ഭരണക്കാര്‍ അവകാശപ്പെടുന്നതുപോലെ നെയ്യാറ്റിന്‍കരയില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ ഭരണനേട്ടങ്ങള്‍ക്കാണ് ജനങ്ങള്‍ വോട്ടുചെയ്തത് എന്ന അവകാശവാദം പൊള്ളയാണ്. മറിച്ച് ഓഞ്ചിയത്തെ കൊലപാതകവും മാര്‍ക്സിസ്റ്റ്പാര്‍ട്ടിയുടെ കൊലപാതകരാഷ്ട്രീയത്തെ പറ്റിയുള്ള വന്പ്രചരണകോലാഹലവും അധികാര ദുര്‍വിനിയോഗവും നഗ്നമായ വര്‍ഗ്ഗീയതയുമാണ് ഭരണമുന്നണിയെ വിജയത്തില്‍ എത്തിച്ചത്. ഇതെല്ലാമായിട്ടും യുഡിഎഫിന് വോട്ട് കഴിഞ്ഞ തവണ (2011-ല്‍) ലഭിച്ച 43 ശതമാനത്തില്‍ നിന്ന് 40 ശതമാനമായി കുറഞ്ഞു എന്ന വസ്തുത വിസ്മരിക്കരുത്.
ഇടതുപക്ഷത്തിനാണ് ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടായത്. 2011-ല്‍ വിജയിച്ച സീറ്റ് അവര്‍ക്ക് നഷ്ടപ്പെട്ടു. 8517 വോട്ടുകളാണ് അവര്‍ക്ക് നഷ്ടമായത്.
ഈ തെരഞ്ഞെടുപ്പില്‍ ഏറ്റവും നേട്ടം കൈവരിച്ചതാകട്ടെ ബിജെപിയും. വെള്ളാപ്പള്ളി നടേശന് പറഞ്ഞത് ഇങ്ങനെയാണ്. “തെരഞ്ഞെടുപ്പില്‍ തോറ്റിട്ടും വിജയിച്ചത് ഒരാള്‍ മാത്രമാണ്. അത് ഒ. രാജഗോപാലാണ്.” ഒരു കൊല്ലം മുമ്പ് 6730 മാത്രം കിട്ടിയത് ഇക്കുറി 30507 വോട്ട്. അതായത് 23777 വോട്ടിന്റെ വര്‍ദ്ധനവ്. എന്നുവെച്ചാല്‍ ഏതാണ്ട് അഞ്ച് ഇരട്ടിയായി. എന്നാല്‍ ഈ നേട്ടം ഒരു വ്യക്തിയുടെ നേട്ടമല്ല. മറിച്ച് കൂട്ടായ്മയുടെയും അതിനേക്കാളുപരി ഹിന്ദുഐക്യത്തിന്റെ നേട്ടമാണ്.
കേരളത്തില്‍ ഇരുമുന്നണികളും നടപ്പാക്കികൊണ്ടിരിക്കുന്നത് കപടമതേതരത്വത്തിന്റെ പേരില്‍ ന്യൂനപക്ഷപ്രീണനമാണെന്ന് വര്‍ഷങ്ങളായി ബിജെപി പറഞ്ഞുപോന്ന കാര്യങ്ങള്‍ ഹിന്ദുസമൂഹം അംഗീകരിച്ചിരിക്കുന്നു. അതിന്റെ തെളിവാണല്ലോ വോട്ട്ചെയ്ത ഹിന്ദുക്കളില്‍ ഭൂരിഭാഗവും ബിജെപി യെ പിന്തുണച്ചത്. ഇതിന്റെ അര്‍ത്ഥം കേരളത്തില്‍ ഹിന്ദുക്കള്‍ ഉണര്‍ന്നിരിക്കുന്നു എന്നതാണ് നെയ്യാറ്റിന്‍കരയിലെ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നത്. ഇത് സ്വാഭാവികമായും ബിജെപി വിരോധികളെ ആശങ്കയിലാക്കാനും ഹിന്ദുഐക്യം ആഗ്രഹിക്കുന്നവരെ സന്തുഷ്ടരാക്കുന്നതുമാണ്.
കേരളത്തിന്റെ തെക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന 140-ാം നിയോജകമണ്ഡലമാണ് നെയ്യാറ്റിന്‍കര. ഇവിടെ നടന്ന ഉപതെരഞ്ഞെടുപ്പ് (ജൂണ്‍ 2) 2012 ഏറെ വാദകോലാഹലങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നു. കേരള രാഷ്ട്രീയ മണ്ഡലത്തില്‍ ഇനിയും ചര്‍ച്ചചെയ്യാന്‍ സാദ്ധ്യതയുണ്ടെന്ന് മാത്രമല്ല ഒരു പക്ഷേ ദൂരവ്യാപകമായ ഫലങ്ങള്‍ സൃഷ്ടിക്കാനും സാദ്ധ്യതയുണ്ടെന്ന് വോട്ടുനിലയെന്ന് പല നിരീക്ഷകരും ചൂണ്ടിക്കാണിക്കുന്നുമുണ്ട്. ആ പോരാട്ടത്തില്‍ ഒരു പങ്കാളിയായി, നേരിട്ടു കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ഭാഗ്യം ലഭിച്ചു എന്നതില്‍ എനിക്ക് അഭിമാനം ഉണ്ട്.
കേരള നിയമസഭയിലേക്ക് പൊതു തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരു വര്‍ഷം തികയുന്നതിനു മുമ്പാണ് ജനങ്ങള്‍ 54,711 വോട്ട് നല്കി വിജയിപ്പിച്ച ഇടതുമുന്നണി സ്ഥാനാര്‍ത്ഥി കാലുമാറി, എതിര് ചേരിയില്‍ ചേക്കേറി കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തയ്യാറായ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇത് തികച്ചും അധാര്‍മ്മികമായ നടപടിയായി വിലയിരുത്തപ്പെട്ടു. പിറവം ഉപതെരഞ്ഞെടുപ്പ് സമയത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ വിജയം ഉറപ്പ് വരുത്താന്‍ വേണ്ടി കോണ്‍ഗ്രസ്സ് പാര്‍ട്ടി സംഘടിപ്പിച്ചെടുത്ത ഒരു തന്ത്രമാണെന്ന് വളരെ വ്യക്തമാണ്. ദേശീയതലത്തില്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടി നടത്തിവരുന്ന തന്ത്രം കേരളത്തിലും നടപ്പാക്കിയതാണ്. രാഷ്ട്രീയ രംഗത്തെ ധാര്‍മ്മികതയുടെ നിരാകരണമാണിതെന്ന് പകല്‍പോലെ വ്യക്തമാണ്.
രാഷ്ട്രീയരംഗത്തെ പഴക്കവും, തഴക്കവുമുള്ള ഒട്ടേറെ നേതാക്കന്മാരുണ്ടായിട്ടും അവരെയെല്ലാം മാറ്റിനിര്‍ത്തി ഒരു കാലുമാറ്റക്കാരനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കോണ്‍ഗ്രസ്സ് തയ്യാറായതിനെ ചില കോണ്‍ഗ്രസ്സ് നേതാക്കന്മാര് തന്നെ പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിക്കുകയുണ്ടായി. എതിര്‍പ്പ് പുറത്ത്പ്രകടിപ്പിക്കാത്ത കോണ്ഗ്രസ്സുകാര് നിരവധിയുണ്ട്. മറുഭാഗത്ത് ഇടതുമുന്നണിയിലും അണികള്‍ക്കിടയില്‍ അമര്ഷമുണ്ടാക്കുന്ന തരത്തില്‍ മറ്റൊരു കാലുമാറ്റ ചരിത്രമുള്ള ഒരാളെതന്നെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയുണ്ടായി. മണ്ഡലത്തിലെ ഏറ്റവും വലിയ സമുദായമായ ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തില്പ്പെട്ടവരെതന്നെ ഇരുമുന്നണികളും സ്ഥാനാര്‍ത്ഥികളാക്കാന്‍ തീരുമാനിച്ച വാര്‍ത്ത പുറത്തുവന്ന ദിവസമായിരുന്നു ബിജെപി യുടെ സംസ്ഥാന ഭാരവാഹികളുടെ യോഗം കൂടിയത്. പാര്‍ട്ടിയാകട്ടെ ഈ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിനെ ഗൗരവമായി അതുവരെ പരിഗണിച്ചിരുന്നില്ല. കാരണം ആ മണ്ഡലത്തിലെ സംഘടനാസംവിധാനം വളരെ ദുര്‍ബലമായിരുന്നു. മണ്ഡലം കമ്മറ്റിക്കു ഒരു ഓഫീസ്പോലും ഇല്ലാത്ത ഭൂരിഭാഗം പഞ്ചായത്തുകളിലും നാമമാത്ര സാന്നിദ്ധ്യമുള്ള സ്ഥിതിയായിരുന്നു. കഴിഞ്ഞ അസംബ്ലിതെരഞ്ഞെടുപ്പില്‍ 6730 വോട്ട് മാത്രമാണ് പാര്‍ട്ടിക്ക് കിട്ടിയിരുന്നത്. കൂടാതെ ഉപതെരഞ്ഞെടുപ്പുകളില്‍ ഇരുമുന്നണികളും ശക്തമായ പോരാട്ടം നടത്തും എന്നത് ഊഹിക്കാവുന്നതേയുള്ളു. പിറവത്ത് പാര്‍ട്ടിക്കു ലഭിച്ചവോട്ട് കുറഞ്ഞ അനുഭവവും മുന്നിലുണ്ട്. ഇതൊക്കെയായിരുന്നു സാഹചര്യം. കൂടാതെ തൃശൂരില്‍ വച്ച് പാര്‍ട്ടിയുടെ സംസ്ഥാനസമ്മേളനം മേയ്മാസത്തില്‍ കൂടാനിരിക്കേ പിറവം അനുഭവം ആവര്‍ത്തിക്കാന്‍ ആരും തയ്യാറായിരുന്നില്ല.
പാര്‍ട്ടിയുടെ സംസ്ഥാന ഭാരവാഹി യോഗവും, സംസ്ഥാന കമ്മറ്റിയും തിരുവനന്തപുരത്ത് ഏപ്രില്‍ 18,19 തീയതികളില്‍ സമ്മേളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. മുസ്ലീംലീഗ് കേരള സര്‍ക്കാരില്‍ ചെലുത്തിവരുന്ന അവിഹിതമായ സ്വാധീനവും, കോണ്‍ഗ്രസ്സ് അതിന് വഴങ്ങുന്ന സാഹചര്യവും, ഈ പോക്ക് കേരളത്തില്‍ ഭീകരവാദശക്തികള്‍ ആപല്‍ക്കരമായി വളരാനും, മാത്രമല്ല, ഇവിടെ നിലനിന്നുവരുന്ന സാമുദായിക മൈത്രി ഭീഷണി ഉയര്‍ത്തുന്ന സാഹചര്യവും ഗൗരവമായി വിലയിരുത്തപ്പെട്ടു. മുസ്ലീംലീഗിന്റെ അഞ്ചാംമന്ത്രി പിടിവാശിയെ തുടര്‍ന്നുള്ള സംഭവവികാസങ്ങളും വ്യാപകമായി പൊതുവേദികളില്‍ ചര്‍ച്ചചെയ്തുകൊണ്ടിരിക്കുകയായിരുന്നു. ഈ സ്ഥിതി വിശേഷത്തെ ഗൗരവമായി നേരിടാന്‍ പാര്‍ട്ടി ഉപതെരഞ്ഞെടുപ്പിനെ പ്രയോജനപ്പെടുത്തണമെന്ന അഭിപ്രായം ഉയര്‍ന്നുവന്നു. അതിനായി മുതിര്‍ന്ന നേതാവുതന്നെ മത്സരിക്കണമെന്നും നിര്‍ദ്ദേശിക്കപ്പെട്ടു. അന്തിമതീരുമാനത്തിന് മുന്നോടിയായി വിവിധ സമുദായനേതാക്കന്മാരെകണ്ട് അഭിപ്രായം ആരായാന്‍ പാര്‍ട്ടി പ്രസിഡന്റും, ഞാനും, ദേശീയനിര്‍വാഹകസമിതി അംഗം കൃഷ്ണദാസും പലനേതാക്കന്മാരെ കണ്ടു. ഇവരുടെയെല്ലാം അഭിപ്രായങ്ങളുടെ വെളിച്ചത്തില്‍ ഞാന്‍ തന്നെ മത്സരിക്കുന്നതാണ് ഉചിതമെന്ന നിഗമനത്തില്‍ എത്തിച്ചേര്‍ന്നു. പാര്‍ട്ടിയുടെ ദൗത്യം നിര്‍വ്വഹിക്കാന്‍ അങ്ങിനെയാണ് ഞാന്‍ നിയുക്തനായത്. സുപ്രസിദ്ധ ഗാന്ധിയനായ ഗോപിനാഥന് നായര്‍ പരമേശ്വര്‍ജി വിവിധ മേഖലകളില്‍പെട്ട സമുന്നതമായ നേതാക്കന്മാരുടെ അഭിപ്രായങ്ങള്‍ മാനിച്ച്, തികച്ചും അപ്രതീക്ഷിതമായ സാഹചര്യത്തില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ പ്രമുഖ വോട്ടര്‍മാരെ കാണാന്‍പോയ അവസരത്തില്‍ മുമ്പൊരിക്കലും കാണാത്തതരത്തിലുള്ള പ്രതികരണമാണ് ജനങ്ങളില്‍ നിന്ന് ലഭിച്ചത്. വിവിധപാര്ട്ടികളില്പെട്ട ഒട്ടേറെപേര്‍ സ്വാഗതം ചെയ്തു സഹകരിക്കാന്‍ മുന്നോട്ടുവന്നു. കേരളം ഒരു രാഷ്ട്രീയ മാറ്റത്തിനായി ദാഹിക്കുന്നു എന്നാണ് എനിക്കു വോട്ടര്‍മാരുടെ പ്രതികരണങ്ങളില്‍ നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞത്. സാമൂഹിക സംഘടനകളുടെ നേതാക്കന്മാര് (നായര്‍, ഈഴവ, ക്രിസ്ത്യന്‍, നാടാര്‍) ചൂണ്ടികാണിച്ച ഒരു വസ്തുത, തങ്ങളുടെ സംഘടനകളില്‍ വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളുടെ അംഗങ്ങള്‍ ഉള്ള സാഹചര്യത്തില്‍ ഏതെങ്കിലും ഒരു പാര്‍ട്ടിക്കുവേണ്ടി പരസ്യമായി പിന്തുണ പ്രഖ്യാപിക്കാന്‍ വിഷമം ഉണ്ട് എന്നതാണ്. എന്നാല്‍ ഹൈന്ദവ സമുദായ സംഘടനകളുടെ പരസ്യമായ നിലപാടുകള്‍ കേരളത്തിലെ ഇരുമുന്നണികളും പിന്തുടരുന്ന ന്യൂനപക്ഷപ്രീണന നയങ്ങള്‍ക്കു തങ്ങള്‍ എതിരാണെന്ന് വ്യക്തമാക്കുന്നതരത്തിലായിരുന്നു. സംസ്ഥാനത്ത് ഹിന്ദുക്കള്‍ക്കെതിരെ നടന്നുവരുന്ന വിവേചനത്തിനെതിരെ ശക്തമായ പ്രചരണം ഹിന്ദുഐക്യവേദി നടത്തിയിരുന്നു. നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ ഉള്‍പ്പെട്ട തിരുപുറം, കുളത്തൂര്‍, കാരോട്, ചെങ്കല്‍ പഞ്ചായത്തുകളില്‍ ക്രിസ്ത്യന്‍ നാടാര്‍ വിഭാഗങ്ങള്‍ക്കായിരുന്നു ആധിപത്യം അതിയന്നൂര്‍ പഞ്ചായത്തിലും, നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റിയിലും ഹിന്ദുഭൂരിപക്ഷമാണ്.
പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയുടെ കാലുമാറ്റവും, ഇരുമുന്നണികളുടെയും ക്രിസ്ത്യന്‍ നാടാര്‍ വിഭാഗീയതയും മുസ്ലീംലീഗിന്റെ അഞ്ചാംമന്ത്രി പ്രശ്നവും കോണ്‍ഗ്രസ്സ് മുസ്ലീംവര്‍ഗ്ഗീയത വളര്‍ത്തുന്നതും മറ്റുമായിരുന്നു പ്രധാന ചര്‍ച്ചാ വിഷയം. എന്നാല്‍ മെയ് 4-ാം തീയതി ഒഞ്ചിയത്ത് ചന്ദ്രശേഖരനെ വധിച്ചതിനെതുടര്ന്നു മാര്‍ക്സിസ്റ്റ് അക്രമരാഷ്ട്രീയത്തിന്റെ ഭീകരതയായി പ്രധാന ചര്‍ച്ചാവിഷയം. കൂടാതെ മാര്ക്സിസ്റ്റ്പാര്ട്ടിയിലെ തമ്മിലടിയും പിണറായി വിജയനും, അച്യുതാനന്ദനും തമ്മിലുളള പോരും പത്രമാധ്യമങ്ങളില്‍ നിറഞ്ഞുനിന്നു.
ഭരണമുന്നണിയാകട്ടെ അവരുടെ മന്ത്രിമാര്‍ ഏതാണ്ട് എല്ലാവരും മണ്ഡലത്തില്‍ തമ്പടിച്ച് വാഗ്ദാനങ്ങളും, പ്രലോഭനങ്ങളും ഭീഷണികളും കൂടാതെ പണത്തിന്റെ ഒഴുക്കും എങ്ങും ദൃശ്യമായിരുന്നു. പാവങ്ങള്‍ താമസിക്കുന്ന പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചുകൊണ്ട് ഒരു വോട്ടിന് അഞ്ഞൂറ് രൂപാ നിരക്കില്‍ വിതരണം ചെയ്തു. കുടുംബശ്രീ, തൊഴില്‍ദാനപദ്ധതികള്‍ പരമാവധി വോട്ടര്‍മാരെ സ്വാധീനിക്കാനായി ദുരുപയോഗപ്പെടുത്തി.
ബിജെപി സ്ഥാനാര്‍ത്ഥിക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ മറ്റു ജില്ലകളില്‍ നിന്ന്പോലും ധാരാളം പ്രവര്‍ത്തകര്‍ രംഗത്തിറങ്ങി. കൂടാതെ ഹൈന്ദവസംഘടനകളുടെ ഒട്ടേറെ പ്രവര്‍ത്തകര്‍ മണ്ഡലത്തില്‍ വന്ന് വീടുകള്‍ കയറി സമ്പര്ക്കംചെയ്യാന് തയ്യാറായി. സംസ്ഥാനനേതാക്കന്മാരും ഭാരവാഹികളും വിവിധ ഏരിയകളില്‍ താമസിച്ച് സജീവമായി പ്രവര്‍ത്തനത്തില്‍ മുഴുകി. ഇതിനുമുമ്പ് ഒരിക്കലും കാണാത്ത രീതിയിലുള്ള സംഘടനാ പ്രവര്‍ത്തനവും ചിട്ടയും വ്യവസ്ഥയും ദൃശ്യമായിരുന്നു. ഇത് പ്രവര്‍ത്തകരില്‍ ആത്മവിശ്വാസം വളര്‍ത്താന്‍ സഹായകമായി. ജാതിമതചിന്തകള്‍ അമിതസ്വാധീനം ചെലുത്താത്ത മേഖലകളില്‍ സ്ത്രീവോട്ടര്‍മാര്‍ പാര്‍ട്ടിക്കു അനുകൂലമായി. പട്ടികജാതി കോളനികളിലും നല്ല പ്രതികരണമാണ് ലഭിച്ചത്. നമ്മുടെ പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ മുന്നോട്ടുവന്ന അനുഭാവികള്‍ ആത്മാര്ത്ഥതയുണ്ടായിരുന്നെങ്കിലും രാഷ്ട്രീയ പ്രവര്‍ത്തന പരിചയത്തിന്റെ അഭാവം പ്രകടമായിരുന്നു.
ഒ.രാജഗോപാല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: