എറണാകുളം നഗരമദ്ധ്യത്തിലാണ് പ്രസിദ്ധമായ എറണാകുളത്തപ്പന് ക്ഷേത്രം. എറണാകുളം എന്നൊരു നഗരം ഉണ്ടായിരുന്നില്ല. പണ്ട് ഇവിടെ ഒരു ദ്വീപായിരുന്നു. ചതുപ്പുനിറഞ്ഞ പ്രദേശം. എറണാകുളം ശിവക്ഷേത്രമാണ് പേരുണ്ടാവാന്‍ കാരണമെന്ന് പുരാവൃത്തം. തമിഴില്‍ ശിവന് ഇരയനാര്‍ എന്നു പേരുണ്ടെന്നും ഇരയനാര്‍ വിരാചിക്കുന്ന സ്ഥലം എന്നതുകൊണ്ടും ഋഷിനാഗക്കുളം എന്ന സ്ഥലനാമവും കൂടി ചേര്‍ന്നാണ് എറണാകുളം എന്ന പേരുണ്ടായതെന്ന് ഐതിഹ്യം. ക്ഷേത്രത്തിന് പടിഞ്ഞാറ് കൊച്ചിക്കായല്‍. അടുത്ത് നാഗക്കുളം ബോട്ട് ജട്ടി, സായന്തനങ്ങളില്‍ കാറ്റുകൊള്ളാന്‍ പറ്റിയ മനോഹരമായ ഒരു പാര്‍ക്ക്. കിഴക്ക് ഹനുമാന് ക്ഷേത്രവും വടക്ക് സുബ്രഹ്മണ്യക്ഷേത്രവും ഉണ്ട്. മഹാദേവര്‍ ക്ഷേത്രത്തിനോടടുക്കുമ്പോള്‍ ശ്രീകോവിലിനു മുകളില്‍ വെട്ടിത്തിളങ്ങുന്ന സ്വര്‍ണ്ണത്താഴികക്കുടങ്ങള്‍. കിഴക്കും പടിഞ്ഞാറും ഗോപുലവാതിലുകള്‍. പടിഞ്ഞാറേ ഗോപുരം പ്രൗഢ ഗംഭീരം. അതിനടുത്ത് വെടിപ്പുര. അകത്ത് വിശാലമായ ആനക്കൊട്ടില്‍. ഇടതുവശത്ത് എറണാകുളത്തപ്പന് ഹാള്‍. ബലിക്കല്പുരയുടെ മുന്നിലും സ്വര്‍ണ്ണധ്വജത്തിന് മുകളിലും നന്ദികേശന്. മണല്‍നിറഞ്ഞ പറമ്പില്‍ കല്ലുപാകിയ പ്രദക്ഷിണ വഴി.
പടിഞ്ഞാറോട്ട് ദര്‍ശനമായി പരമശിവന് ശ്രീകോവിലില്‍ പ്രശോഭിക്കുന്നു. ആദ്യം കിഴക്കോട്ട് ദര്‍ശനമായിരുന്ന എറണാകുളത്തപ്പന്. പഴയന്നൂര്‍ ഭഗവതിക്കു ദര്‍ശനമേകാന്‍ പടിഞ്ഞാറോട്ടായി എന്ന് പഴമ. ഗണപതി, ശാസ്താവ്, കിരാതമൂര്‍ത്തി, നാഗരാജാവ് തുടങ്ങിയ ഉപദേവന്മാരുണ്ട്. അഞ്ചു പൂജകളുള്ള ഈ മഹാക്ഷേത്രത്തില്‍ നിര്‍മ്മാല്യം തൊഴുന്നത് വിശേഷം. അഭിഷേകം കഴിഞ്ഞാല്‍ ഉണക്കലരിച്ചോറുകൊണ്ടുള്ള നിവേദ്യം. പിന്നെ ശര്‍ക്കരപായസം. ശ്രീവേലിക്കുശേഷം പന്തീരടി പൂജ. ഉച്ചപൂജ കഴിഞ്ഞ് നട അടച്ചാല്‍ വൈകിട്ട് നാലുമണിക്ക് തുറക്കും. പ്രധാനവഴിപാട് ആയിരത്തി ഒന്നു കുടം ജലധാര. എള്ളു തുലാഭാരവുമുണ്ട്. കിഴക്കേനടയില്‍ വിളക്കുവച്ചാല്‍ മംഗല്യഭാഗ്യസിദ്ധിക്ക് നല്ലതെന്ന് വിശ്വാസം.
പണ്ട് ഹിമാലയത്തില്‍ കുലുമുനി എന്നൊരു താപസ്സന് പാര്‍ത്തിരുന്നു. ആ മഹര്‍ഷിയുടെ ആശ്രമത്തിലേക്ക് ആവശ്യമായ പൂജാദ്രവ്യങ്ങള്‍ ശേഖരിക്കാന്‍ ദേവലന്‍ എന്നൊരു മുനികുമാരനുണ്ടായിരുന്നു. ഒരിക്കല്‍ ദേവലനെ പാമ്പു കടിച്ചു. ആ പാമ്പിനെ മുനികുമാരന് കയ്യോടെ കുരുക്കിട്ട് പിടിച്ചു. അതോടെ പാമ്പ് ചത്തു. ഇതു കണ്ട മുനി ദേവലന്‍ ഒരു സര്‍പ്പമായിത്തീരട്ടേ എന്നു ശപിച്ചു. അങ്ങനെ ദേവലന്‍ നാഗര്ഷി എന്ന നാഗമായി തീര്‍ന്നു. നാഗര്ഷി മുനിയോട് മോക്ഷത്തിനായി കേണു. അപ്പോള്‍ മുനി പറഞ്ഞു കിഴക്കന്‍ ദിക്കിലെ ഒരു പര്‍വ്വതത്തില്‍ ശിവലിംഗവും കാത്തു കഴിയുന്ന ഒരു നാഗമുണ്ട്. ആ ശിവലിംഗം എടുത്ത് രാമേശ്വരത്ത് പൂജിച്ച് അവിടെനിന്നും വടക്കോട്ട് യാത്ര ചെയ്യുമ്പോള്‍ എവിടെയെങ്കിലും ഒരിടത്ത് ശിവലിംഗം ഉറയ്ക്കും. അവിടെവച്ച് നിനക്ക് ശാപമോക്ഷം ലഭിക്കും. അങ്ങനെ നാഗര്ഷി എറണാകുളത്ത് എത്തി. കാട്ടിലെ കുളത്തില്‍ ഇറങ്ങി കുളിച്ചശേഷം നാഗര്ഷി വിഗ്രഹം പുജിക്കാന്‍ തുടങ്ങി. കുളത്തില്‍ നിന്ന അലക്കുകാരന് ഇതു കണ്ടു. അവര്‍ ആളുകളെ കൂട്ടി തല്ലിയോടിക്കാന്‍ ശ്രമിച്ചു. ശിവലിംഗമെടുത്ത് നാഗര്‍ഷിയും ഓടാന്‍ തുടങ്ങി. എന്നാല്‍ ശിവലിംഗം എടുക്കാന്‍ കഴിഞ്ഞില്ല. അത് അവിടെ ഉറച്ചുപോയി. അന്ന് ശിവലിംഗം ഉറച്ച സ്ഥാനത്താണ് ഈ ക്ഷേത്രം. നാഗര്‍ഷിമോക്ഷം പ്രാപിച്ച് അപ്രതൃക്ഷനായി.
പരശുരാമന് എത്തി ആ വിഗ്രഹത്തിന്റെ പ്രതിഷ്ഠാകര്‍മ്മം നിര്‍വ്വഹിച്ചു. പിന്നീട് തൂശത്തു വില്വമംഗലം സ്വാമിയാരുടെ നിര്‍ദ്ദേശപ്രകാരം ക്ഷേത്രം പണിയിച്ചു. പടിഞ്ഞാറോട്ട് ദര്‍ശനമായി പ്രതിഷ്ഠാ കര്‍മ്മം നടത്തി. കിഴക്കേനടയില്‍ ശ്രീ പാര്‍വ്വതിയുടെ ചൈതന്യമുണ്ടെന്നു കണ്ടതിനാല്‍ കിഴക്കേവാതില്‍ അടച്ചിടണമെന്നും സ്വാമിയാര് നിര്‍ദ്ദേശിച്ചു. ഇങ്ങനെ അടച്ച കതക് ആണ്ടിലൊരിക്കല്‍ തുറക്കാറുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ തുറക്കാറേയില്ല. മകരമാസത്തില്‍ തിരുവാതിരയ്ക്ക് ആറാട്ട്.
പെരിനാട് സദാനന്ദന് പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: