മുംബൈ: ആദര്‍ശ് ഫ്ലാറ്റ് അഴിമതിക്കേസന്വേഷിക്കാന് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച രണ്ടംഗ അന്വേഷണ കമ്മീഷന് മുമ്പാകെ മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി വിലാസ്റാവു ദേശ്മുഖ് ഹാജരായി.വിലാസ്റാവു ദേശ്മുഖ് മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ആദര്‍ശ് ഹൗസിംഗ് സൊസൈറ്റിക്ക് നിര്‍മാണാനുമതി നല്‍കിയതെന്ന് കേന്ദ്രമന്ത്രിയായ സുശീല്‍ കുമാര്‍ ഷിന്‍ഡെ ആദര്‍ശ് ഫ്ലാറ്റ് കുംഭകോണം അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മീഷന് മുമ്പാകെ തിങ്കളാഴ്ച വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരിക്കെ രണ്ടുപേരും ഏറെ വിവാദമായ ആദര്‍ശ് ഫ്ലാറ്റിന്റെ ഫയലുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.
ആദര്‍ശ് സൊസൈറ്റിക്ക് സര്‍ക്കാര്‍ ഭൂമി അനുവദിക്കുന്നതിനുള്ള തീരുമാനമെടുത്തത് താന്‍ മുഖ്യമന്ത്രിയാകുന്നതിന് മുമ്പാണെന്നും വിലാസ് റാവു മുഖ്യമന്ത്രിയായിരിക്കെ 2003 ജനുവരി 18 നാണ് താല്‍പ്പര്യ പത്രം പുറത്തുവിട്ടതെന്നും ഇക്കാര്യം തന്റെ ശ്രദ്ധയില്‍ വന്നിട്ടില്ലെന്നും ഷിന്‍ഡെ വ്യക്തമാക്കി. അതേസമയം നിര്‍മാണത്തിനായി അനുവദിച്ച ഭൂമി പ്രതിരോധ മന്ത്രാലയത്തിന്റേതല്ലെന്നും മറിച്ച് സംസ്ഥാന സര്‍ക്കാരിന്റേതാണെന്നും അന്വേഷണ കമ്മീഷന് കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും തിരിമറി നടന്നിട്ടുണ്ടോ എന്നും കമ്മീഷന് അന്വേഷിച്ചുവരികയാണ്.
തൊട്ടടുത്തുള്ള ഭൂമിയില്‍നിന്ന് ആദര്‍ശ് സൊസൈറ്റിക്ക് അധിക ഫ്ലോര്‍ ഇന്‍ഡക്സ് അനുവദിച്ചത് താന്‍ മുഖ്യമന്ത്രിപദം ഒഴിഞ്ഞതിനുശേഷമാണെന്നും തന്റെ ശേഷം മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയത് വിലാസ്റാവു ആണെന്നും ഷിന്‍ഡെ പറഞ്ഞു.
2004 ജൂലൈ 19 ന് അനുമതി പത്രം പുറപ്പെടുവിക്കുന്നതിന് മുമ്പ് വ്യക്തികളുടെ ഉടമസ്ഥാവകാശം, വില, യോഗ്യത എന്നിവ സംബന്ധിച്ച കാര്യങ്ങള്‍ സത്യസന്ധമാണോ എന്ന് ഉറപ്പുവരുത്തിയോ എന്നതിന് താന്‍ ആദര്‍ശ് ഫയലിന് പെട്ടെന്ന് അനുമതി നല്‍കിയിട്ടില്ലെന്നാണ് ഷിന്‍ഡെ മറുപടി പറഞ്ഞത്. അനുമതി പത്രം നല്‍കുന്നതിന് മുമ്പ് ഫ്ലാറ്റിനായി അപേക്ഷിച്ച 51 പേരുടെ യോഗ്യത ഉറപ്പുവരുത്താന്‍ കളക്ടറോട് ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം പറഞ്ഞു.
അനുമതി പത്രം അനുവദിക്കുന്ന കാര്യം ഇതുമായി ബന്ധപ്പെട്ട വകുപ്പ് തന്റെ ശ്രദ്ധിയില്പ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഓരോ ഫയലും നോക്കുക എന്നത് മുഖ്യമന്ത്രിക്ക് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ സെക്രട്ടറി ഫയലുകള്‍ നോക്കിക്കഴിഞ്ഞാല്‍ മുഖ്യമന്ത്രിയുടെ കയ്യൊപ്പിനായി അയയ്ക്കുകയാണ് പതിവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: