ന്യൂദല്‍ഹി: കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചതില്‍ അഴിമതിയാരോപിച്ച് ഹസാരെ സംഘാംഗമായ കിരണ്‍ ബേദിയും പ്രധാനമന്ത്രിക്കെതിരെ രംഗത്ത്. മഹാഭാരതകഥ വിവരിച്ചാണ് പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിനുമെതിരെ കിരണ്‍ബേദി വിമര്‍ശനമുന്നയിച്ചിരിക്കുന്നത്.
പ്രധാനമന്ത്രിയുടെ ഓഫീസ് പ്രധാനമന്ത്രിക്ക് ക്ലീന്‍ചിറ്റ് നല്കിയിരിക്കുന്നു. മഹാഭാരതത്തില്‍ ദ്രൗപതിയെ വസ്ത്രാക്ഷേപം ചെയ്യുമ്പോള്‍ കൗരവര്‍ക്കെതിരെ ഒന്നും ഉരിയാടാതിരുന്ന ധൃതരാഷ്ട്രരുടെ നിലപാടിന് തുല്യമാണ് പ്രധാനമന്ത്രിയുടെ മൗനം, ബേദി ട്വിറ്ററിലൂടെ ആരോപിക്കുന്നു. കിരണ്‍ ബേദിയുടെ വിമര്‍ശനത്തെ പിന്തുണച്ച് ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്. മന്‍മോഹന്‍സിംഗിനും യുപിഎ മുന്നണിക്കുമെതിരെയുള്ള അഴിമതിയാരോപണങ്ങള്‍ അന്വേഷിക്കണമെന്നും സത്യസന്ധതയുടെ മുഖംമൂടി അണിഞ്ഞ് നടക്കുന്ന മന്മോഹന്റെ യഥാര്‍ത്ഥ മുഖം പുറത്തുകൊണ്ടുവരണമെന്നും ബിജെപി ആവശ്യപ്പെട്ടു.
ഹസാരെസംഘം ലക്ഷ്യംവെക്കുന്നത് ഫലപ്രദമായ ലോക്പാല്‍ബില്‍ നിയമ പ്രാബല്യത്തില്‍ വരുത്താന്‍ സാധിക്കുന്ന കേന്ദ്ര സര്‍ക്കാരിനെ തന്നെയാണെന്നും ലക്ഷ്യം നേടുംവരെ സമരം തുടരുമെന്നും കിരണ്‍ബേദി ട്വിറ്ററില്‍ വ്യക്തമാക്കി.
പ്രധാനമന്ത്രിക്കും മറ്റ് പതിനാല് കേന്ദ്രമന്ത്രിമാര്‍ക്കുമെതിരെയുള്ള അഴിതിയാരോപണങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തെ നിയമിക്കണമെന്ന് ഹസാരെ സംഘത്തിന്റെ ആവശ്യം പ്രധാനമന്ത്രിയുടെ ഓഫീസ് കഴിഞ്ഞദിവസം നിരസിച്ചിരുന്നു. എംപിമാര്‍ക്കെതിരെയുള്ള അഴിമതിയാരോപണങ്ങള്‍ അന്വേഷിക്കാന്‍ അതിവേഗ കോടതി സ്ഥാപിക്കുമെന്ന ഉറപ്പ് മാത്രമാണ് പിഎംഒ നല്‍കിയിരിക്കുന്നത്. ഹസാരെക്ക് ചുറ്റും രാജ്യദ്രോഹികളാണെന്നും ഇക്കൂട്ടര്‍ക്ക് വിദേശശക്തികളുടെ സഹായം ലഭിക്കുന്നതുമായുള്ള ആരോപണവുമായി പ്രധാനമന്ത്രിയുടെ ഓഫീസിലെ സഹമന്ത്രി വി.നാരായണസ്വാമി കഴിഞ്ഞദിവസം ഹസാരെ സംഘത്തിനെതിരെ രംഗത്തെത്തിയിരുന്നു.
അഴിമതിയെ ചോദ്യം ചെയ്യാനുള്ള ഹസാരെ സംഘത്തിന്റെ മനോഭാവം നല്ല ആശയമാണെന്നും എന്നാല്‍ ഇത് വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയല്ല ഉപയോഗിക്കേണ്ടതെന്നും ബേദിയുടെ ട്വിറ്ററിന് മറുപടിയായി നിയമമന്ത്രി സല്മാന് ഖുര്‍ഷിദ് പറഞ്ഞു. സമയമടുക്കുമ്പോള്‍ ഹസാരെ സംഘത്തിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്നും ഖുര്‍ഷിദ് പറഞ്ഞു.
ഹസാരെ സംഘത്തിനെതിരെയും അഴിമതിയാരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. എന്തുകൊണ്ട് സംഘം അവര്‍ക്കെതിരെ ഒരന്വേഷണം ആവശ്യപ്പെടുന്നില്ല? ജനാധിപത്യവ്യവസ്ഥ നിലനില്‍ക്കുന്ന ഒരു രാജ്യത്തിന് ഹസാരെ സംഘം അനുയോജ്യരാണെന്ന് താന്‍ കരുതുന്നില്ലെന്നും ഖുര്‍ഷിദ് പറഞ്ഞു.
അഴിമതിയാരോപണം നിലനില്‍ക്കുന്നുണ്ടെങ്കിലും മന്‍മോഹന്‍സിംഗ് സംശയാതീതനാണ്. പക്ഷേ, അഴിമതിയില്‍ മുങ്ങിക്കുളിച്ച ഒരു സര്‍ക്കാരിനെ നയിക്കേണ്ടി വരുമ്പോള്‍ സംശയത്തിന്റെ നിഴല്‍ പതിക്കുന്നത് സ്വാഭാവികമാണെന്ന് കേന്ദ്രമന്ത്രിമാര്‍ക്കെതിരെയുള്ള അഴിമതിയാരോപണങ്ങള്‍ അന്വേഷിക്കണമെന്ന ആവശ്യത്തോട് പ്രതികരിക്കവെ ബിജെപി നേതാവ് മുക്താര്‍ അബ്ബാസ് നഖ്വി വ്യക്തമാക്കി.
അതിനിടെ, ഹസാരെ സംഘത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി വയലാര്‍ രവി. അഴിമതിക്കെതിരെ സമരത്തിനിറങ്ങിയിരിക്കുന്ന അണ്ണാ ഹസാരെയും സംഘവും അത്ര നിഷ്കളങ്കരല്ലെന്നും രാജ്യത്തിന്റെ രാഷ്ട്രീയ സ്ഥിതി അസ്ഥിരപ്പെടുത്താനുള്ള ഗൂഢാലോചനയാണ് സംഘം നടത്തുന്നതെന്നും വയലാര്‍ രവി ആരോപിച്ചു. ഇന്ത്യയുടെ പുരോഗതി ആഗ്രഹിക്കാത്ത ചിലരാണ് ഗൂഢാലോചനയ്ക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. മാഗ്സസെ പോലുള്ള അന്താരാഷ്ട്ര അവാര്‍ഡുകള്‍ നേടാന്‍ അണ്ണ ഹസാരെയും കിരണ്‍ ബേദിയും അരവിന്ദ് കേജ്രിവാളും എന്ത് സംഭാവനയാണ് രാജ്യത്തിന് നല്‍കിയിട്ടുള്ളതെന്നും അദ്ദേഹം ചോദിച്ചു. പുരസ്കാരം നല്‍കിയതിന് പിന്നിലെ ഉദ്ദേശ്യത്തെക്കുറിച്ച് തനിക്ക് സംശയമുണ്ട്. പുരസ്ക്കാരത്തിന് ധനസഹായം നല്‍കുന്നത് അമേരിക്കന്‍ സംഘടനകളാണെന്നും വയലാര്‍ രവി ചൂണ്ടിക്കാട്ടി. കിരണ്‍ ബേദിക്കോ കേജ്രിവാളിനോ തങ്ങള്‍ അഴിമതിരഹിതരാണെന്ന് അവകാശപ്പെടാന്‍ ഒരിക്കലും സാധിക്കില്ല. ഹസാരെ സംഘം വന്‍തുക കൈപ്പറ്റുന്നു എന്ന് കേന്ദ്രമന്ത്രി നാരായണസ്വാമിയുടെ പ്രസ്താവന താന്‍ ആവര്‍ത്തിക്കുന്നെന്നും വയലാര്‍ രവി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: