ന്യൂദല്‍ഹി: ഗംഗാനദിയെ മാലിന്യവിമുക്തമാക്കുന്നതിന് സര്‍ക്കാര്‍ കടുത്ത നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുസന്യാസികളടക്കമുള്ള നിരവധിപേര്‍ രാജ്ഘട്ടിലെ മഹാത്മാഗാന്ധി സ്മാരകം മുതല്‍ ജന്ദര്‍മന്ദര്‍ വരെ പ്രതിഷേധമാര്‍ച്ച് നടത്തി.
2007 ല്‍ തയ്യാറാക്കിയ ലോകത്തിലെ മാലിന്യനദികളുടെ പട്ടികയില്‍ അഞ്ചാംസ്ഥാനത്തുള്ള ഗംഗയിലെ ജലം ശുദ്ധമാക്കുന്നതിന് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്നും, ഗംഗാനദിക്ക് കുറുകെ അണക്കെട്ട് നിര്‍മിക്കരുതെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
നദിക്ക് കുറുകെ അണക്കെട്ട് നിര്‍മിക്കുന്നതിനോ നദിയില്‍നിന്നും വൈദ്യുതി നിര്‍മ്മിക്കുന്ന പദ്ധതികള്‍ക്കോ നിരോധനം ഏര്‍പ്പെടുത്തില്ലെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി വിജയ് ബഹുഗുണ പ്രഖ്യാപിച്ചു.
ഗംഗാനദി വിജയ് ബഹുഗുണയുടേതല്ലെന്നും മറിച്ച് രാജ്യത്തെ ജനങ്ങളുടേതാണെന്നും ഗംഗാനദിയെ സംരക്ഷിക്കുമെന്നും മുഖ്യമന്ത്രിയുടെ തീരുമാനത്തോടുള്ള പ്രതികരണമായി ജലസംരക്ഷണസമിതി അംഗം രാജേന്ദ്രസിംഗ് വ്യക്തമാക്കി.
ഗംഗാനദിയുടെ ശുചീകരണത്തിന് എല്ലാവിധ നടപടികളും സ്വീകരിക്കുമെന്ന് വാഗ്ദാനം നല്കി പിന്മാറിയ കോണ്‍ഗ്രസ് ഭരണത്തിനെതിരെയും പ്രധാനമന്ത്രിക്കെതിരെയും രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും രാജേന്ദ്രസിംഗ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഗംഗാനദിക്ക് കുറുകെയുള്ള 39 ഡാമുകളുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കിയില്ലെങ്കില്‍ പ്രതിഷേധപ്രകടനം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ഗംഗാനദി സംരക്ഷണം സംബന്ധിച്ചുള്ള കേന്ദ്രസര്‍ക്കാരിന്റെ അനാസ്ഥയില്‍ പ്രതിഷേധിച്ച് നാഷണല്‍ ഗംഗാ റിവര്‍ ബേസിന് അതോറിറ്റിയില്‍ (എന്‍ജിആര്‍ബിഎ)നിന്നും രാജിവെച്ചയാളാണ് വാട്ടര്‍മാന്‍ എന്നറിയപ്പെടുന്ന മാഗ്സസെ അവാര്‍ഡ് ജേതാവ് രാജേന്ദ്രസിംഗ്.
ദേവനദിയായ ഗംഗയുടെ പഴയ ഖ്യാതി തിരിച്ചുകൊണ്ടുവരിക, ക്രമാതീതമായി വര്‍ധിച്ച കോളിഫോം ബാക്ടീരിയയുടെ അളവില്‍ നിയന്ത്രണം വരുത്തുക എന്നീ കാര്യങ്ങള്‍ നടപ്പിലാക്കാന്‍ വേണ്ടി 2007 ലാണ് എന്‍ജിആര്‍ബിഎ രൂപീകരിച്ചത്.
ഇതിനുമുമ്പ് 80-കളുടെ മധ്യത്തില്‍ കോടിക്കണക്കിന് രൂപ നിക്ഷേപം നടത്തി ഗംഗാ ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചെങ്കിലും ഇതുവരെ ഒരു പുരോഗമനവും ഉണ്ടായില്ല. കൂടാതെ നദി ശുചീകരണത്തിനായി എട്ടുവര്‍ഷത്തെ പദ്ധതിക്കായി കഴിഞ്ഞവര്‍ഷം ലോകബാങ്ക് കേന്ദ്രസര്‍ക്കാരിന് ഒരു ബില്യണ്‍ ഡോളറിന്റെ ലോണ്‍ അനുവദിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: