അമൃത്സര്‍: പാക്കിസ്ഥാന്റെ ക്രൂരമായ തമാശയില്‍ ഒരു കുടുംബവും ഗ്രാമവും വെന്തുരുകുന്നു. പതിറ്റാണ്ടുകളായി പാക് ജയിലില്‍ കഴിയുന്ന സരബ്ജിത്ത് സിംഗിന്റെ മോചനവാര്‍ത്ത നല്കിയ ആഹ്ലാദത്തിന്റെ വേലിയേറ്റത്തില്‍നിന്ന് സങ്കടക്കടലില്‍ മുങ്ങാന്‍ ഇവര്‍ക്ക് ഏറെനേരം വേണ്ടിവന്നില്ല.
സരബ്ജിത്ത് സിംഗിനെ മോചിപ്പിക്കുമെന്ന് ചൊവ്വാഴ്ച പകല്‍ പ്രസ്താവിച്ച പാക്കിസ്ഥാന് രാത്രി വൈകി സുര്ജിത്ത്സിംഗ് എന്നയാളെയാണ് മോചിപ്പിക്കുകയെന്ന് തിരുത്തുകയായിരുന്നു. മധുരപലഹാരങ്ങളും മറ്റും വിതരണം ചെയ്ത് ആഹ്ലാദിച്ചുകൊണ്ടിരുന്ന പഞ്ചാബിലെ സരബ്ജിത്തിന്റെ സ്വദേശമായ ബിഖിവിന്ദ് ഗ്രാമം ഇതോടെ വീണ്ടും ശോകമൂകമായി. 21 വര്‍ഷത്തിലേറെയായി പാക് ജയിലില്‍ വധശിക്ഷ കാത്തുകഴിയുന്ന സരബ്ജിത്തിനെ ശിക്ഷായിളവ് നല്കി വിട്ടയക്കാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി ഉത്തരവിട്ടെന്നാണ് പാക് മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത. എന്നാല്‍ മോചിപ്പിക്കപ്പെടുന്ന തടവുകാരന് ഫരീദ്കോട്ട് സ്വദേശിയായ സുര്‍ജിത്ത് സിംഗാണെന്ന് പാക്കിസ്ഥാന് പിന്നീട് തിരുത്തുകയായിരുന്നു.
കുടുംബത്തിന് ഇനിയും സഹിക്കാന്‍ വയ്യാത്തതിനാല്‍ ഭര്‍ത്താവിനെ ഉടന്‍ മോചിപ്പിക്കണമെന്ന് സരബ്ജിത്തിന്റെ ഭാര്യ സുഖ്പ്രീത് കൗര്‍ അപേക്ഷിക്കുന്നു. സരബ്ജിത്ത് മോചിതനാവില്ലെന്ന വിവരം വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് അദ്ദേഹത്തിന്റെ സഹോദരി ദല്‍ബീര്‍ കൗര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബത്തോട് പാക്കിസ്ഥാന് ക്രൂരമായ തമാശ കാട്ടുകയാണെന്നും ബന്ധുക്കള്‍ വിലപിക്കുന്നു.
ഇതേസമയം അപ്രതീക്ഷിതമായ മോചനവാര്‍ത്തയില്‍ സുര്ജിത്ത്സിംഗിന്റെ സ്വദേശമായ ഫിസെ ഗ്രാമത്തില്‍ ആഹ്ലാദം അലയടിക്കുകയാണ്. മൂന്ന് പതിറ്റാണ്ടിനുശേഷമുള്ള സിംഗിന്റെ മോചനം സ്വപ്നം യാഥാര്ത്ഥ്യമായതുപോലെയെന്ന് അദ്ദേഹത്തിന്റെ ഭാര്യ ഹര്‍ബന്‍ കൗര്‍ പറഞ്ഞു. പാക്കിസ്ഥാനില്‍ സുര്‍ജിത്തിന്റെ അഭിഭാഷകനായ അസ്മേഷ് ഷെയ്ഖാണ് മോചനവിവരം ഇളയമകള്‍ പര്‍മീന്ദര്‍ കൗറിനെ അറിയിച്ചത്. ആഹ്ലാദം പങ്കിടാന്‍ സിംഗിന്റെ ബന്ധുക്കളെല്ലാം ഒത്തുകൂടിയിരിക്കുകയാണ്. ഒരു കൊലക്കേസുമായി ബന്ധപ്പെട്ടാണ് ഇദ്ദേഹം പാക്കിസ്ഥാനിലെ കോട്ട്ലഖ്പത്രായ് ജയിലില്‍ അടയ്ക്കപ്പെട്ടത്. അമൃത്സറിന് സമീപം അതിര്‍ത്തിയിലെ അട്ടാരി വഴി സിംഗിന്റെ വരവിനായി കണ്ണുനട്ട് കാത്തിരിക്കുകയാണ് ഭാര്യയും മക്കളുമടങ്ങിയ കുടുംബം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: