മനുഷ്യന്റെ ചൈതന്യം, ആത്മാവ്, ജനനമരണങ്ങളറ്റ് എങ്ങും നിറഞ്ഞ് നില്ക്കുന്ന മനുഷ്യാത്മാവിന്റെ മഹത്ത്വങ്ങള്‍ കീര്‍ത്തിക്കാന്‍ സ്വയം വേദങ്ങള്ക്കുതന്നെ കഴിയുന്നില്ല. ഇതിന്റെ പ്രതാപത്തിനു മുമ്പില്‍ സൂര്യനക്ഷത്രാദികളുടെ വന്‍ പംക്തികള്‍ വെറും ബിന്ദുവാണ്. ഓരോ പുരുഷനും സ്ത്രീയും പോരാ, ഏറ്റവും ഉയര്‍ന്ന ദേവതകള്‍ മുതല്‍ നമ്മുടെ കാല്‍ച്ചോട്ടില്‍ ഇഴയുന്ന പുഴുക്കള്വരെയുള്ളതെല്ലാം വികസിച്ചതോ സങ്കോചിച്ചതോ ആയ ആത്മാവാണ്. തമ്മിലുള്ള ഭേദം വസ്തുവിലല്ല, അളവില്‍മാത്രം.
ആത്മാവിന്റെ അനന്തമായ ഈ ശക്തി ജഡത്തിന്മേല് വ്യാപിച്ചിരിക്കുമ്പോള്‍ ഭൗതികവികാസമുണ്ടാകുന്നു. ചിന്തയുടെ മേല്‍ വ്യാപരിക്കുമ്പോള്‍ ബുദ്ധിവികാസമുണ്ടാകുന്നു. അതിന്റെ മേല്‍തന്നെ വ്യാപരിക്കുമ്പോള്‍ അതു മനുഷ്യനെ ഈശ്വരനാക്കുന്നു.
ഒന്നാമതായി നമുക്ക് ഈശ്വരന്മാരാകാം; പിന്നെ, അങ്ങനെയാകുവാന്‍ മറ്റുള്ളവരെ സഹായിക്കാം. ‘ആയിത്തീരുക, ആക്കിത്തീര്‍ക്കുക’ ഇതാകണം നമ്മുടെ മുദ്രാവാക്യം. മനുഷ്യന് പാപിയാണെന്ന് പറയരുത്. മനുഷ്യന് ഈശ്വരനാണെന്ന് അവനോടു പറയുക. ഒരു ചെകുത്താന് ഉണ്ടെന്നു വന്നാല്‍ത്തന്നെ, നമ്മുടെ ചുമതല സദാ ഈശ്വരനെ സ്മരിക്കയാണ്, ചെകുത്താനെ സ്മരിക്കയല്ല.
ഒരു മുറി ഇരുള് നിറഞ്ഞതാണെന്നു കരുതുക. സദാ അങ്ങനെ വിചാരിച്ചതുകൊണ്ട് ഇരുള് മാറിപ്പോവില്ല. വെളിച്ചം കൊണ്ടുവരൂ. നിഷേധരൂപത്തിലുള്ളതെല്ലാം, വിനാശകരമായതെല്ലാം പോയിമറയുകതന്നെ ചെയ്യും. വിധായകവും സ്ഥാപകവും സര്ഗ്ഗപരവുമായി മരണമറ്റതും നിത്യവും ഉള്ളവരാണ് നാം’, ‘
ഉള്ളവാനാണീശ്വരന്’, ‘നാമീശ്വരനാണ’. ശിവോളഹം, ശിവോളഹം എന്നു നമുക്കു പറയാം. എന്നിട്ടു മുന്നേറാം. ജഡമല്ല ചൈതന്യം. നാമരൂപങ്ങളോടുകൂടിയവ നാമരൂപങ്ങളറ്റതിന് അധീനമാണ്. ശ്രുതികള്‍ പ്രഖ്യാപിക്കുന്ന നിത്യസത്യമിതാണ്. വെളിച്ചം കൊണ്ടുവരൂ. ഇരുള് തനിയേ മറഞ്ഞുകൊള്ളും. ആത്മശക്തി ആവിഷ്ക്കരിക്കുക, ഭാരതത്തില്‍ നെടുനീളെ അതു ചൊരിയുക. വേണ്ടതെല്ലാം സ്വയം വന്നുകൊള്ളും.
വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: