ന്യൂദല്‍ഹി: ബിജെഡി, എഐഎഡിഎംകെ തുടങ്ങിയ പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണയോടെ രാഷ്ട്രപതി തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്ന എന്‍സിപി നേതാവ് പി.എ.സാംഗ്മ കഴിഞ്ഞ ദിവസം പ്രമുഖ ബിജെപി നേതാവ് എല്‍.കെ.അദ്വാനിയുമായി കൂടിക്കാഴ്ച നടത്തി.
രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പിന്തുണ ആവശ്യപ്പെട്ടായിരുന്നു അദ്ദേഹം അദ്വാനിയുമായി കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയില്‍ എന്താണ് ചര്‍ച്ച ചെയ്തതെന്ന കാര്യം പുറത്തുവിട്ടിട്ടില്ല. രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സാംഗ്മ ചര്‍ച്ച ചെയ്തതെന്നാണ് ചില റിപ്പോര്‍ട്ടുകള്‍.
ദളിതനെന്ന് സ്വയം വിശേഷിപ്പിക്കുന്ന സാംഗ്മ വടക്ക് കിഴക്കന്‍ ഭാഗത്തുനിന്നുള്ള ക്രിസ്ത്യന്‍ സമുദായാംഗമാണ്. അദ്ദേഹം അടുത്തയാഴ്ച രാഷ്ട്രപതി തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാന്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കും. മുന്‍ ലോക്സഭാ സ്പീക്കറായ സാഗ്മ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അദ്ദേഹം പിന്തുണ ആവശ്യപ്പെട്ട് പാര്‍ട്ടി നേതാക്കളായ സുഷമസ്വരാജ്, അരുണ്‍ ജെയ്റ്റ്ലി, പ്രകാശ് കാരാട്ട്, നിതീഷ് കുമാര്‍, ഡി.രാജ, മുലായം സിംഗ് തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
രാഷ്ട്രപതി സ്ഥാനത്തേക്ക് ഒരു ദളിത് സ്ഥാനാര്‍ത്ഥിയെ പിന്തുണക്കുമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗുമായും കേന്ദ്ര ധനകാര്യമന്ത്രി പ്രണബ് മുഖര്‍ജിയുമായും കൂടിക്കാഴ്ച നടത്താന്‍ അനുമതി തേടിയിരിക്കുകയാണ് അദ്ദേഹം.
സോണിയയുടെ വിദേശ പൗരത്വത്തെ എതിര്‍ത്ത സാംഗ്മ 1999 ല്‍ കോണ്‍ഗ്രസ് വിട്ട് ശരത്പവാറിന്റെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയുമായി കൈകോര്‍ക്കുകയായിരുന്നു. രാജ്യത്തിന്റെ പരമോന്നത സ്ഥാനത്തേക്ക് എത്താന്‍ മത്സരിക്കുന്ന ആദ്യത്തെ ദളിത് നേതാവായ സാംഗ്മയ്ക്ക് പ്രാദേശിക പാര്‍ട്ടികളായ എഐഎഡിഎംകെയുടെയും ബിജെഡിയുടേയും എല്ലാ പിന്തുണയുമുണ്ട്. മറ്റു പാര്‍ട്ടികളോടും ദളിത് നേതാവായ തന്നെ പിന്തുണക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
ഒരു ദളിതന് രാജ്യത്തിന്റെ പരമോന്നത സ്ഥാനത്ത് എത്തുന്നതോടെ രാജ്യത്ത് നിലനില്‍ക്കുന്ന സായുധ കലാപത്തിന് അവസാനമാകുമെന്നും കൂടാതെ വടക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ നിലനില്‍ക്കുന്ന മാവോയിസം, നക്സലിസം, കലാപം തുടങ്ങിയ പ്രധാന പ്രശ്നങ്ങള്‍ക്ക് അവസാനം കുറിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: