ന്യൂദല്‍ഹി: സിയാച്ചിനിലെ സൈനിക വിന്യാസം സംബന്ധിച്ച് ഇന്ത്യയുടെ നിലപാട് പാക്കിസ്ഥാനുമായുള്ള അടുത്ത ചര്‍ച്ചകളില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. കാബിനറ്റിന്റെ സുരക്ഷാസമിതി ഇക്കാര്യം ഇന്നലെചര്‍ച്ച ചെയ്യുകയും ഏറ്റവും അടുത്തുതന്നെ ഈ വിഷയത്തില്‍ ഒരു തീരുമാനമെടുക്കുവാന്‍ സാധിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഈ മാസം 11, 12 തീയതികളില്‍ ഇസ്ലാമാബാദില് നടക്കുന്ന യോഗത്തില്‍ ഇരുരാഷ്ട്രങ്ങളിലേയും പ്രതിരോധ സെക്രട്ടറിമാര്‍ ചര്‍ച്ച നടത്തുമെന്നും രണ്ട് ദശകമായി ഇരുരാഷ്ട്രങ്ങള്‍ക്കുമിടയില്‍ നില്ക്കുന്ന പ്രശ്നത്തിന് പരിഹാരം കാണാനാകുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ മാസം നടന്ന പ്രതിരോധ സെക്രട്ടറിമാരുടെ ചര്‍ച്ചയില്‍ ഒരു തരത്തിലുള്ള ഫലങ്ങളും ആരും പ്രതീക്ഷിച്ചിരുന്നില്ലെന്ന് പ്രതിരോധമന്ത്രി എ.കെ. ആന്റണി പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു.
സിയാച്ചിന്‍ പ്രശ്നം പരിഹരിക്കുന്നതിന് ഇരുരാഷ്ട്രങ്ങളും നിരവധിതവണ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്.
ഏപ്രിലില്‍ സിയാച്ചിനിലുണ്ടായ മഞ്ഞിടിച്ചിലില്‍ 129 ഓളം സൈനികര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് സിയാച്ചിന്‍ പ്രശ്നം വീണ്ടും ഉയര്‍ന്നുവന്നത്. സിയാച്ചിനില്‍നിന്ന് സൈന്യം പിന്‍വാങ്ങണമെന്ന് പാക്കിസ്ഥാന് സൈനിക മേധാവി അഷ്ഫാഖ് പര്‍വേസ് കയാനി അടുത്തിടെ പറഞ്ഞിരുന്നു. എന്നാല്‍ പാക്കിസ്ഥാന് ഏകപക്ഷീയമായി പിന്മാറില്ലെന്നും അറിയിച്ചിരുന്നു. എന്നാല്‍ പാക് സൈനിക മേധാവിയുടെ അഭിപ്രായത്തെ ഇന്ത്യയിലെ മുന്‍ സൈനികമേധാവി വി.കെ. സിംഗ് തള്ളിക്കളഞ്ഞിരുന്നു.
സിയാച്ചിനിലെ സംഭവത്തിന് തൊട്ടുപിന്നാലെയാണ് പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി ഇന്ത്യാ സന്ദര്‍ശനത്തിനായി എത്തുന്നത്. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗുമായി സിയാച്ചിന്‍ പ്രശ്നത്തെക്കുറിച്ച് അനൗദ്യോഗികമായി ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: