ന്യൂദല്‍ഹി: കള്ളപ്പണത്തിനെതിരെ യോഗ ഗുരു ബാബ രാംദേവ് നടത്തുന്ന പോരാട്ടങ്ങള്‍ക്ക് സമാജ് വാദി പാര്‍ട്ടിയുടെ പിന്തുണ. അഴിമതി വിരുദ്ധ സമരം നടത്തുന്ന ഹസാരെ സംഘത്തെ രൂക്ഷമായി വിമര്‍ശിച്ചതിന് തൊട്ടുപിന്നാലെയാണ് മുലായം സിംഗ് യാദവ് രാംദേവിന് പിന്തുണയറിയിക്കുന്നത്. വിദേശബാങ്കുകളില്‍ കെട്ടിക്കിടക്കുന്ന ഇന്ത്യന്‍ പണം തിരികെ കൊണ്ടുവരണമെന്നാവശ്യപ്പെട്ടുള്ള തന്റെ പ്രചാരണത്തിന് പിന്തുണ തേടി ബാബ രാംദേവ് മുലായത്തിന്റെ വസതിയിലെത്തിയിരുന്നു. ഒരു മണിക്കൂറിലേറെ നീണ്ടു നിന്ന കൂടിക്കാഴ്ചക്ക് ഒടുവിലാണ് കള്ളപ്പണത്തിനെതിരെയുള്ള രാം ദേവിന്റെ പ്രചാരണത്തെ പിന്തുണയ്‌ക്കുന്നതായി മുലായം സിംഗ് യാദവ് അറിയിച്ചത്. സമാജ് വാദി പാര്‍ട്ടി കള്ളപ്പണത്തിനെതിരാണെന്നും അദ്ദേഹം പറഞ്ഞു.
ജയപ്രകാശ് നാരായണ്‍, രാം മനോഹര്‍ ലോഹ്യ തുടങ്ങിയ നേതാക്കളുടെ കാലം മുതല്‍ തന്നെ കള്ളപ്പണത്തിനെതിരായ പോരാട്ടം തുടങ്ങിയിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ ഇതുവരെ കള്ളപ്പണം തിരിച്ചെത്തിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും മുലായം പറഞ്ഞു. ബാബ രാംദേവ് ഈ ശ്രമത്തെ ഊര്‍ജ്ജിതമാക്കുന്നത് സന്തോഷകരമാണെന്നും അദ്ദേഹം പറഞ്ഞു. ദല്‍ഹിയിലെ അശോക റോഡിലുള്ള മുലായത്തിന്റെ വസതിയില്‍ രാംദേവിനൊപ്പം ബിജെപി നേതാവ് ജസ്വന്ത് സിംഗും എത്തിയിരുന്നു. എന്നാല്‍ പത്ത് മിനിട്ടിന് ശേഷം അദ്ദേഹം മടങ്ങി. മറ്റ് രാഷ്‌ട്രീയനേതാക്കളെപ്പോലെ മുലായം സിംഗും അഴിമതിക്കാരനാണെന്ന ഹസാരെ സംഘാംഗം അരവിന്ദ് കേജ്‌രിവാളിന്റെ പ്രസ്താവന ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ഇത്തരം ആളുകള്‍ക്ക് താന്‍ പ്രാധാന്യം നല്‍കാറില്ല എന്നായിരുന്നു മുലായത്തിന്റെ പ്രതികരണം.
















