ശ്രീനഗര്‍: ജൂണ്‍ 24 ന് ആരംഭിക്കുന്ന അമര്‍നാഥ് യാത്രക്ക് രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍നിന്ന് മൂന്ന് ലക്ഷം തീര്‍ത്ഥാടകര്‍ രജിസ്റ്റര്‍ ചെയ്തതായി അധികൃതര്‍ അറിയിച്ചു.പഹല്‍ഗാം അടിവാര ക്യാമ്പില്‍ നടന്ന തീര്‍ത്ഥാടനത്തിന്റെ മുന്നൊരുക്കങ്ങളെക്കുറിച്ച് നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കേന്ദ്ര ആഭ്യന്തര സ്പെഷല്‍ സെക്രട്ടറി അശോക് ചാഡ തെക്കന്‍ കാശ്മീരിലെ പഹല്‍ഗാം അടിവാരക്യാമ്പില്‍നിന്നും ഉത്തര കാശ്മീരിലെ പിര്‍പാഞ്ചലിലുള്ള അമര്‍നാഥ് ഗുഹവരെയുള്ള മഞ്ഞ് മൂടിക്കിടക്കുന്ന പാതകളുടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ജൂണ്‍ 10 നകം പൂര്‍ത്തിയാകുമെന്നും അധികൃതരറിയിച്ചു.
സമാധാനപൂര്‍ണമായ യാത്രക്കുവേണ്ടി പോലീസ്, അര്‍ദ്ധസൈനികര്‍, സൈനികര്‍ തുടങ്ങിയവരുടെ എല്ലാവിധ സഹായവും ആവശ്യപ്പെട്ടതായി ചാഡ പറഞ്ഞു. ജൂണ്‍ 24 ന് ആരംഭിച്ച് ഓഗസ്റ്റ് രണ്ടിന് അവസാനിക്കുന്ന അമര്‍നാഥ് തീര്‍ത്ഥാടനത്തിന് രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍നിന്ന് മൂന്ന് ലക്ഷം തീര്‍ത്ഥാടകരാണ് അപേക്ഷിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തീര്‍ത്ഥാടകര്‍ വിശ്രമിക്കുന്ന ചന്ദാന്‍വരി, ശേഷാങ്ങ്, പഞ്ചരണി, അമര്‍നാഥ് ഗുഹ തുടങ്ങിയ സ്ഥലങ്ങളില്‍ അവര്‍ക്കാവശ്യമായ അരി, പഞ്ചസാര, ഗോതമ്പ്, വിറക്, മരുന്നുകള്‍, ഓക്സിജന്‍ സിലണ്ടറുകള്‍, ടെന്റ്, കുടിവെള്ളം തുടങ്ങിയ അത്യാവശ്യ സാധനങ്ങള്‍ സംഭരിച്ച് വയ്ക്കണമെന്ന് വിവിധ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തീര്‍ത്ഥാടകര്‍ക്ക് ആശയവിനിമയത്തിനും സുരക്ഷക്കുമായി ബിഎസ്എന്‍എല്ലിന്റെ സാറ്റലൈറ്റ് ടവറുകളും സ്ഥാപിക്കും.
മുന്‍കാല റെക്കോര്‍ഡുകള്‍ തിരുത്തിയെഴുതിക്കൊണ്ട് കഴിഞ്ഞവര്‍ഷം 6,30,000 തീര്‍ത്ഥാടകരാണ് അമര്‍നാഥ് യാത്രക്കെത്തിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: