ന്യൂദല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനി ഇന്ന് ആസൂത്രണക്കമ്മീഷന് ഉപാധ്യക്ഷന്‍ മൊണ്ടേക് സിംഗ് ആലുവാലിയയുമായി കൂടിക്കാഴ്ച നടത്തും. റിലയന്‍സിന്റെ എണ്ണവാതക പര്യവേക്ഷണ പദ്ധതികള്‍ക്ക് അനുമതി കിട്ടുന്നതില്‍ തടസ്സം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ച.
റിലയന്‍സിന്റെ ഗ്യാസ് നിരക്കിനെക്കുറിച്ചും അദ്ദേഹം ആലുവാലിയയുമായി ചര്‍ച്ച നടത്തും. അടുത്തമാസം നടക്കുന്ന 2ജി സ്പെക്ട്രം ലേലത്തില്‍ റിലയന്‍സ് പങ്കെടുക്കുന്ന സാഹചര്യത്തില്‍ ചെയര്മാന് അംബാനി ആസൂത്രണക്കമ്മീഷന് ഉപാധ്യക്ഷനുമായി നടത്തുന്ന കൂടിക്കാഴ്ച പ്രാധാന്യമര്‍ഹിക്കുന്നതാണ്.
പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗ് ധനമന്ത്രാലയത്തിന്റെ ചുമതലയേറ്റെടുത്തതിന് ശേഷം ഒട്ടേറെ വ്യവസായ പ്രമുഖര്‍ ദല്‍ഹിയില്‍ മൊണ്ടേക്സിംഗ് ആലുവാലിയയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. വോഡഫോണ്‍ ഇന്ത്യ ചെയര്മാന് അനില്‍ജിത് സിംഗും യുബി ഗ്രൂപ്പ് ചെയര്മാന് വിജയ് മല്യയും കഴിഞ്ഞ ദിവസങ്ങളില്‍ ആലുവാലിയയുമായി ചര്‍ച്ച നടത്തിയിരുന്നു. തൊണ്ണൂറുകളില്‍ മന്‍മോഹന്‍സിംഗ് ധനമന്ത്രിയായിരിക്കുമ്പോള്‍ മൊണ്ടേക്സിംഗ് ആലുവാലിയ അദ്ദേഹത്തിന്റെ ഫിനാന്‍സ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മന്‍മോഹന്‍സിംഗുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആലുവാലിയയുമായുള്ള കൂടിക്കാഴ്ച പ്രയോജനകരമായിരിക്കുമെന്ന പ്രതീക്ഷയിലാണ് വ്യവസായ പ്രമുഖര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: