പെരിയാറിലെ മത്സ്യക്കുരുതിയും കുടിവെള്ളം ഉപയോഗശൂന്യമായതും ജനങ്ങളില്‍ അമ്പരപ്പ് ഉളവാക്കിയിരിക്കുകയാണ്. പുഴയെ നശിപ്പിച്ചവരും പുഴ മത്സ്യങ്ങളെ കൊന്നൊടുക്കിയവരും വ്യവസായ ഗ്രാമത്തില്‍ ഉണ്ടായിട്ടും അവരെ പിടിക്കാന്‍ കഴിഞ്ഞിട്ടില്ലയെന്നതാണ് നമ്മുടെ ദുര്യോഗം.
മാറി മാറി കേരളം ഭരിക്കുന്നവരുടെ വാഗ്ദാനമായ പരിസ്ഥിതി പോലീസും പരിസ്ഥിതി കോടതിയും പെരിയാര്‍ റിവര്‍ മാനേജ്മെന്റും അതോറിറ്റിയും ജല്പ്പനങ്ങള് ആയി തുടരുന്നു. അത് വികസനത്തിന്റെ ഭാഗമല്ലാതായിരിക്കുന്നു. വികസന ഭാഗമായത് രാസവ്യവസായങ്ങളും കീടനാശിനികളും കെട്ടിട നിര്‍മാതാക്കളും അറവുശാലക്കാരും കക്കൂസ് മാലിന്യ ടാങ്കര്‍ ഉടമകളും കുടിവെള്ള ടാങ്കര്‍ ലോറി ഉടമകളും ഗാര്‍ഹിക മാലിന്യക്കാരുമാണ്. ഏലൂര്‍ എടയാര്‍ വ്യവസായ മേഖലയില്‍ മലിനീകരണ സംസ്ക്കരണ ഉപകരണങ്ങള്‍ ഉണ്ട് എന്ന് പ്രധാനപ്പെട്ട രാസവ്യവസായ ശാലകള്‍ ആണയിടുമ്പോഴും മലിനജലം ഒഴുകുന്നു. ധിക്കാരത്തോടെ പുഴ മലിനമാക്കുന്നവരുടെ ധാര്‍ഷ്ട്യം അവരെ ചില രാഷ്ട്രീയ ട്രേഡ് യൂണിയന് നേതൃത്വം സഹായിക്കുന്നു എന്നതിനാലാണ്. ഉപഭോക്താക്കള്‍ക്കും നാട്ടുകാര്‍ക്കും ചോദ്യചിഹ്നമായി നിലനില്ക്കുന്നു.
പുഴയില്‍ ഓക്സിജന്റെ അളവ് കുറഞ്ഞതിനാലാണ് മത്സ്യം ചത്തത് എന്ന് പൊലൂഷന്‍ കണ്ട്രോള് ബോര്‍ഡ് വ്യക്തമാക്കുന്നു. എന്നാല്‍ പുഴ മത്സ്യങ്ങള്‍ ഓക്സിജന്‍ ലഭിക്കാതെ വന്നാല്‍ പലായനം ചെയ്യുന്ന പതിവുണ്ട്. എന്നാല്‍ ഇവിടെ മത്സ്യസമ്പത്തിന് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. മരണം സംഭവിച്ചു. എങ്ങനെ? കളമശ്ശേരി മാലിന്യ ഡംബിംഗ് യാര്‍ഡിലെ നിര്‍മാണ പ്രവര്‍ത്തന വേളയില്‍ അവിടുന്ന് ഒലിച്ചിറങ്ങിയ വിഷദ്രാവകം തുമ്പുക്കല്‍ തോടുവഴി പെരിയാറ്റിലേക്ക് ഒഴുകി. അത് മഞ്ഞുമ്മല്‍ സ്ലൂയിസ് കം ബ്രിഡ്ജിന്റെ അടഞ്ഞ ഷട്ടറില്‍ തടഞ്ഞുനിന്നു പരന്നു. മരണവെപ്രാളത്തില്‍ പിടഞ്ഞ മത്സ്യങ്ങള്‍ക്ക് മഞ്ഞുമ്മല്‍ ബണ്ട് കടന്നുപോകാന്‍ കഴിഞ്ഞില്ല.
തുടര്‍ന്ന് മരണവെപ്രാളത്തില്‍ പിടഞ്ഞ മത്സ്യങ്ങള്‍ കരിമീന്‍, ഞണ്ട്, പാലാങ്കണ്ണി, പൂളാന്‍, പള്ളത്തി, മതിരാന്‍, തിരുത, കട്ല തുടങ്ങിയവ രക്ഷപ്പെടാന്‍ പടിഞ്ഞാറോട്ട് നീങ്ങി. ഇതിനിടയില്‍ ചില വ്യവസായ സ്ഥാപനങ്ങള്‍ തുറന്നിട്ട മലിനജലം പാതാളം ബണ്ട് തടഞ്ഞുനിര്‍ത്തി അവിടെക്കിടന്നും മത്സ്യങ്ങള്‍ ചത്തു. അവിടെ ദുര്‍ഗന്ധപൂരിതമായി. ഷട്ടര്‍ ഇടയ്ക്ക് തുറന്നുവിട്ടു. അപ്പോഴേക്കും ഇരുമ്പിന്റെ അംശം അധികമായി. ഓരിന്റെ അംശവും അല്‍പ്പം ഉയര്‍ന്നു. അങ്ങനെ പുഴ വെള്ളം കുടിവെള്ളത്തിന് യോജ്യമല്ലെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു. പുഴയുടെ വൈദ്യന്മാരാണ് പൊലൂഷന്‍ കണ്ട്രോള് ബോര്‍ഡും വാട്ടര്‍ അതോറിറ്റിയും. ഈ രണ്ടു കൂട്ടരും ചതിയന്‍ ചന്തുമാരാണ്.
പുഴ മലിനമായത് പിസിബിക്ക് അറിവു കിട്ടിയാല്‍ മണിക്കൂര്‍ ഒന്നു കഴിഞ്ഞാല്‍ മാത്രമേ അവര്‍ സാമ്പിള്‍ ശേഖരിക്കുകയുള്ളൂ. നാട്ടുകാര്‍ പ്രതിഷേധിച്ചാല്‍ സുഖമായി. പിന്നെ ഒരാഴ്ച കഴിഞ്ഞ് അറിയിപ്പ് കൊടുത്ത് പരിശോധന. ഇതാണ് ഇപ്പോഴത്തെ രീതി.
പുഴവെള്ളം ഉപയോഗ്യ യോഗ്യമാണോയെന്ന് വിധിക്കേണ്ടത് വാട്ടര്‍ അതോറിറ്റിയാണ്. അവരുടെ പമ്പ് ഹൗസുകളില്‍ ആലവും ക്ലോറിനും ചേര്‍ത്ത് പമ്പ് ചെയ്യുന്നുണ്ട്. ആ ജലം അണുവിമുക്തമാണ്. പക്ഷേ മാലിന്യ മുക്തമല്ല. പക്ഷേ പുഴയില്‍നിന്ന് നേരിട്ട് ശേഖരിക്കുന്നവര്‍ നല്കുന്ന വെള്ളം ചില സമയങ്ങളില്‍ അപകടകാരിയായിരിക്കും. അത് തിരിച്ചറിയുകയും വേണം.
കുഴിക്കണ്ടം തോട് ഏലൂരില്‍ കുപ്രസിദ്ധമാണ്. കാര്‍ബോണിക് വിഷവസ്തുക്കള്‍ അടിഞ്ഞു കൂടിയ കുഴിക്കണ്ടം തോട്ടിലെ മലിനജലം ചൗക്ക വേമ്പനാട്ട് കായലിലേക്ക് തുറന്നുവെച്ചിരിക്കുന്നു. ഇവിടെയെത്തുന്ന മലിനജലം സാന്ദ്രത കുറഞ്ഞ വിഷവസ്തുക്കളും വളരെ എളുപ്പത്തില്‍ മുട്ടാര്‍ പുഴയിലെത്തിച്ചേരുന്നു. ഇത് 1999 ലെ ഗ്രീന്‍ പീസ് പഠന റിപ്പോര്‍ട്ടാണ്. അതുപോലെ തന്നെ നദിയിലെ സെഡിമെസ്റ്റസ് പരിശോധിച്ചാല്‍ മാരകമായ അളവില്‍ ലെഡ്, കാഡ്മിയം, സിങ്ക്, ക്രോമിയം, നിക്കല്‍, മഗ്നീഷ്യം, അയേണ്‍ കീടനാശിനി ഇവയെല്ലാം പരിശോധനയില്‍ കണ്ടെത്തിയവയില്പ്പെടുന്ന ഇനങ്ങള്‍ ആണ്. എന്തിനേറെ പറയുന്നു, ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഇന്റര്‍ ഡിസിപ്ലിനറി സയന്‍സ് ആന്റ് ടെക്നോളജി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അറുപത്തിനാല് സാമ്പിളുകളില്‍ മൂന്ന് എണ്ണം ഒഴിച്ച് എല്ലാറ്റിലും വിഷാംശം ഉണ്ടെന്ന് പറഞ്ഞിരിക്കുന്നു. ഇതില്‍നിന്നും മലിനീകരണത്തിന്റെ ആഴവും പരപ്പും മനസ്സിലാക്കാന്‍ കഴിയും.
മറ്റൊന്ന് കളമശ്ശേരി നഗരസഭയുടെ ഡമ്പിംഗ് യാര്‍ഡ് നാഷണല്‍ ഹൈവേക്ക് അരികിലും തുമ്പുക്കല്‍ തോടിന് സമീപവുമാണ് സ്ഥിതി ചെയ്യുന്നത്. ഇനി അവിടെ ഒരു മലിനീകരണ സംസ്ക്കരണ ഫാക്ടറിയും വരുന്നുണ്ടത്രെ.
എന്തായാലും ഈ ഭാഗത്താണ് സെപ്ടിടാങ്ക് മാലിന്യം, അറവ് മാലിന്യം, ഗാര്‍ഹിക ഉപഭോക്താക്കള്‍ കിറ്റിലാക്കിയ മാലിന്യം പേറുന്ന ഇടം എന്നത് ശ്രദ്ധേയമാണ്. ഇവിടുന്ന് ഒലിച്ചിറങ്ങുന്ന ദ്രാവകങ്ങള്‍ തുമ്പുക്കല്‍ തോടുവഴി പെരിയാറില്‍ എത്തുന്നു. പരിശോധനയില്‍ എടമുള ഭാഗം വരെ കോളിഫോം ബാക്ടീരിയയുടെ അളവ് വളരെ കൂടുതലാണെന്നത് നമ്മളെ ഏവരേയും ഞെട്ടിക്കുന്നു.
ഇവിടെ അടിവരയിട്ട് ഓര്‍ക്കേണ്ട പ്രധാന കാര്യം പെരിയാറിനെ കുറിച്ച് പഠിച്ച ജി.മധുസൂദന കുറുപ്പിനെ പോലെയുള്ളവര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ നദിയുടെ മൃതതുല്യ അവസ്ഥ വിവരിക്കുന്നുണ്ട്. ആവാസ വ്യവസ്ഥയിലെ ഘടന, രാസഗുണം, ജൈവവൈവിധ്യം, പരിസ്ഥിതി ഘടകങ്ങളുമായുള്ള ബന്ധം ഇങ്ങനെയുള്ള പഠനവും നിരീക്ഷണവും ഗൗരവതരമായ നീക്കങ്ങളാണ് വേണ്ടതെന്ന് രേഖപ്പെടുത്തിയിരുന്നു. റിപ്പോര്‍ട്ടില്‍ ഒരു നദിയില്‍ രാസഭൗതിക ഘടകങ്ങള്‍ അറുപത്തി എട്ട് എണ്ണം വരുമെന്നും അതില്‍ അന്‍പത് എണ്ണമെങ്കിലും നദിയില്‍ ഉണ്ടാവണമെന്നും എന്നാല്‍ പെരിയാറില്‍ ഇരുപതോളം ഘടകങ്ങളെ ഉള്ളൂ എന്നു പറയുന്നത് ഗൗരവതരമല്ലേ? അതുകൊണ്ട് മുപ്പത്തിയഞ്ച് ഇനം മത്സ്യങ്ങള്‍ ഉണ്ടായിരുന്നിടത്ത് പന്ത്രണ്ട് ഇനമായി ചുരുങ്ങിയെന്നത് ആരേയും ഇരുത്തി ചിന്തിപ്പിക്കുന്നതാണ്.
നദിയെ സംരക്ഷിക്കേണ്ടവര്‍, ഉപയോഗിക്കുന്നവര്‍, ആരാധിക്കുന്നവര്‍ ഹിംസാലുക്കള്‍ ആകുന്നുയെന്നത് പരിസ്ഥിതി പ്രവര്‍ത്തകരെ ഏറെ വേദനിപ്പിക്കുന്നു. എന്തായാലും പരിസ്ഥിതി നദീ സംരക്ഷകരുടെ ഇടപെടലുകളും പ്രതികരണവും നദിയുടെ ഘാതകര്‍ക്കും പ്രേരിപ്പിച്ച ഗൂഢസംഘത്തിനും താക്കീതായിത്തീരുന്നു എന്നത് നല്ലതുതന്നെ.
പുഴ മലിനമായപ്പോള്‍ വിശാല കൊച്ചിയില്‍ മാത്രം 350 ടാങ്കര്‍ ലോറികളില്‍ ഏകദേശം മൂന്ന് ട്രിപ്പ് വെച്ച് വെള്ളം എത്തിച്ച് കൊടുക്കുന്നു. ഒരു ലോറിയില്‍ 20,000 ലിറ്റര്‍ വെള്ളം കൊള്ളും. 20,000 ലിറ്റര്‍ വെള്ളത്തിന് 100 രൂപ, ലോറിവാടക 1400 രൂപ ലോറി വാടക ഇനിയും കൂടും. ഒരു ദിവസം കൊച്ചിയില്‍ 1000 ടാങ്കര്‍ ലോറി വെള്ളം അനിവാര്യമെന്ന് അനൗദ്യോഗിക കണക്ക് സൂചിപ്പിക്കുന്നു. അഥവാ ടാങ്കര്‍ ലോറി വാടക മാത്രം പ്രതിദിനം പതിനാല് ലക്ഷം രൂപ വരും. ഒരു മാസം അഞ്ചുകോടി ഇരുപത് ലക്ഷം രൂപ ഈ ഇനത്തില്‍ ചെലവഴിക്കപ്പെടും. അവസാനം കുടിവെള്ളവും നടപ്പാതപോലെ ബിഒടിയിലെത്തിച്ചേരും. വമ്പന്‍ സ്രാവുകളുടെ കുരുട്ട് ബുദ്ധിയില്‍ ഭരണകൂടവും രാഷ്ട്രീയ നേതൃത്വവും വായ്ക്കല് കൈപൊത്തി നില്ക്കും. ജനം നരകിക്കും.
കടലിലേക്ക് ഒഴുകുന്ന 1000 എംഎല്‍ഡി ജലം നഷ്ടപ്പെടാതിരിക്കാനും പുഴ മലിനമാകാതെ നോക്കാനും പരിസ്ഥിതി പ്രവര്‍ത്തകരെ സഹായിക്കാന്‍ എല്ലാ മേഖലകളിലെയും ജനം സഹകരിച്ചാല്‍ ശുദ്ധജലം ബിഒടി വ്യവസ്ഥയില്‍ തരാന്‍ തയ്യാറായി നില്‍ക്കുന്നവരെ പാഠം പഠിപ്പിക്കാന്‍ നമുക്ക് കഴിയും.
ഏലൂര്‍ ഗോപിനാഥ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: