെറുകിട ഹോട്ടലുകള്‍ എന്നിവയാണ് നികുതി ഒഴിവുള്ള ലിസ്റ്റില്പ്പെടുന്നവ. സ്കൂള്‍, യൂണിവേഴ്സിറ്റി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ആശുപത്രികള്‍, ഓഫീസുകള്‍ എന്നിവയ്ക്ക് നികുതിയില്ല. എന്നാല്‍ കോച്ചിംഗ് സെന്ററുകള്‍, ട്രെയിനിംഗ് സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് സേവന നികുതി നല്‍കണം. അതേസമയം റെയില്‍ യാത്ര, ചരക്കു കടത്ത് എന്നിവക്ക് നികുതി ചുമത്തുന്നതിന് റെയില്‍വേ മന്ത്രാലയം എതിര്‍പ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി റെയില്‍മന്ത്രി മുകുള്‍ റോയ് പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.
ബോളിവുഡ് നടന്മാര്, വെസ്റ്റേണ്‍ സംഗീതം, നൃത്തം, മോഡേണ്‍ തിയേറ്റര്‍, സീരിയല്‍ തുടങ്ങിയ മേഖലകളിലുള്ള കലാകാരന്മാര്ക്കും ഇനി സേവന നികുതി നല്‍കേണ്ടിവരുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ യഥാര്‍ത്ഥ പാട്ട്, പുസ്തകം എന്നിവയുടെ അവകാശം കോപ്പിറൈറ്റ് പ്രകാരം വാങ്ങുന്നവര്‍ക്ക് നികുതി അടക്കേണ്ടതില്ല. ഇത്തരത്തില്‍ ഒരു സിനിമയുടെ അധികാരം കൈമാറുന്നതിന് നികുതി അടക്കേണ്ടതില്ല. സേവനനികുതി വ്യാപിപ്പിക്കുന്നതോടെ ഈ സാമ്പത്തിക വര്‍ഷം 1.24 കോടി രൂപ സമാഹരിക്കുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: